സൂപ്പർ ലീഗ് കേരള: മലപ്പുറവും കൊച്ചിയും വീണ്ടും നേർക്കുനേർ
text_fieldsമലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ ആറാം റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് മലപ്പുറം എഫ്.സിയും ഫോഴ്സാ കൊച്ചിയും ഏറ്റുമുട്ടും. രാത്രി 7.30ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ലീഗിലെ പകുതിയിലധികം കളികൾ പൂർത്തിയായപ്പോൾ വിജയത്തിനായുള്ള സകല അടവുകളും പയറ്റാനുള്ള പുറപ്പാടിലാണ് ഓരോ ടീമും. കാര്യമായ മാറ്റങ്ങളില്ലാത്ത പോയന്റ് പട്ടികയിൽ ഒരു തോല്‍വി മുന്നോട്ടുള്ള വഴിയിൽ തടസ്സമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ടൂർണമെന്റിൽ ഇനി നാല് റൗണ്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ബുധനാഴ്ചത്തെ കളിയില്‍ വിജയിച്ചാല്‍ ഫോഴ്സാ കൊച്ചിക്ക് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാം. മറിച്ച് ജയം മലപ്പുറത്തിനാണെങ്കില് അവർ ആദ്യ നാലിലുമെത്തും. 12 പോയന്റുമായി കണ്ണൂര്‍ വാരിയേഴ്സ് എഫ്.സിയാണ് പോയന്റ് ടേബിളില്‍ ഒന്നാംസ്ഥാനത്ത്. 10 പോയന്റോടെ കാലിക്കറ്റ് എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. എട്ടു പോയന്റുമായി ഫോഴ്സാ കൊച്ചി മൂന്നാമതും ആറു പോയന്റുമായി തിരുവനന്തപുരം കൊമ്പന്‍സ് നാലാമതുമുണ്ട്. അഞ്ചു പോയന്റോടെ മലപ്പുറം അഞ്ചാമതും രണ്ടു പോയന്റോടെ തൃശൂര്‍ മാജിക് എഫ്.സി ആറാമതുമാണ്.
പരിക്കിന്റെ പിടിയിൽ മലപ്പുറം
ക്യാപ്റ്റന്‍ അനസ് എടത്തൊടിക, റൂബന്‍ ഗാര്‍സ്, ഗുര്‍ജീന്ദര്‍, ബുജൈര്‍ എന്നിവര്‍ക്ക് പരിക്കേറ്റത് മലപ്പുറം എഫ്.സിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. ബുജൈര്‍ ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തു. പകരക്കാരായി രണ്ടു മണിപ്പൂര്‍ താരങ്ങളെ ടീം ക്യാമ്പിലെത്തിച്ചിട്ടുണ്ട്. മധ്യനിര താരമായ ബിദ്യാനന്ദ സിങ്, വിങ്ങറായ നൈറോം നോങ്ഡംബോ സിങ് എന്നിവരെയാണ് പുതുതായി കൂടാരത്തിലെത്തിച്ചത്. ഇരുവരും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഉദ്ഘാടനമത്സരത്തില്‍ ഫോഴ്സാ കൊച്ചിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് മലപ്പുറം അരങ്ങേറിയത്. എന്നാൽ, സ്വന്തം തട്ടകത്തിൽ കളിച്ച രണ്ടാം മത്സരത്തില്‍ കാലിടറി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കാലിക്കറ്റ് എഫ്.സിയാണ് മലപ്പുറത്തിന്റെ ആദ്യ ഹോംമാച്ചിലെ വിജയമെന്ന സ്വപ്നം തകര്‍ത്തത്. മുന്നേറ്റത്തിലെ മൂർച്ചക്കുറവും ദുർബലമായ മധ്യനിരയുമായിരുന്നു പരാജയകാരണം. മൂന്നാം മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിക്കെതിരെ ഗോൾരഹിത സമനിലയായിരുന്നു ഫലം. നാലാം മത്സരത്തിൽ കണ്ണൂരിനോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റു. തിരുവനന്തപുരത്ത് കൊമ്പൻസുമായി ഏറ്റുമുട്ടിയപ്പോൾ ഒാരോ ഗോൾ വീതം നേടി സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഗോളും വിജയവും നേടി ആരാധകരുടെ വിശ്വാസം നേടിയെടുക്കുകയെന്ന ദൗത്യമാണ് മലപ്പുറം എഫ്.സിക്കു മുന്നിലുള്ളത്.
അന്നത്തെ കൊച്ചിയല്ല
ആദ്യകളിയില്‍ മലപ്പുറം മുട്ടുകുത്തിച്ച കൊച്ചിയല്ല ഇപ്പോള്‍. ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെട്ട പ്രകടനമാണ് അവർ കാഴ്ചവെക്കുന്നത്. അവസാന മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസം അവർക്ക് കരുത്തുപകരും. അതിനു മുമ്പുള്ള കളിയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയെയും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. കളിച്ച അഞ്ചു കളികളിൽ രണ്ടു വിജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി എട്ടു പോയന്റാണ് ടീമിന്റെ സമ്പാദ്യം. പിന്നീട് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്.സിയോടും കണ്ണൂർ എഫ്.സിയോടും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ഇന്നത്തെ മത്സരത്തിൽ ആധികാരിക വിജയം സ്വന്തമാക്കി സെമി സാധ്യതകൾ ഉറപ്പിക്കാനാണ് കൊച്ചി ബൂട്ട് കെട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.