കൺകുളിർക്കെ വാരിയേഴ്സ്; തൃശൂരിനെതിരെ 2-1ന് ജയം
text_fieldsകോഴിക്കോട്: നാലാം മിനിറ്റിൽ ഇന്ദ്രജാല പ്രകടനത്തിലൂടെ ഗോളുതിർത്തെങ്കിലും കണ്ണൂർ വാരിയേഴ്സിനോട് 2-1 ന് മുട്ടുമടക്കി തൃശൂർ മാജിക് എഫ്.സി. സൂപ്പർ ലീഗ് കേരളയിൽ ജൈത്രയാത്ര തുടരുന്ന കണ്ണൂർ വാരിയേഴ്സ് സമനില മാത്രം സമ്മാനിക്കുന്നുവെന്ന കോർപറേഷൻ സ്റ്റേഡിയത്തിന്റെ 'ദോഷപ്പേരിനും' അറുതി വരുത്തി.
നാലാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ചുകയറിയ തൃശൂരിന്റെ ബ്രസീലിയൻ താരം ലുകാസ് എഡുറാഡോ ഗോൾ പോസ്റ്റിലേക്ക് അടിച്ച ക്രോസ് ഷോട്ട് ഗോൾ കീപ്പർ അജ്മൽ കൈകൊണ്ട് തട്ടിമാറ്റിയെങ്കിലും ഗോൾ പോസ്റ്റിനു വശത്തുണ്ടായിരുന്ന അർജുൻ കാലുകൊണ്ട് വലയിലേക്ക് നീട്ടിയടിച്ചു. 20ാം മിനിറ്റിൽ ക്യാപ്റ്റൻ സി.കെ. വിനീതിനേറ്റ പരിക്കുമൂലം അണ്ടർ 23 താരം മിഡ്ഫീൽഡർ മുഹമ്മദ് സഫ്നാദിനെയിറക്കിയാണ് തൃശൂർ കളി തുടർന്നത്. 32ാം മിനിറ്റിൽ ഗോമസ് അൽവാരസ് എടുത്ത കോർണർ കണ്ണൂരിന്റെ ക്യാപ്റ്റൻ സ്പാനിഷ് താരം അഡ്രിയാൻ കോപ ഗോളാക്കിയതോടെ കണ്ണൂർ 1- 1 ന് ഒപ്പമെത്തി. 43ാം മിനിറ്റിൽ ക്യാപ്റ്റൻ കോർപ നൽകിയ പാസ് അണ്ടർ 23 താരം മുഹമ്മദ് റിഷാദ് ഗോളാക്കിയതോടെ കളി 2 -1 എന്ന ലീഡിലേക്കുയർന്നു.
മുക്കാൽ സമയം പിന്നിട്ടതോടെ ആക്രമണത്തിനു പകരം പ്രതിരോധത്തിലൂന്നിയുള്ള കളിക്കാണ് കണ്ണൂർ വാരിയേഴ്സ് പ്രാധാന്യം കൊടുത്തത്.
ജയിച്ചുകയറാൻ കൊമ്പൻസും കാലിക്കറ്റും
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ ഇന്ന് തെക്ക് വടക്ക് പോരാട്ടം. തോൽവിയറിയാതെ മുന്നേറുന്ന കരുത്തരായ കാലിക്കറ്റ് എഫ്.സിക്കെതിരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് കളം വരക്കും. അഞ്ച് മത്സരങ്ങളിൽനിന്ന് ഏഴ് പോയന്റുമായി കാലിക്കറ്റ് മൂന്നാം സ്ഥാനത്തും അത്രയും കളികളിൽനിന്ന് ആറ് പോയന്റുമായി കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്. സെമി ഫൈനലിലേക്ക് കടക്കാൻ ഇനിയുള്ള ഒാരോ മത്സരവും നിർണായകമാണെന്നിരിക്കെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. കോഴിക്കോട് ആദ്യ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ കളി അവസാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.