സൂപ്പർ ലീഗ് കേരള കലാശപ്പോരാട്ടം ഇന്ന്; കൊച്ചിയുടെ കരുത്തായി അർജുനും അമീനും
text_fieldsമഞ്ചേരി: സൂപ്പർ ഹിറ്റായ പ്രഥമ സൂപ്പർ ലീഗ് കേരളയിൽ കലാശപ്പോരാട്ടത്തിൽ ഫോഴ്സ കൊച്ചിയും കാലിക്കറ്റ് എഫ്.സിയും തമ്മിൽ ഞായറാഴ്ച നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ കൊച്ചിക്കായി മഞ്ചേരി ആർപ്പുവിളിക്കും.
കൊച്ചി ടീമിനായി രണ്ട് മഞ്ചേരി സ്വദേശികളാണ് കളത്തിലിറങ്ങുന്നത്. ടീം ക്യാപ്റ്റനും തൃക്കലങ്ങോട് സ്വദേശിയുമായ അർജുൻ ജയരാജ് (28), നെല്ലിക്കുത്ത് സ്വദേശി അമീൻ (26) എന്നിവരാണ് ഫോഴ്സയുടെ താരങ്ങൾ. അർജുൻ മധ്യനിരയിൽ കളിമെനയുമ്പോൾ സെന്റർ ബാക്കായി ടീമിന്റെ പ്രതിരോധക്കോട്ട കാക്കുകയാണ് അമീൻ. മൈതാനത്ത് ഇറങ്ങിയപ്പോഴെല്ലാം ഇരുവരും ടീമിനായി നിറഞ്ഞുകളിച്ചു. ലീഗിലെ ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റു തുടങ്ങിയ കൊച്ചി പിന്നീട് മികച്ച പ്രകടനം നടത്തിയാണ് ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 10 കളിയിൽ നാലു വീതം ജയവും സമനിലയുമായി 16 പോയന്റ് നേടി രണ്ടാമതായാണ് ലീഗ് ഘട്ടം അവസാനിപ്പിച്ചത്.
സെമിഫൈനലിൽ ലീഗിലെ മികച്ച ടീമായ കണ്ണൂർ വാരിയേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും പരാജയപ്പെടുത്തി. ഇരുവരും ടീമിനായി കിരീടം നേടിക്കൊടുക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്.
2012ൽ സുബ്രതോ കപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തതോടെയാണ് അർജുൻ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്നത്. പുണെ എഫ്.സിയിലൂടെയായിരുന്നു പ്രഫഷനൽ ഫുട്ബാളിലെ അരങ്ങേറ്റം. ഓൾ ഇന്ത്യ ചാമ്പ്യൻഷിപ്പിലെ ജേതാക്കളായ കാലിക്കറ്റ് സർവകലാശാല ടീമിനായി മധ്യനിരയിൽ മിന്നും പ്രകടനം കാഴ്ചവെച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയും ഗോകുലം കേരള എഫ്.സിയും തമ്മിൽ നടന്ന സൗഹൃദമത്സരത്തിലെ പ്രകടനം അർജുനെ ഗോകുലം കേരളയിലെത്തിച്ചു.
കേരള പ്രീമിയർ ലീഗിലും ഐ ലീഗിലും ഗോകുലത്തിനായി മികച്ച പ്രകടനം നടത്തി. ഇതോടെ ഐ.എസ്.എല്ലിലെ കേരളത്തിന്റെ ‘മഞ്ഞപ്പട’യായ കേരള ബ്ലാസ്റ്റേഴ്സിലേക്കും വിളിയെത്തി. പ്രീസീസണിൽ ദുബൈയിൽ രണ്ടു മത്സരങ്ങൾ കളിച്ചെങ്കിലും പരിക്ക് കാരണം പിന്നീട് ടീമിനായി കളത്തിലിറങ്ങാൻ സാധിച്ചില്ല.
കേരള യുനൈറ്റഡ് എഫ്.സിയുടെ ക്യാപ്റ്റനുമായി. 2022ൽ മലപ്പുറത്ത് നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിനെ കിരീടത്തിലേക്കു നയിച്ചതിൽ നിർണായക പങ്കുവെച്ചു. സെമിഫൈനലിൽ കർണാടകക്കെതിരെ ഗോളും നേടി.
ഒരു ഗോളും രണ്ട് അസിസ്റ്റുമായി ചാമ്പ്യൻഷിപ്പിൽ തിളങ്ങി. തുടർന്നാണ് പ്രഥമ സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചിൻ എഫ്.സിക്കായി ബൂട്ടുകെട്ടാൻ അവസരം ലഭിച്ചത്. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയരാജ്-തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂൾ പ്രധാനാധ്യാപിക ജ്യോതി ജി. നായർ എന്നിവരുടെ മകനാണ്.
നാട്ടിലെ ക്യാമ്പുകളിൽ പന്തുതട്ടിയാണ് അമീൻ ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പിന്നീട് മമ്പാട് എം.ഇ.എസ് കോളജിനായും കളിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലും ഇടംനേടി. 2021ൽ ഓൾ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് ചാമ്പ്യന്മാരായപ്പോൾ അമീൻ ടീമിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം കേരള സന്തോഷ് ട്രോഫി ടീമിലും സെന്റർ ബാക്കായി അമീനുണ്ടായിരുന്നു. ആദ്യമായാണ് പ്രഫഷനൽ ക്ലബിനായി കളിക്കുന്നത്. നെല്ലിക്കുത്ത് കോട്ടക്കുത്ത് അബ്ദുൽ സലാം-ഫൗസിയ ദമ്പതികളുടെ മകനാണ്. ടീമിനായി കിരീടം നേടുകയാണ് ലക്ഷ്യമെന്ന് ഇരുവരും ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.