രണ്ടുവട്ടം റഫിഞ്ഞ, സൂപ്പർ ബ്രസീൽ; തരിപ്പണമായി തുനീഷ്യ
text_fieldsപാരിസ്: ഖത്തറിലേക്കുള്ള മുന്നൊരുക്കവുമായി കളത്തിലിറങ്ങിയ ബ്രസീലിന് കണ്ണഞ്ചും ജയം. തുനീഷ്യക്കെതിരെ സന്നാഹ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചുഗോളുകളുടെ തകർപ്പൻ ജയവുമായി സമീപകാലത്തെ അപ്രമാദിത്വത്തിന് മഞ്ഞപ്പട അടിവരയിട്ടു. പാരിസിലെ പാർക് ഡി പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ റഫിഞ്ഞ രണ്ടു ഗോളുമായി മികവു കാട്ടിയപ്പോൾ റിച്ചാർലിസൺ, നെയ്മർ, പെഡ്രോ എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു.
11-ാം മിനിറ്റിൽ തുനീഷ്യൻ ഗോളി അയ്മൻ ദാഹിമിന് കൈയെത്തിപ്പിടിക്കാനാകാതെ തൊടുത്ത തകർപ്പൻ ഹെഡറിലൂടെ റഫിഞ്ഞ ബ്രസീലിനെ മുന്നിലെത്തിച്ചു. ഏഴു മിനിറ്റിനകം ഫ്രീകിക്കിൽ ഹെഡറുതിർത്ത് മുൻതസർ തൽബി ആഫ്രിക്കക്കാരെ ഒപ്പമെത്തിച്ചു. അടുത്ത മിനിറ്റിൽതന്നെ റഫിഞ്ഞയുടെ പാസിൽ ഗോളിയുടെ കാലുകൾക്കിടയിലൂടെ ഗ്രൗണ്ട് ഷോട്ട് പായിച്ച് റിച്ചാർലിസൺ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
കളി അരമണിക്കൂറാകവേ തന്നെ ഐസ ലൈദൂനി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് നെയ്മർ വല കുലുക്കിയത്. 40-ാം മിനിറ്റിൽ അതിവേഗ പ്രത്യാക്രമണത്തിൽനിന്ന് റഫിഞ്ഞ ലീഡ് ഉയർത്തി. 42-ാം മിനിറ്റിൽ നെയ്മറിനെ ഫൗൾ ചെയ്തതിന് ഡിഫൻഡർ ഡൈലാൻ ബ്രോൺ ചുകപ്പുകാർഡ് കണ്ട് പോയതോടെ പിന്നീട് പത്തുപേരുമായാണ് തുനീഷ്യ പന്തുതട്ടിയത്.
വിജയം ഉറപ്പിച്ച ബ്രസീൽ നിരയിൽ കോച്ച് ടിറ്റെ രണ്ടാം പകുതിയിൽ നിരവധി കളിക്കാർക്ക് അവസരം നൽകി. െഫ്ലമംഗോ ഫോർവേഡും ബ്രസീലിന്റെ പുതിയ സെൻസേഷനുമായ പെഡ്രോയാണ് തകർപ്പൻ ഫിനിഷിങ്ങിലൂടെ 74-ാം മിനിറ്റിൽ ടീമിന്റെ അഞ്ചാം ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.