അങ്ങട് തട്ടി.. ഇങ്ങട് തട്ടി ഞമ്മളെ കോഴിക്കോട്
text_fieldsകോഴിക്കോട്: തിങ്ങിനിറഞ്ഞ കാണികൾക്കു മുന്നിൽ ചന്തത്തിലുള്ള കളിക്കാഴ്ചയൊരുക്കി സൂപ്പർ ലീഗ് കേരള ഫൈനലിലേക്ക് കാലെടുത്തുവെച്ച് കാലിക്കറ്റ് എഫ്.സി. തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയെ 2-1ന് തകർത്താണ് ഫൈനൽ മത്സരത്തിലേക്ക് ടിക്കറ്റെടുത്തത്.
11ാം മിനിറ്റിൽ കാലിക്കറ്റിന്റെ ഫോർവേഡ് ഗനി അഹമ്മദ് നിഗം വലതുവിങ്ങിലൂടെ പന്തുമായെത്തി പെനാൽറ്റി ബോക്സിന് മീറ്ററുകൾക്കകലെ വെച്ച് കൊമ്പൻസിന്റെ ഗോൾ പോസ്റ്റിലേക്ക് നീളൻ ഷൂട്ട് തിർത്തെങ്കിലും ബാറിന് തൊട്ടുമുകളിലൂടെ പുറത്തേക്ക് പറന്നു. 40ാം മിനിറ്റിൽ കാലിക്കറ്റിന്റെ ബോക്സിൽ പന്തുമായി കടന്ന കൊമ്പൻസിന്റെ ബ്രസീലിയൻ താരം ഒട്ടേമർ ബിസ്പോയെ ആതിഥേയ ഡിഫൻഡർ റിച്ചാർഡ് ഒസേയ് ഫൗൾ ചെയ്തത് വിനയായി. ഒട്ടേമർ എടുത്ത പെനാൽറ്റി കിക്ക് കാലിക്കറ്റിന്റെ ഗോൾകീപ്പർ വിശാൽ ജൂണിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. കൊമ്പൻസ് മുന്നിൽ.
60ാം മിനിറ്റിൽ കാലിക്കറ്റിന്റെ ഏറ്റവും മികവാർന്ന കളി ഗോളിൽ കലാശിക്കുകയായിരുന്നു. എതിരാളികളുടെ കാലുകൾക്കിടയിലൂടെ റാഫേൽ നൽകിയ പന്ത് ഫോർവേഡ് ബ്രെറ്റോ അറ്റൻഡ് ചെയ്ത് അടക്കത്തിലും ഒതുക്കത്തിലും കൊമ്പൻസിന്റെ ഗോൾ കീപ്പർ സാന്റോസിന്റെ തൊട്ടു മുന്നിലുണ്ടായിരുന്ന ജോൺ കെന്നഡി അറ്റന്റ് ചെയ്ത് വല കുലുക്കി 1 -1 സമനില പിടിച്ചു. അരഡസനോളം അവസരങ്ങൾ മുതലെടുക്കാൻ കഴിയാതിരുന്ന കാലിക്കറ്റ് 73ാം മിനിറ്റിൽ 2-1 ലീഡാക്കി. ജോൺ കെന്നഡി ബൈസിക്കിൾ ഷോട്ടിലൂടെ എടുത്ത പന്ത് ബാറിൽ തട്ടി തിരിച്ചെത്തവെ കോഴിക്കോട്ടുകാരൻ ഗനി പോസ്റ്റിന്റെ മധ്യത്തിൽനിന്ന് വെടിച്ചില്ലു കണക്കെ ഉതിർത്ത ഷോട്ട് ഗോൾവലയെ പിന്നിലേക്കെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.