ബാഴ്സയിൽ കൂട്ടപ്പടിയിറക്കം? വലവീശി വമ്പന്മാർ
text_fieldsമഡ്രിഡ്: സമീപകാല ചരിത്രത്തിലെ വലിയ പതനവുമായി തകർച്ചയുടെ വക്കിൽ നിൽക്കുന്ന ബാഴ്സലോണയിൽ ശുദ്ധികലശം പ്രഖ്യാപിച്ച് പുതിയ പരിശീലകനെത്തിയതോടെ താരങ്ങളെ വലവീശിപ്പിടിക്കാനൊരുങ്ങി യൂറോപ്പിലെ മുൻനിര ക്ലബുകൾ.
സൂപ്പർ താരം ലയണൽ മെസ്സി മനസ്സു തുറക്കാതെ മാറിനിൽക്കുകയും പ്രമുഖരിൽ പലരുടെയും തലയുരുളുമെന്ന് ഉറപ്പാകുകയും ചെയ്തതോടെയാണ് കൂട്ടപടിയിറക്കത്തിെൻറ സൂചനകൾ മുഴങ്ങുന്നത്. എട്ടു പേരെ മാത്രമേ നിലനിർത്തൂ എന്ന് കഴിഞ്ഞ ദിവസം ക്ലബ് പ്രസിഡൻറ് ജോസഫ് ബർതോമിയോ വ്യക്തമാക്കിയിരുന്നു. ലൂയി സുവാരസ് ഉൾപ്പെടെ പ്രമുഖരൊന്നും പട്ടികയിൽ ഇടംപിടിച്ചിട്ടുമില്ല. സുവാരസിനെ പിടിക്കാൻ ഡച്ച് ടീമായ അയാക്സും സീരി ചാമ്പ്യൻ ക്ലബായ യുവൻറസും മുൻനിരയിലുണ്ട്. 612 മത്സരങ്ങളിൽ 406 ഗോൾ സ്വന്തം പേരിൽ കുറിച്ച ഉറുഗ്വായ് താരം കഴിഞ്ഞ സീസണിലും 20ലേറെ ഗോളുമായി ടീമിെൻറ നെടുന്തൂണായിരുന്നു.
നാല് ബാഴ്സ താരങ്ങളെ നോട്ടമിടുന്നതായി മാഞ്ചസ്റ്റർ യുനൈറ്റഡ് വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഉസ്മാനെ ഡെംബലെ, അർതുറോ വിദാൽ, ഇവാൻ റാകിറ്റിച്, സാമുവൽ ഉംറ്റിറ്റി എന്നിവരെയാണ് ടീം ഉറ്റുനോക്കുന്നത്. നേരത്തെ പ്രീമിയർ ലീഗിൽ ബൂട്ടുകെട്ടിയ ജെറാർഡ് പിെക്വക്കായി ഫുൾഹാം രംഗത്തുവന്നിട്ടുണ്ട്. അതേ സമയം, ഈ പേരുകളിൽ പലതും ആഴ്സനൽ, പി.എസ്.ജി തുടങ്ങി മറ്റു ടീമുകളുമായി ചേർത്തും ഗോസിപ്പുകൾ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.