വിനീഷ്യസിന്റെ ജഴ്സിയണിഞ്ഞ് സഹതാരങ്ങൾ; ഐക്യദാർഢ്യവുമായി കാണികളുടെ കൂറ്റൻ ബാനർ
text_fieldsമാഡ്രിഡ്: വംശീയാധിക്ഷേപത്തിനിരയായ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാർഢ്യവുമായി സഹതാരങ്ങൾ. റയോ വലേകാനോക്കെതിരായ മത്സരത്തിനുമുമ്പാണ് താരങ്ങൾ വിനീഷ്യസിന്റെ 20ാം നമ്പർ ജഴ്സി ധരിച്ച് ഗ്രൗണ്ടിലെത്തിയത്. 'വംശീയവാദികൾ ഫുട്‌ബാളിനു പുറത്ത്' എന്നെഴുതിയ ലാ ലിഗയുടെ ഔദ്യോഗിക പ്ലക്കാർഡിന് പിറകെ താരങ്ങൾ അണിനിരന്നു. പാന്റും ഓവർകോട്ടും ധരിച്ച് വിനീഷ്യസും താരങ്ങൾക്കൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു. റയൽ, വലേകാനോ ക്യാപ്റ്റന്മാർ വംശീയതക്കെതിരായ സന്ദേശങ്ങളടങ്ങിയ ആം ബാൻഡ് ധരിച്ചാണ് കളത്തിലെത്തിയത്. ആരാധകരിൽ പലരും താരത്തിന്റെ ജഴ്‌സിയണിഞ്ഞാണ് കളി കാണാനെത്തിയത്. ഇതോടൊപ്പം വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ച് ഗാലറിയിൽ കൂറ്റൻ ബാനറും ഉയർന്നു.
അതേസമയം, വിനീഷ്യസ് മത്സരത്തിൽ ഇറങ്ങിയിരുന്നില്ല. വലൻസിയക്കെതിരായ മത്സരത്തിൽ ലഭിച്ച ചുവപ്പ് കാർഡ് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ പിൻവലിച്ചതോടെ സസ്‌പെൻഷൻ ഒഴിവായിരുന്നു. പരിക്കിനെ തുടർന്നാണ് താരം കളത്തിലിറങ്ങാതിരുന്നതെന്നാണ് വിവരം. റയൽ പ്രസിഡന്റ് േഫ്ലാറന്റിനോ പെരെസിനൊപ്പം ഇരുന്നാണ് വിനീഷ്യസ് കളി കണ്ടത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് റയൽ, വലേക്കാനോയെ തോൽപിച്ചിരുന്നു. കരീം ബെൻസേമയും റോഡ്രിഗോയും റയലിനായി ഗോളുകൾ നേടിയപ്പോൾ റൗൾ ഡി തോമസിന്റെ വകയായിരുന്നു വലേകാനോയുടെ ഗോൾ.
2021 മുതൽ വിനീഷ്യസ് നേരിടുന്ന പത്താമത്തെ വംശീയാധിക്ഷേപമാണ് ഞായറാഴ്ച വലൻസിയക്കെതിരായ മത്സരത്തിൽ ഉണ്ടായത്. രൂക്ഷമായ അധിക്ഷേപം ഉയർന്നതോടെ ഇങ്ങനെ മുന്നോട്ടുപോവാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കുകയും പത്ത് മിനിറ്റിലധികം മത്സരം തടസ്സപ്പെടുകയും ചെയ്തിരുന്നു. എതിർ ടീമുമായുള്ള തർക്കത്തിനിടെ വലൻസിയ സ്ട്രൈക്കർ ഹ്യൂഗോ ഡ്യൂറോയുടെ മുഖത്ത് വിനീഷ്യസിന്റെ കൈ തട്ടിയതിന്റെ പേരിൽ റഫറി താരത്തിന് ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. എന്നാൽ, ഈ നടപടി റദ്ദാക്കാൻ കോംപറ്റീഷൻ കമ്മിറ്റി പിന്നീട് തീരുമാനിച്ചു.
മത്സരത്തിന് ശേഷം വംശീയാധിക്ഷേപത്തിനെതിരെ താരം ശക്തമായി പ്രതികരിച്ചിരുന്നു. ‘മെസ്സിയും ക്രിസ്റ്റ്യാനോയും റൊണാള്‍ഡോയും റൊണാൾഡീഞ്ഞോയുമൊക്കെ കളിച്ച ഒരു ലീഗ് ഇന്ന് വംശീയവാദികളുടേതാണ്’, താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ഇത് ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയല്ല. വംശീയാധിക്ഷേപം ലാലിഗയിൽ പതിവായിരിക്കുകയാണ്. എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. ഞാൻ ഇഷ്ടപ്പെടുന്ന, എന്നെ സ്വാഗതം ചെയ്ത ഒരു മനോഹര രാഷ്ട്രത്തിന് ഇപ്പോൾ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രാഷ്ട്രമെന്ന പ്രതിഛായയാണ്. ഇതിനോട് യോജിക്കാത്ത സ്പെയിൻകാർ ക്ഷമിക്കുക. എന്നാൽ, ഇന്ന് ബ്രസീലിൽ സ്പെയിൻ അറിയപ്പെടുന്നത് വംശീയവാദികളുടെ രാഷ്ട്രമായാണ്. നിര്‍ഭാഗ്യവശാല്‍ എല്ലാ ആഴ്ചയും തുടരുന്നതിനാല്‍ അതിനെ പ്രതിരോധിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇക്കാര്യം ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ ശക്തനാണ്, വംശീയവാദികള്‍ക്കെതിരെ അവസാന നിമിഷം വരെ പോരാടും, അത് ഏറെ ദൂരെയാണെങ്കിലും’, താരം കൂട്ടിച്ചേർത്തു.
താരത്തിന് പിന്തുണയുമായി ഫുട്ബാൾ താരങ്ങളും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഉൾപ്പെടെയുള്ളവരും രംഗത്തുവന്നു. അധിക്ഷേപവുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തു. ശക്തമായ നടപടിയുമായി രംഗത്തെത്തിയ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ വംശീയതക്കെതിരെ കാമ്പയിൻ ആരംഭിക്കുകയും വലൻസിയക്ക് 45000 യൂറോ (ഏകദേശം 40 ലക്ഷം രൂപ) പിഴയിടുകയും ചെയ്തു. ക്ലബിന്റെ ഗ്രൗണ്ടായ മെസ്റ്റല്ല സൗത്ത് സ്റ്റാൻഡിലേക്ക് അടുത്ത അഞ്ച് മത്സരങ്ങളിൽ കാണികളെ വിലക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.