എല്ലാ ഘടകങ്ങളും പ്രതികൂലം; എന്നിട്ടും മധ്യപ്രദേശിനെതിരെ കേരളം ജയിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി അരുൺ ജെയ്റ്റ്ലി മൈതാനത്ത് കളി തുടങ്ങുംമുമ്പ് എല്ലാ ഘടകങ്ങളും പ്രതികൂലമായിരുന്നു കേരളത്തിന്. നോക്കൗട്ടിനരികെ ഒരു ജയം അധികമായുള്ള രണ്ടു കരുത്തർ മുന്നിൽ. മുഖാമുഖം വരുന്നതാകട്ടെ, പട്ടികയിൽ അതുവരെയും ഏറ്റവും മുന്നിൽനിന്നവരും. എന്നിട്ടും കേരളം ജയിച്ചു. എട്ടുവിക്കറ്റിെൻറ വൻ ജയവുമായി പ്രീക്വാർട്ടർ യോഗ്യതയും നേടി. മുഷ്താഖ് അലി ട്രോഫി ട്വൻറി20 ടൂർണമെൻറ് ഗ്രൂപ് ഡിയിലെ ആവേശപ്പോരിൽ മധ്യപ്രദേശിനെയാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജുവും സച്ചിൻ ബേബിയും നയിച്ച കേരളം തകർത്തുവിട്ടത്.
ഗ്രൂപ് ചാമ്പ്യന്മാരായ ഗുജറാത്തിന് (16) പിന്നിൽ കേരളത്തിനും മധ്യപ്രദേശിനും തുല്യ പോയൻറ് (12 വീതം). റൺശരാശരി മുൻതൂക്കം മധ്യപ്രദേശിനായിരുന്നെങ്കിലും പരസ്പര പോരിലെ വിജയം കേരളത്തിന് തുണയായി. ഇതോടെ രണ്ടാം സ്ഥാനക്കാരായി കേരളം പ്രീക്വാർട്ടറിലേക്ക് മുന്നേറി. അഞ്ച് ഗ്രൂപ്പുകളിലെ ചാമ്പ്യന്മാർ നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടന്നപ്പോൾ പ്ലേറ്റ് ഗ്രൂപ് ജേതാക്കളായ വിദർഭയും അഞ്ചു ഗ്രൂപ്പുകളിലെ കേരളമടക്കമുള്ള രണ്ടാം സ്ഥാനക്കാരും പ്രീക്വാർട്ടറിലെത്തി. ഈമാസം 16ന് ഹിമാചൽ പ്രദേശിനെതിരെയാണ് കേരളത്തിന്റെ പ്രീക്വാർട്ടർ പോരാട്ടം.
ഐ.പി.എല്ലിലെ മിന്നും താരം വെങ്കടേഷ് അയ്യരുൾപ്പെടെ ഇറങ്ങിയ മധ്യപ്രദേശിനായിരുന്നു കളി തുടങ്ങും മുമ്പ് മുൻതൂക്കം. ആദ്യം ബാറ്റു ചെയ്ത ടീം രജത് പട്ടീദാറുടെ അർധ സെഞ്ച്വറി (77) കരുത്തിൽ 171 റൺസ് എന്ന മികച്ച ടോട്ടൽ കുറിക്കുകയും ചെയ്തു. പാർഥ് സഹാനി (32), കുൽദീപ് ഗേഹി (31) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. ബൗളിങ്ങിലെ നഷ്ടം ബാറ്റിങ്ങിൽ കടംവീട്ടിയായിരുന്നു കേരളത്തിെൻറ തിരിച്ചടി. രോഹൻ കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും തുടക്കമിട്ട മറുപടി ബാറ്റിങ് തുടക്കം മുതൽ കരുത്തുകാട്ടി. തുടക്കം നങ്കൂരമിട്ടു കളിച്ച ഇരുവരും യഥാക്രമം 29ഉം 21ഉം റൺസെടുത്ത് മടങ്ങിയതോടെ മൂന്നാം വിക്കറ്റിൽ ഒരുമിച്ചത് സച്ചിൻ ബേബിയും സഞ്ജു സാംസണും.
എതിർ ബൗളിങ്ങിനെ ഒട്ടും മയമില്ലാതെ പിച്ചിച്ചീന്തിയ ഇരുവരും അർധ സെഞ്ച്വറികളുമായി പുറത്താകാതെ നിന്നപ്പോൾ കേരളം 18 ഓവറിൽ കളി തീർത്തു. 33 പന്തിൽ സഞ്ജു 56 ഉം സച്ചിൻ ബേബി 27 ൽ 51ഉം റൺസെടുത്തു. ഐ.പി.എല്ലിൽ ബൗളിങ് മികവുമായി വേറിട്ടുനിന്ന ആവേശ് ഖാൻ മാത്രമാണ് കാര്യമായി തല്ലുകൊള്ളാതെ രക്ഷപ്പെട്ടത്. കുൽദീപ് സെൻ വഴങ്ങിയത് മൂന്ന് ഓവറിൽ 45 റൺസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.