‘പരിക്ക് കാരണമല്ല, കരഞ്ഞത് ടീമിനെ സഹായിക്കാൻ കഴിയാത്തതിനാൽ’; മെസ്സി ദേശസ്നേഹത്തിന്റെ പ്രതീകമെന്ന് സഹതാരം
text_fieldsലോകകപ്പ് ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമെന്ന പകിട്ടോടെ എത്തിയാണ് അർജന്റീന ഇത്തവണ കോപ അമേരിക്ക സ്വന്തമാക്കിയത്. കൊളംബിയക്കെതിരെ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ എക്സ്ട്രാ ടൈമിലാണ് അർജന്റീനയുടെ വിജയ ഗോൾ പിറന്നത്. മത്സരത്തിനിടെ പരിക്കേറ്റ് കളംവിടേണ്ടിവന്ന അർജന്റീന ക്യാപ്റ്റൻ മെസ്സിയുടെ മുഖം ആരാധകർ മറക്കാനിടയില്ല. ആരിയാസിന്റെ ചവിട്ടിൽ പരിക്കേറ്റിട്ടും കളത്തിൽ തുടർന്ന മെസ്സിക്ക് 64-ാം മിനിറ്റിലാണ് കളം വിടേണ്ടിവന്നത്.
ഡഗൗട്ടിലിരിക്കെ കണ്ണീരടക്കാനാവാതെ ഇരിക്കുന്ന മെസ്സി ഫുട്ബാൾ ആരാധകരുടെയും വേദനയായി. മത്സരം നിശ്ചിത സമയം പൂർത്തിയാക്കാൻ 25 മിനിറ്റ് ശേഷിക്കെയാണ് മെസ്സി കളം വിട്ടത്. ഡഗൗട്ടിൽ മെസ്സിക്ക് അരികെ ഇരിക്കുകയായിരുന്ന സഹതാരം ലിയാൻഡ്രോ പരേഡെസ് ആ സമയത്ത് ഇതിഹാസ താരത്തോട് നടത്തിയ സംഭാഷണത്തിന്റെ വിവരമാണ് ഇപ്പോൾ ഫുട്ബാൾ ലോകത്ത് ചർച്ചയാകുന്നത്. പരിക്കിനപ്പുറം ടീമിനൊപ്പം മത്സരം പൂർത്തിയാക്കാൻ കഴിയാത്തതും അവരെ സഹായിക്കാൻ കഴിയാത്തതുമാണ് തന്റെ വിഷമമെന്ന് മെസ്സി പറഞ്ഞതായി പരേഡെസ് ഓർക്കുന്നു.
“മെസ്സി പരിക്കേറ്റ് കളംവിട്ടപ്പോൾ, ഞാൻ അദ്ദേഹത്തിന്റെ അരികിൽ ഇരിക്കുകയായിരുന്നു. പരിക്ക് സാരമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മെസ്സിയുടെ കണങ്കാൽ പരിക്കേറ്റ് വീർത്തിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘ലിയോ കരയരുത് എല്ലാം ശരിയാകും’. അദ്ദേഹം എന്നോട് പറഞ്ഞ മറുപടി എന്നെ അദ്ഭുതപ്പെടുത്തി, ‘പരിക്ക് കാരണമല്ല, മത്സരം പൂർത്തിയാക്കാനും ടീമിനെ സഹായിക്കാനും കഴിയുന്നില്ല എന്നോർത്താണ് കരയുന്നത്. ഇത് ഫൈനൽ മത്സരമാണ്. ടീമിന് എന്നെ ആവശ്യമുണ്ട്’.
പരിക്ക് പറ്റിയിട്ടും 60 മിനിറ്റ് കളിച്ച ശേഷമാണ് അദ്ദേഹം ഡഗൗട്ടിലേക്ക് മടങ്ങിയത്. ചിലപ്പോൾ മൈതാനത്ത് നിൽക്കുകയും ചിലപ്പോൾ ചിന്തിക്കുകയും ചെയ്യും. എക്സ്ട്രാ ടൈമിൽ ഗോൾ പിറന്നപ്പോൾ അദ്ദേഹം പരിക്ക് മറന്ന് ഞങ്ങളോടൊപ്പം ആഘോഷിച്ചു. അർജന്റീനയിലെ ദേശസ്നേഹത്തിന്റെ പ്രതീകമാണ് മെസ്സി” -പരേഡെസ് പറഞ്ഞു. 112-ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസാണ് അർജന്റീനക്കായി വിജയ ഗോൾ നേടിയത്. 16-ാം കിരീടത്തോടെ കോപ്പയിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരെന്ന റെക്കോഡും അർജന്റീന സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.