സൂപ്പർ ലീഗ് കേരള: മലപ്പുറത്തെ പിടിച്ചുകെട്ടി കൊമ്പൻസ് (1-1)
text_fieldsതിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിയുടെ വിജയ മോഹം തല്ലിക്കെടുത്തി തിരുവനന്തപുരം കൊമ്പൻസ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരം 1-1 സമനിലയിൽ കലാശിച്ചു. 31ാം മിനിറ്റിൽ അലക്സാൻഡ്രോ സാഞ്ചസിലൂടെ മുന്നിലെത്തിയ മലപ്പുറം ജയത്തോടടുക്കവെ 87ാം മിനിറ്റിലാണ് സ്വന്തം കാണികൾക്ക് മുന്നിൽ വൈഷ്ണവിലൂടെ കൊമ്പൻസ് തിരിച്ചടിച്ചത്.
കളിയുടെ ആദ്യവിസിൽ മുതൽ നിരന്തര ആക്രമണമാണ് കൊമ്പൻസിന്‍റെ ഗോൾമുഖത്ത് മലപ്പുറത്തിന്‍റെ വമ്പന്മാർ നടത്തിയത്. ബാൾ പാസിങ്ങിലും നിയന്ത്രണത്തിലും കൊമ്പന്മാരെ നിലംതൊടിക്കാതിരുന്ന മലപ്പുറം, കൊമ്പൻസിന്‍റെ പ്രതിരോധക്കോട്ട ആദ്യ 20 മിനിറ്റിൽ തന്നെ തച്ചുതകർത്തു. വലതുവിങ്ങിൽ നിന്ന് സർജിയോ ബർബോസിയയും മധ്യനിരയിൽ ജോസേബ ബിട്ടിയയും മുൻനിരയിൽ സാഞ്ചസിലൂടെയുമായിരുന്നു ആക്രമണം. മൈതാനത്തിന്‍റെ നാലുവശത്തുനിന്നും മലപ്പുറം ആക്രമണം കടുപ്പിച്ചതോടെ പന്തുമായി ലക്കും ലഗാനുമില്ലാതെ ഓടുന്ന കൊമ്പന്മാരെയാണ്. 31ാം മിനിറ്റിൽ കൊമ്പ ൻസിന്‍റെ മിസ് പാസ് മുതലാക്കി മിഡ് ഫീൽഡർ ജോസേബ ബിട്ടിയ മൈതാനത്തിന്‍റെ നടുക്ക് നിന്ന് പോസ്റ്റിലേക്ക് നീട്ടി നൽകിയ പന്ത് നേരത്തെയെത്തിയത് സാഞ്ചസിന്‍റെ കാലുകളിൽ. തടയാൻ ഗോൾമുഖം വിട്ടിറിങ്ങിയ കൊമ്പൻസിന്‍റെ ഗോളി പവൻകുമാറിനെയും പ്രതിരോധക്കാരെയും വെട്ടിച്ച് തലക്ക് മുകളിലൂടെ മനോഹരമായി പന്ത് ചിപ്പ് ചെയ്ത് സാഞ്ചസ് വലകുലുക്കുകയായിരുന്നു.
തിരിച്ചടിക്കാൻ കൊമ്പന്മാർ കിണഞ്ഞ് ശ്രമിച്ചെങ്കിലും മലപ്പുറത്തിന്‍റെ പ്രതിരോധനിരയിൽ അജിത്ത് കുമാർ ഒറ്റക്ക് നിന്ന് നേരിട്ടപ്പോൾ ആദ്യപകുതിയിൽ ഒരുഘട്ടത്തിൽപോലും ഗോൾമുഖത്തേക്ക് പന്തുമായി എത്തിനോക്കാൻപോലും പാട്രിക് മോട്ടക്കും കൂട്ടർക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ പാസിങ് ഗെയിമിലൂടെ മലപ്പുറത്തിന്‍റെ പോസ്റ്റിലേക്ക്പലതവണ കൊമ്പന്മാർ ഇരച്ചുകയറി. ഇതിന് 87ാം മിനിറ്റിൽ ഫലമുണ്ടായി. വൈഷ്ണവിന്റെ ഗോളിലൂടെ തോൽവി ഒഴിവാക്കി കൊമ്പന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.