സൂപ്പർ ലീഗ് കേരള: കണ്ണൂരിന് കൊമ്പന്മാരുടെ സമനിലപൂട്ട്
text_fieldsതിരുവനന്തപുരം: മദമിളകിയ കൊമ്പന്മാരെ വാരിക്കുഴിയിലിട്ട് പൂട്ടാനുള്ള അവസരം കണ്ണൂർ വാരിയേഴ്സ് കളഞ്ഞുകുളിച്ചു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ കണ്ണൂരിന്റെ പടയാളികളെ 1-1ന് തളച്ചാണ് തിരുവനന്തപുരത്തിന്റെ കൊമ്പന്മാർ തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. കണ്ണൂരിനായി 56ാം മിനിറ്റിൽ കാമറൂൺ താരം ഏണസ്റ്റീൻ റൂബീസ് സാബയും തിരുവനന്തപുരം കൊമ്പൻസിനായി 84ാം മിനിറ്റിൽ ഗണേശനുമാണ് ഗോൾവല കുലുക്കിയത്.
⊿മോട്ടക്ക് ചുവപ്പ് കാർഡ്
ഫോഴ്സ കൊച്ചിയുമായി സമനിലയിൽ പിരിഞ്ഞതിന്റെ ക്ഷീണം തീർക്കാൻ ഫോർവേഡ് ലൈനിൽ മൂന്ന് മാറ്റങ്ങളുമായാണ് സ്പാനിഷ് കോച്ച് മാനുവല് സാഞ്ചസ് മുരിയാസിൻ കണ്ണൂർ വാരിയേഴ്സിനെ പടക്കളത്തിലേക്ക് ഇറക്കിയത്. അതേസമയം, മുന്നേറ്റനിരയിൽ ബ്രസീലിയൻ താരം ഓട്ടേമേര് ബിസ്പോക്ക് പകരം മാർക്കോസ് വെൽഡറെ ഇറക്കിയായിരുന്നു കൊമ്പന്മാരുടെ ചെക്ക്. ആദ്യ 12 മിനിറ്റിനുള്ളിൽ രണ്ടുതവണ കണ്ണൂരിന്റെ താരങ്ങൾ കൊമ്പൻസിന്റെ ഗോൾവല കുലുക്കിയെങ്കിലും രണ്ടും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. തീപ്പൊരിനീക്കങ്ങളിലൂടെ കണ്ണൂർ ആക്രമണം കടുപ്പിച്ചതോടെ ആദ്യ 30 മിനിറ്റ് കൊമ്പൻമാർ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
34ാം മിനിറ്റിലാണ് കണ്ണൂരിന്റെ ഗോൾമുഖത്തേക്ക് ആദ്യമായി പന്തുമായി എത്താൻ കൊമ്പന്മാർക്ക് സാധിച്ചത്. 34 മിനിറ്റിൽ മുഹമ്മദ് അഷർ ഗോൾ മുഖത്തേക്ക് അടിച്ച പന്ത് മാർക്കോസ് വെൽഡർ കാൽകൊണ്ട് മറിച്ച് വിഷ്ണുവിന്റെ തലയിലേക്ക് നൽകിയെങ്കിലും കണ്ണൂരിന്റെ കാവൽക്കാരൻ പി.എ. അജ്മൽ സുരക്ഷിതമായി കൈവള്ളയിലൊതുക്കുകയായിരുന്നു. 45ാം മിനിറ്റിൽ ക്യാപ്റ്റനും ടീമിന്റെ എൻജിനുമായ പാട്രിക് മോട്ട ചുവപ്പ് കാർഡ് കണ്ട് പുറത്തായത് തിരുവനന്തപുരത്തിന് തിരിച്ചടിയായി.
⊿സമനില തെറ്റാതെ കൊമ്പൻസ്
രണ്ടാം പകുതിയിൽ പത്തുപേരുമായാണ് കൊമ്പന്മാർ കളി തുടങ്ങിയത്. 56 മിനിറ്റിൽ കണ്ണൂർ കൊമ്പന്മാരുടെ വലകുലുക്കി. ക്യാപ്ടൻ അഡ്രിയാൻ കോർപ്പ വലതു വശത്തു നിന്ന് നൽകിയ കുറിയ പാസ് മധ്യനിരതാരം സാമ്പ കൊമ്പന്മാരുടെ പ്രതിരോധക്കാരെ ട്രിപ്പ്ൾ ചെയ്ത് പെനാൽറ്റി ഏരിയക്ക് പുറത്തുനിന്ന് ലോങ് റേഞ്ചിലൂടെ വലയിലേക്ക് പറന്നിറക്കുകയായിരുന്നു. 84ാം മിനിറ്റിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് കൊമ്പൻസ് തിരിച്ചടിച്ചു. പകരക്കാരനായി എത്തിയ ബ്രസീലിയൻ യുവതാരം ഡേവി കുനനെ സാബ പെനാൽറ്റി ബോക്സിന് മുന്നിൽ വീഴ്ത്തി. ഫ്രീ കിക്കെടുത്ത മാർക്കോസ് വെൽഡർ കണ്ണൂരിന്റെ പ്രതിരോധക്കാരുടെ കാലുകൾക്കിടയിലൂടെയാണ് പന്ത് അടിച്ചത്. പ്രതിരോധക്കാരുടെ കാലുകൾ തട്ടി പന്തെത്തിയത് വലത് വശത്തു നിന്ന് ഗണേഷന്റെ കാലുകളിൽ. ഗോളിമാത്രം മുന്നിൽ നിൽക്കെ മനോഹരമായി തമിഴ്നാട്ടുകാരൻ കണ്ണൂരിന്റെ വല കുലുക്കുകയായിരുന്നു. തുടർന്ന് തിരിച്ചടിക്കാൻ ഇരു ടീമും ശ്രമിച്ചെങ്കിലും സമനില തെറ്റാതെ കളി ഫൈനൽ വിസിലേക്ക് നീങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.