സൂപ്പർ ലീഗ് കേരള; 33 മത്സരങ്ങളിലായി ആകെ പിറന്നത് 84 ഗോളുകൾ
text_fieldsമഞ്ചേരി: കാൽപന്ത് ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് പ്രഥമ സൂപ്പർ ലീഗ് കേരളക്ക് (എസ്.എൽ.കെ) ഫൈനൽ വിസിൽ. ലീഗിൽ ആദ്യം മുതൽ ആധിപത്യം പുലർത്തിയ കാലിക്കറ്റ് എഫ്.സി കന്നിക്കിരീടം നേടി കേരളത്തിന്റെ ഫുട്ബാൾ രാജാക്കന്മാരായി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) മാതൃകയിൽ കേരള ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് സൂപ്പർ ലീഗിന് അരങ്ങൊരുങ്ങിയത്. കാലിക്കറ്റ് എഫ്.സിക്ക് പുറമെ റണ്ണേഴ്സായ ഫോഴ്സ കൊച്ചി, കണ്ണൂർ വാരിയേഴ്സ്, തിരുവനന്തപുരം കൊമ്പൻസ്, മലപ്പുറം എഫ്.സി, തൃശൂർ മാജിക് എഫ്.സി ടീമുകളാണ് മൈതാനത്തിനിറങ്ങിയത്.
മികച്ച വിദേശ താരങ്ങളും കോച്ചുമാരുമടക്കം വമ്പൻ താരങ്ങൾ ടീമുകളുടെ ഭാഗമായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം, പയ്യനാട് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം എന്നിവിടങ്ങളിലായി രണ്ട് മാസക്കാലം പന്തുരുണ്ടു. സെപ്റ്റംബർ ഏഴിന് കൊച്ചിയും മലപ്പുറവും തമ്മിലായിരുന്നു ആദ്യ പോരാട്ടം.
ഗോളുത്സവ മേളം
സൂപ്പർ ഹിറ്റായ സൂപ്പർ ലീഗിൽ 33 മത്സരങ്ങളിൽ നിന്നായി ആകെ പിറന്നത് 84 ഗോളുകൾ. 30 ലീഗ് മത്സരങ്ങളിലായി 76 ഗോളുകളും സെമി, ഫൈനൽ മത്സരങ്ങളിലായി എട്ട് ഗോളും പിറന്നു. കാലിക്കറ്റ് എഫ്.സി തന്നെയാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ. ലീഗ് മത്സരങ്ങളിലെ 10 കളികളിൽ നിന്നായി 18 ഗോളുകൾ അടിച്ചുകൂട്ടി. സെമിയിലും ഫൈനലിൽ രണ്ടെണ്ണം വീതവും നേടി 22 തവണയാണ് എതിരാളികളുടെ വല കുലുക്കിയത്. 9 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. സെമിയിൽ ഇടംപിടിച്ച കണ്ണൂർ വാരിയേഴ്സ് 16 ഗോളും തിരുവനന്തപുരം കൊമ്പൻമാർ 15 ഗോളുകളും നേടി. ഫോഴ്സ കൊച്ചി -13, മലപ്പുറം എഫ്.സി -13 ഗോളുകളും കണ്ടെത്തി. ലീഗിൽ ഒരു ജയം മാത്രം നേടി അവസാന സ്ഥാനക്കാരായ തൃശൂർ മാജിക് എഫ്.സി അഞ്ച് തവണ മാത്രമാണ് എതിരാളികളുടെ വല ചലിപ്പിച്ചത്. 