സൂപ്പർ ലീഗ് കേരള ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
text_fieldsകൊച്ചി: കേരളത്തിലെ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് മികച്ച അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള ഫുട്ബാള്‍ അസോസിയേഷനും(കെ.എഫ്.എ) മീരാന്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സൂപ്പര്‍ ലീഗ് കേരള യാഥാര്‍ഥ്യമാവുന്നു. ലീഗിന്റെയും ടീമുകളുടെയും ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച കൊച്ചിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന ടീമുകളുടെ അടിസ്ഥാന പരിശീലനം ആരംഭിച്ചിട്ടുണ്ട്. ചാക്കോളാസ് ട്രോഫി എന്ന പേരില്‍ കേരള യൂത്ത് ഡെവലപ്മെന്റ് പ്രോജക്ട് ഈ വര്‍ഷം കെ.എഫ്.എ ആരംഭിച്ചിരുന്നു. ഏകദേശം 5000 കുട്ടികളാണ് അഞ്ച് ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്.
ഇതിന്റെ ജില്ലതല മത്സരങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് സൂപ്പര്‍ ലീഗ് കേരള ക്ലബുകൾ സൗജന്യ പരിശീലനം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ ആറ് ടീമുകളാണ് ആദ്യ സീസണിൽ മാറ്റുരക്കുക.
പൊതുമേഖല സ്ഥാപനങ്ങളിൽ പലതും മുന്‍കാലങ്ങളില്‍ കേരളത്തിലെ ഫുട്ബാള്‍ താരങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിയിരുന്നെങ്കിലും നിലവില്‍ സംസ്ഥാനത്ത് അത്തരമൊരു സാഹചര്യമില്ല. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പ്രഫഷനല്‍ ഫുട്ബാള്‍ ലീഗ് രൂപകല്പന ചെയ്തത്.
സൂപ്പര്‍ ലീഗ് കേരള ടീമുകളുടെ ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കും. കായികമന്ത്രി വി. അബ്ദുറഹ്മാന്, എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ, ടീം ഉടമകള്‍, കായികതാരങ്ങള്‍, രാജ്യത്തിനുവേണ്ടി ബൂട്ടണിഞ്ഞ മുന്‍കാല താരങ്ങള്‍, പരിശീലകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാന്‍, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പി., സ്കോര്‍ലൈന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ഫിറോസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.