വെടിച്ചില്ലാകുന്ന സൂപ്പർ സബ്ബുകൾ
text_fieldsബംഗളൂരു: െഎ.എസ്.എല്ലിൽ തിങ്കളാഴ്ച നടന്ന മുംബൈ- ഗോവ മത്സരം കണ്ടവരാരും അവസാന സെക്കൻഡിലെ ആ സമനില ഗോൾ മറക്കില്ല. ക്രോസിന് ഉയർന്നു ചാടി വെടിച്ചില്ലു കണക്കെ ഇഷാൻ പണ്ഡിത തൊടുത്ത ഹെഡർ മുംബൈ വലയിൽ മുത്തമിടുേമ്പാൾ ഗോളി അമരിന്ദർപോലും ഒന്ന് ഞെട്ടിക്കാണും. അത്രക്ക് അപ്രതീക്ഷിതമായിരുന്നു അത്.
പക്ഷേ, അത് പ്രതീക്ഷിച്ചൊരാൾ സൈഡ് ലൈനിൽ നിൽപുണ്ടായിരുന്നു. എഫ്.സി ഗോവയുടെ കോച്ച് യുവാൻ ഫെറാൻഡോ. സൂപ്പർ സബ് എന്ന തുറുപ്പുചീട്ടായി ഇഷാനെ വിദഗ്ധമായി ഉപയോഗിക്കാനറിയാവുന്ന പരിശീലകൻ. െഎ.എസ്.എല്ലിൽ ഗോവ 16 മത്സരം പൂർത്തിയാക്കിയെങ്കിലും ഫോർവേഡായ ഇഷാൻ കളത്തിലിറങ്ങിയത് ആകെ ആറുകളികളിലായി 21 മിനിറ്റ് മാത്രം. 11 പാസ്, 14 ടച്ച്. നേട്ടം മൂന്നുഗോൾ. അതും ടീം തോൽവിയുടെ വക്കിൽനിൽക്കെ എണ്ണം പറഞ്ഞ സമനിലഗോളുകൾ. മോഹൻ ബഗാനെതിരെ 84, ൈഹദരാബാദിനെതിരെ 87, മുംബൈക്കെതിരെ 96 മിനിറ്റുകളിലായിരുന്നു ഇവ. സ്പാനിഷ് ലീഗിലെ സി.ഡി ലഗാനസിെൻറ താരമായിരുന്ന 22 കാരൻ ഇഷാൻ പണ്ഡിത കശ്മീരുകാരനാണ്. ലാലിഗ ക്ലബിൽ ചേർന്ന ആദ്യ ഇന്ത്യക്കാരനായ ഇഷാെൻറ ഗോവയിലെ മിന്നും പ്രകടനം ദേശീയ ടീമിലേക്ക് വാതിൽ തുറന്നാലും അത്ഭുതപ്പെടാനില്ല.
സൂപ്പർ സബ്ബുകളുടെ കൂട്ടത്തിൽ ചേർത്തുവെക്കാവുന്ന മറ്റൊരു പേരുകൂടിയുണ്ട്. ഹൈദരാബാദിെൻറ മുന്നേറ്റതാരം ലിസ്റ്റൺ കൊളാസോ. നോർത്ത് ഇൗസ്റ്റിനെതിരായ മത്സരത്തിൽ ടീം 2-2 ന് സമനിലയിലേക്ക് നീങ്ങവെ 85, 94 മിനിറ്റുകളിലായിരുന്നു ലിസ്റ്റൺ വലകുലുക്കിയത്. മൂന്നു എതിർ താരങ്ങളെ സുന്ദരമായി ഡ്രിബ്ൾ ചെയ്തുനേടിയ ലിസ്റ്റെൻറ ആദ്യ ഗോൾ ഇൗ സീസണിലെ തന്നെ ചന്തമേറിയ ഗോളുകളിലൊന്നായിരുന്നു. 2016-17 സീസണിൽ സന്തോഷ് ട്രോഫി സെമിഫൈനലിൽ കിരീട ഫേവറിറ്റുകളായിരുന്ന കേരളത്തെ വീഴ്ത്തിയ ഗോളിനുടമ കൂടിയാണ് ലിസ്റ്റൺ. ജാംഷഡ്പുരിനെതിരെ 59ാം മിനിറ്റിൽ പകരക്കാരനായിറങ്ങി 77, 93 മിനിറ്റുകളിൽ ഒഡിഷയുടെ ഡിയഗോ മൗറീഷ്യോയും സൂപ്പർ സബ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.