15 തവണ സ്വന്തം വല കുലുങ്ങി. പേരിലെ മാജിക് ഒരിക്കൽ പോലും കളിക്കളത്തിൽ പ്രകടമാക്കാൻ സി.കെ. വിനീത് നയിച്ച ടീമിനായില്ല. എട്ട് ഗോൾ നേടി കൊച്ചിയുടെ ഡോറിയൽട്ടൺ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. കാലിക്കറ്റിന്റെ വിജയത്തിൽ നിർണായ പങ്ക് വഹിച്ച ബെൽഫോർട്ട് അഞ്ച് ഗോളുകൾ നേടി ടൂർണമന്റിന്റെ താരമായി. തിരുവനന്തപുരം കൊമ്പൻസിന്റെ ഓട്ടമർ ബിസ്പോ അഞ്ചും കണ്ണൂരിന്റെ അഡ്രിയാൻ സാർഡിനേറോ, കാലിക്കറ്റിന്റെ തന്നെ ഗനി അഹമ്മദ് നിഗം എന്നിവർ നാല് ഗോളുകൾ വീതവും നേടി. മത്സരങ്ങളിലുടനീളം ഗോൾവലക്ക് മുന്നിൽ മിന്നുംപ്രകടനം നടത്തിയ കൊച്ചിയുടെ ഹജ്മൽ സക്കീർ ഗോൾഡൻ ഗ്ലൗ കരസ്ഥമാക്കി. കാലിക്കറ്റിന്റെ അണ്ടർ-23 താരം മുഹമ്മദ് അർഷാഫ് എമർജിങ് പ്ലയറായി തെരഞ്ഞെടുക്കപ്പെട്ടു. കൊമ്പൻസിന്റെ പാട്രിക് മോട്ട നാല് അസിസ്റ്റുകൾ നേടി. അഡ്രിയാൻ സാൻഡിനേറോ, ഗനി നിഗം, മലപ്പുറം എഫ്.സിയുടെ സെർജിയോ ബാർബോസ ജൂനിയർ എന്നിവർ മൂന്ന് വീതം അസിസ്റ്റ് നൽകി.
ആരവം തീർത്ത് ആരാധകർ
സ്വന്തം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലും ആരാധകർ ആരവം തീർത്തു. കോഴിക്കോടിന്റെ ‘ബീക്കൺസ് ബ്രിഗേഡും’ മലപ്പുറം എഫ്.സിയുടെ ‘അൾട്രാസും’ ഗാലറിയിൽ ഓളം തീർത്തു. ഫൈനൽ കാണാൻ 35,672 പേരാണ് കാലിക്കറ്റിന്റെ ഹോം ഗ്രൗണ്ടിലെത്തിയത്. ടെലിവിഷനിലൂടെയും ലക്ഷക്കണക്കിന് ആളുകൾ മത്സരങ്ങൾ വീക്ഷിച്ചു. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മലപ്പുറത്തിന്റെ ഹോം മത്സരങ്ങൾ കാണാനും പതിനായിരത്തിന് മുകളിൽ ആളുകളെത്തി.
സ്വന്തം മണ്ണിൽ ഗാലറി നിറക്കുന്നതിനൊപ്പം വാഹനങ്ങൾ വിളിച്ച് എവേ ഗ്രൗണ്ടിലും ആരാധകക്കൂട്ടായ്മ എത്തി.
സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ശേഷം പയ്യനാട് ഗാലറിയെ ഇളക്കി മറിക്കാനും അൾട്രാസിന് സാധിച്ചു. ചാന്റിന് താളം പിടിച്ചും ബാൻഡ് വാദ്യമേളങ്ങളുമായി ആരാധകർ ഈസ്റ്റ് ഗാലറി നിറച്ചു. എന്നാൽ, പ്രതീക്ഷക്കൊത്തുയരാൻ മലപ്പുറം എഫ്.സിക്ക് സാധിക്കാത്തത് നിരാശയായി.
