സൂപ്പർ ലീഗ് കേരള: ഇന്ന് വമ്പൻ പോര്, കൊച്ചി ഫോഴ്സയും കാലിക്കറ്റ് എഫ്.സിയും മുഖാമുഖം
text_fieldsകോഴിക്കോട്: കരുത്തരായ മലപ്പുറം എഫ്.സിയെ അവരുടെ തട്ടകത്തിൽ തറപറ്റിച്ച ആത്മവിശ്വാസത്തിൽ സൂപ്പർ ലീഗ് കേരള മത്സരത്തിൽ കാലിക്കറ്റ് എഫ്.സി ബുധനാഴ്ച കൊച്ചി ഫോഴ്സയെ നേരിടും. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് കളി.
രണ്ടു കളികളിൽ ഒരു തോൽവിയും ഒരുസമനിലയുമുള്ള കൊച്ചിക്ക് കോഴിക്കോടൻ കരുത്ത് ശരിക്കും ബാലികേറാമലയാകും. കൊച്ചി ഫോഴ്സ രണ്ടുകളിയിൽ മൂന്നു ഗോൾ വഴങ്ങിയപ്പോൾ ഒരുവട്ടമാണ് എതിർവല കുലുക്കിയത്. മറുവശത്ത്, സൂപ്പർ ലീഗ് കേരളയിലെ ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 1-1ന് സമനിലയിൽ പിടിച്ചുകെട്ടിയവർ അവസാന മത്സരത്തിൽ മലപ്പുറത്തെ ആരാധകപ്പടയെ നിശ്ശബ്ദരാക്കി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജയിച്ചുകയറിയത്.
മലപ്പുറത്തെ പയ്യനാട് ഗ്രൗണ്ടിൽ ഗനി അഹമ്മദും ബെൽഫോർട്ടുമായിരുന്നു കാലിക്കറ്റിന്റെ വിജയശിൽപികൾ. ഗോൾ കീപ്പർ വിശാൽ ജൂണും പ്രതിരോധകോട്ടയിലെ കരുത്തരായ റിച്ചാർഡ് ഒസേയും ഹക്കുവും മുഹമ്മദ് റിയാസും പാപേയും ചേരുന്ന പിൻവല ഭേദിക്കൽ ദുഷ്കരമാകും. മുൻനിരയിൽ ഗനി, ജിജോ ജോസഫ്, സിങ് ഖാൻഗേബാം, ബ്രിറ്റോം ഏണസ്റ്റ് ബാർഫോ തുടങ്ങിയവരും കഴിഞ്ഞ കളിയിൽ കാലിക്കറ്റിനുവേണ്ടി ആദ്യ ഇലവനിൽ ഇറങ്ങി കാണികളെ നിരാശരാക്കാതെ കളംവിട്ടവർ. കൊച്ചിക്കെതിരെ ആദ്യ ഇലവനിൽ ഇവരിൽ ഏറെപേരും ഇടംനേടുമെന്നുതന്നെയാണ് സൂചന. റോഡ്രിഗസും സാന്റോസും സെയ്ദ് നിദാലും റോയ് ചൗധരിയും നിഥിൻ മധു, അർജുൻ ജയരാജും ഫോമിലുള്ളത് കൊച്ചിക്ക് തുണയാകും. നിജോ, അജയ് അലക്സ്, ജഗനാഥ്, ബസന്താ, ആസിഫ് കോട്ടയിൽ, കമൽപ്രീത്, അരുൺലാൽ എന്നിവരെല്ലാം ആദ്യ ഇലവനിൽ ഇടംനേടാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.