സൂപ്പർ ലീഗിൽ കൊമ്പൻസിനെ തകർത്ത് ഫോഴ്സ കൊച്ചി; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
text_fieldsതിരുവനനന്തപുരം: സെമിയിലേക്ക് കുതിച്ചുകയറാനിറങ്ങിയ കൊമ്പന്മാരുടെ മസ്തകത്തിലടിച്ച് വീഴ്ത്തി ഫോഴ്സ കൊച്ചി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് കൊച്ചിയുടെ ചുണക്കുട്ടികൾ തിരുവനന്തപുരത്തിന്റെ കാട്ടാനക്കൂട്ടത്തെ മയക്കുവെടിവെച്ചിട്ടത്. കൊച്ചിക്കായി ബ്രസീലിയൻ താരം ഡോറിയൽട്ടൻ രണ്ടും ലൂയിസ് റോഡിഗ്രസ് ഒരു ഗോളും നേടിയപ്പോൾ ബ്രസീലിയൻ താരം ഓട്ടോമർ ബിസ്പോയിലൂടെയായിരുന്നു തിരുവനന്തപുരത്തിന്റെ ആശ്വാസഗോൾ. വിജയത്തോടെ 12 പോയന്റുമായി കൊച്ചി സെമി സാധ്യത നിലനിർത്തി.
സെമിയിലേക്ക് വിജയം ഇരുടീമിനും നിർണായകമായിരിക്കെ ആക്രമണ ഫുട്ബാളിന്റെ ബ്ലൂ പ്രിന്റുമായാണ് ഇരുടീമിനെയും പരിശീലകർ കളത്തിലിറക്കിയത്. അതുകൊണ്ടുതന്നെ കളിയുടെ ആദ്യവിസിൽ മുതൽ ഇരുടീമിന്റെയും ഗോൾമുഖത്ത് തീപ്പൊരി പാറി. കൊച്ചിയാണ് ആദ്യം മുന്നിലെത്തിയത്. എട്ടാം മിനിട്ടിൽ പ്രതിരോധനിരയെ നോക്കുകുത്തിയാക്കി ഡോറിയൽട്ടൻ കൊമ്പന്മാരുടെ ഗോൾവലയിലേക്ക് നിറയൊഴിച്ചു. മധ്യനിരയിൽ നിന്ന് നിജോ ഗിൽബർട്ട് മൂന്നോട്ടേക്ക് നൽകിയ പാസ് കൊമ്പൻസിന്റെ ബ്രസീലിയൻ ഗോളി സാന്റോസിനെ കമ്പളിപ്പിച്ച് പോസ്റ്റിന്റെ വലത് മൂലയിലേക്ക് ഡോറിയൽട്ടൻ കോരിയിടുകയായിരുന്നു. ഗോൾ വീണതോടെ ഓട്ടോമർ ബിസ്പോയുടെ നേതൃത്വത്തിൽ ആക്രമണം കടുപിച്ച കൊമ്പൻസ് നിരന്തരം കൊച്ചിയുടെ ഗോൾമുഖം വിറപ്പിച്ചു. എന്നാൽ കൊച്ചിയുടെ ഗോൾകീപ്പർ ഹജ്മലിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവുകൾക്ക് മുന്നിൽ കൊമ്പന്മാരുടെ ആക്രമണങ്ങൾ പലതും ലക്ഷ്യം കാണാതെ പോകുകയായിരുന്നു.
രണ്ടാം പകുതിയിൽ നയം മാറ്റാൻ കൊമ്പന്മാർ തയ്യാറായിരുന്നില്ല. അതിന്റെ ഫലം 66ാമിനിട്ടിൽ ലഭിക്കുകയും ചെയ്തു. വലതുവിങ്ങിൽ നിന്ന് ഗോൾപോസ്റ്റിലേക്ക് അഷർ നൽകിയ പാസ് ഓട്ടോമർ ബിസ്പോ ഗ്രൗണ്ടിലേക്ക് പറന്നിറങ്ങി കൊച്ചിയുടെ വല കുലുക്കുകയായിരുന്നു. തുടർന്ന് മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിടയിലാണ് കൊമ്പന്മാരുടെ നെഞ്ചിലേക്ക് റോഡിഗ്രസ് വെടിയുതിർത്തത്. പെനൽട്ടി ബോക്സിന് പുറത്ത് നിന്ന് രാഹുൽ കെ.പി എടുത്ത ഫ്രീകിക്ക് ഗോൾപോസ്റ്റിന് മുന്നിലെ കൂട്ടപൊരിച്ചിലിനൊടുവിൽ റോഡിഗ്രസ് വലയിലെത്തിക്കുകയായിരന്നു. തൊടുപിന്നാലെ ഇഞ്ച്വറി ടൈമിൽ കൊമ്പന്മാരുടെ കഥകഴിച്ച് ഡോറിയൽട്ടൻ മൂന്നാം ഗോളും കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.