ബൂട്ടഴിച്ച് അനസ്
സൂപ്പർ ലീഗ് മത്സരത്തിനിടെ ഇന്ത്യൻ താരം അനസ് എടത്തൊടികയുടെ വിരമിക്കലിനും മലപ്പുറം സാക്ഷിയായി. ലീഗിലെ അവസാന മത്സരത്തിൽ മലപ്പുറം എഫ്.സിയെ തിരുവനന്തപുരം കൊമ്പൻസ് എഫ്.സി സമനിലയിൽ തളച്ചതോടെ സെമി ഫൈനൽ പ്രവേശനം നേടാൻ ടീമിനായില്ല. ഇതോടെയാണ് ക്യാപ്റ്റൻ കൂടിയായ അനസ് ബൂട്ടഴിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
ടീമുകളുടെ എണ്ണം കൂടുമോ..?
ആറ് ടീമുകളാണ് പ്രഥമ ലീഗിൽ അങ്കത്തിനിറങ്ങിയത്. ഇതിൽ കണ്ണൂരിനും തൃശൂരിനും ഹോം ഗ്രൗണ്ട് ഉണ്ടായിരുന്നില്ല. കണ്ണൂർ കോഴിക്കോട് സ്റ്റേഡിയത്തെ ഹോം ഗ്രൗണ്ടാക്കിയപ്പോൾ, തൃശൂർ പയ്യനാട് സ്റ്റേഡിയത്തെയും ആശ്രയിച്ചു. അടുത്ത വർഷം ഇതിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള ആലോചന നടത്തുമെന്ന് കെ.എഫ്.എ പ്രസിഡന്റ് ഹാരിസ് മീരാൻ പറഞ്ഞു. ഓരോ മത്സരവും മികച്ചുനിന്നു. കളിക്കാരുടെ ക്വാളിറ്റി വർധിപ്പിക്കാനും ലീഗിനായി. താരങ്ങൾക്ക് കേരള പ്രീമിയർ ലീഗിനൊപ്പം പുതിയ അവസരങ്ങൾ തുറന്നിട്ടു.
ആറു ടീമുകളിലായി 94 മലയാളി താരങ്ങളാണ് ബൂട്ടുകെട്ടിയത്. സൂപ്പർലീഗ് ലക്ഷ്യമിടുന്നത് ഗ്രാസ് റൂട്ടിലുള്ള വളർച്ചയാണെന്നും ഹാരിസ് മീരാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചാമ്പ്യൻമാർക്ക് ഒരു കോടി
സൂപ്പർ ലീഗ് കേരള മത്സരത്തിൽ വിജയിച്ച കാലിക്കറ്റ് എഫ്.സിക്ക് ലഭിച്ചത് ഒരു കോടി. റണ്ണറപ്പായ ഫോഴ്സ കൊച്ചിക്ക് ലഭിച്ചത് 50 ലക്ഷം. മികച്ച കളിക്കാരനായി സൂപ്പർ ലീഗ് കേരളയിൽ അഞ്ചു ഗോളുകൾ നേടിയ കാലിക്കറ്റിന്റെ കെർവിൻസ് ബെൽഫോർട്ടിനെ തിരഞ്ഞെടുത്തു. ഗോൾഡൻ ബൂട്ട് ഫോഴ്സ കൊച്ചിയുടെ ബ്രസീലിയൻ താരം ഡോറിൽട്ടൺ ഗോമസിനാണ്. ഏഴു ഗോളാണ് നേടിയത്. മികച്ച ഗോൾ കീപ്പറായി കൊച്ചിയുടെ കെ.എസ്. ഹജ്മൽ അർഹനായി.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫോഴ്സ കൊച്ചി എഫ്.സിയെ 2-1ന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടം ചൂടിയത്. 16ാം മിനിറ്റിൽ തോയി സിങ്, 71ാം മിനിറ്റിൽ കെർവൻസ് ബെൽഫോർട്ട് എന്നിവരാണ് കാലിക്കറ്റിനായി ഗോൾ നേടിയത്. എക്സ്ട്രാ ടൈമിൽ ഡോറിയൽട്ടൻ ഗോമസിന്റെ വകയായിരുന്നു കൊച്ചിയുടെ ഏക ഗോൾ. 36,000ത്തോളം കാണികളാണ് ഫൈനൽ മത്സരം കാണാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.