ടീം 4, പോയന്റ് 3, കളി 2, ബാക്കി 1; ഗ്രൂപ് ‘ഇ’യിൽനിന്ന് ആർക്കും കടക്കാം
text_fieldsകൊളോൺ: യൂറോ ഗ്രൂപ് ഇയിലെ സസ്പെൻസ് മൂന്നാം റൗണ്ടിലേക്ക് നീട്ടി ടീമുകൾ. ജയത്തോടെ റുമേനിയക്ക് (3) പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് കയറി ബെൽജിയം. മൂന്നും നാലും സ്ഥാനക്കാരായ സ്ലോവാക്യക്കും യുക്രെയ്നും മൂന്ന് വീതം പോയന്റ് തന്നെയായതിനാൽ അവസാന മത്സരങ്ങൾ എല്ലാവർക്കും നിർണായകമായി.
ആദ്യകളിയിൽ സ്ലോവാക്യയോട് തോൽവി ഏറ്റുവാങ്ങിയ ബെൽജിയം റുമേനിയക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ജയിച്ചത്. രണ്ടാം മിനിറ്റിൽ യൂരി ടീലിമാൻസിലൂടെ മുന്നിലെത്തിയ ബെൽജിയത്തിനായി 79ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിനും സ്കോർ ചെയ്തു.
രണ്ടാം മിനിറ്റിൽ ഡോകു ബോക്സിനകത്തേക്ക് നീട്ടിയ പന്ത് സ്വീകരിച്ച റൊമേലു ലുക്കാക്കു റിവേഴ്സ് ത്രൂവിലൂടെ ടീലിമാൻസിന് കൈമാറി. കണ്ണടച്ചുതുറക്കും വേഗത്തിൽ പന്ത് ടീലിമാൻസ് വലയിലാക്കി. പിന്നീട് നീണ്ട 77 മിനിറ്റ് നേരം മറുപടിക്കായി റുമാനിയയും ജയമുറപ്പിക്കാൻ ബെൽജിയവും കൊണ്ടും കൊടുത്തും മുന്നേറിയെങ്കിലും ഗോൾ അകന്നുനിന്നു. 63ാം മിനിറ്റിൽ ഡി ബ്രൂയിനിന്റെ പാസിൽ ലുക്കാക്കു ഗോളടിച്ച് ആഘോഷം തുടങ്ങിയെങ്കിലും വാറിലൂടെ ഓഫ് സൈഡാണെന്ന് കണ്ടെത്തിയതോടെ വീണ്ടും ലീഡ് ഒന്നിലേക്ക് ചുരുങ്ങി.
പിന്നീട് 79ാം മിനിറ്റിൽ ബെൽജിയം ഗോൾ കീപ്പർ കാസ്റ്റീൽസിന്റെ ലോങ് റെയിഞ്ച് ഗോൾ കിക്ക് റുമാനിയൻ ബോക്സിന് മുന്നിൽനിന്ന് സ്വീകരിച്ച കെവിൻ ഡി ബ്രൂയിൻ മനോഹരമായി വലയിലെത്തിച്ചതോടെ രണ്ടുഗോൾ ലീഡിൽ ബെൽജിയം ജയം ആധികാരികമാക്കി.
അസൂറി-ക്രോട്ട് ഒടുക്കത്തെ പോര്
ലെയ്പിഷ്: യൂറോയിൽ പ്രീ ക്വാർട്ടർ തേടി ഗ്രൂപ് ബിയിൽ തിങ്കളാഴ്ച ഇറ്റലിയും ക്രൊയേഷ്യയും ഏറ്റുമുട്ടും. ഗ്രൂപ്പിൽ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് നോക്കൗട്ടിൽ കടന്ന സ്പെയിനിന് അൽബേനിയയും എതിരാളികളായെത്തും. സ്പെയിൻ (6), ഇറ്റലി (3), അൽബേനിയ (1), ക്രൊയേഷ്യ (1) എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി. ഇറ്റലിയെ തോൽപിച്ചാൽ ക്രൊയേഷ്യക്കും സ്പാനിഷ് സംഘത്തെ അട്ടിമറിക്കാനായാൽ ക്രൊയേഷ്യക്കും നാല് വീതം പോയന്റാവും. മൂന്ന് ടീമുകൾക്കും നോക്കൗട്ട് സാധ്യതയുണ്ടെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.