ഫോഴ്സ് കൂട്ടാൻ കൊച്ചി; അവസാന ശ്വാസവുമായി തൃശൂർ
text_fieldsകൊച്ചി: പ്രഥമ സൂപ്പർ ലീഗ് കേരളയിലെ അവസാന റൗണ്ടിലെ ആദ്യ മത്സരത്തിന് ചൊവ്വാഴ്ച കൊച്ചി കലൂർ സ്റ്റേഡിയം വേദിയാവും. സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ച ആതിഥേയരായ ഫോഴ്സ കൊച്ചി എഫ്.സിയും സെമി കാണാതെ പുറത്തേക്കിറങ്ങുന്ന തൃശൂർ മാജിക് എഫ്.സിയും തമ്മിലുള്ള അങ്കമാണ് കൊച്ചിയിൽ നടക്കുക.
വൈകീട്ട് 7.30നാണ് കിക്കോഫ്. ഒമ്പത് കളിയിലായി 13 പോയൻറുമായി പട്ടികയിൽ മൂന്നാം സ്ഥാനക്കാരാണ് ഫോഴ്സ. സെമി ഉറപ്പിച്ചെങ്കിലും റാങ്കിങ്ങിൽ കൂടുതൽ മുന്നിലേക്കെത്തുകയെന്ന ലക്ഷ്യവുമായാണ് വിജയം മുന്നിൽക്കണ്ട് ഫോഴ്സ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. എന്നാൽ, കളിയുടെ തുടക്കം മുതൽ പിൻബെഞ്ചിലുള്ള തൃശൂർ മാജിക് എഫ്.സിക്ക് ഇത് ലീഗിലെ അവസാന പോരാട്ടമായതിനാൽതന്നെ കളിച്ചുജയിച്ച് മടങ്ങുകയാണ് ലക്ഷ്യം. ഒമ്പത് കളിയിൽ എട്ടെണ്ണത്തിലും പരാജയപ്പെട്ട തൃശൂർ ടീം ലീഗിലുടനീളം അജയ്യ പ്രകടനം കാഴ്ചവെച്ച കാലിക്കറ്റ് എഫ്.സിയെ കഴിഞ്ഞദിവസം അട്ടിമറിച്ച് ഏവരിലും ആശ്ചര്യമുളവാക്കിയിരുന്നു. ഇതേ പ്രകടന മികവിലൂടെ അവസാന കളിയിൽ ആതിഥേയരെയും തറ പറ്റിക്കാമെന്നാണ് തൃശൂരിന്‍റെ മോഹം. എന്നാൽ, എന്തു വിലകൊടുത്തും ഇത് തടയാൻ തുനിഞ്ഞാണ് കൊച്ചി ഇറങ്ങുക.
കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചി ടീമുകൾ പ്രഥമ സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട്. നവംബർ ഒന്നിന് നടക്കുന്ന മലപ്പുറം എഫ്.സി-തിരുവനന്തപുരം കൊമ്പൻസ് മത്സരത്തോടെ സെമി ഫൈനൽ പോരാട്ടങ്ങളുടെ അന്തിമചിത്രം തെളിയും. കൊമ്പൻസിന് സെമിയിൽ കയറാൻ സമനില മതി. എന്നാൽ, മലപ്പുറത്തിന് വിജയം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.