പയ്യനാട് ഗാലറി ഫുൾ: ആതിഥേയരുടെ ആദ്യ മത്സരത്തിന് ഒഴുകിയെത്തിയത് പതിനായിരങ്ങൾ
text_fieldsമഞ്ചേരി: ചരിത്രമുറങ്ങുന്ന കോട്ടപ്പടി മൈതാനത്തുനിന്നും തൊടുത്തുവിട്ട പന്ത് ഉരുണ്ട് ഉരുണ്ട് പയ്യനാടിന്‍റെ ഹൃദയത്തിലേക്ക് പാഞ്ഞുകയറി. കാറ്റുനിറച്ച ആ തുകൽപന്തിന്‍റെ ഓരോ നീക്കവും മുന്നേറ്റവും പ്രതിരോധവും ഗാലറിയിൽ ആരവം തീർത്തു. ഫുട്ബാളിനെ നെഞ്ചിലേറ്റിയ ജനത അതിനൊപ്പം താളം ചവിട്ടി. 75ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാമത്തെ മത്സരമായ കേരളം-രാജസ്ഥാൻ പോരാട്ടം കാണാനായി എത്തിയ ഫുട്ബാൾ പ്രേമികൾ പയ്യനാടിനെ അക്ഷരാർഥത്തിൽ പന്തുകളിയുടെ പറുദീസയാക്കി.
മത്സരത്തിന് വിസിൽ മുഴങ്ങും മുമ്പ് തന്നെ ഗാലറി നിറഞ്ഞു കവിഞ്ഞു. ആദ്യ പകുതി പിന്നിട്ടിട്ടും ഗാലറിയിലേക്കുള്ള ഒഴുക്ക് നിലച്ചില്ല. പുറത്ത് ഗേറ്റ് അടച്ചതോടെ സംഘർഷാവസ്ഥയിലേക്ക് വരെ കാര്യങ്ങൾ നീങ്ങി. അകത്തു കടക്കാനാകാതെ നിരവധി പേർ പുറത്തെ പ്രധാന കവാടത്തിനു മുന്നിൽ കുടുങ്ങി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും വളന്‍റിയർമാരും പാടുപെട്ടു. സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ റോഡുകളും വാഹനങ്ങളാൽ നിറഞ്ഞു. 2014ലെ ഫെഡറേഷൻ കപ്പിനുശേഷം ഇതാദ്യമായി ലഭിച്ച ചാമ്പ്യൻഷിപ് തന്നെ ഹൃദയത്തിലേറ്റിയ കാഴ്ചയായിരുന്നു അത്. കായിക മന്ത്രി വി. അബ്ദുറഹിമാൻ കിക്കോഫിന് വിസിൽ മുഴക്കിയതോടെ ആരവം കടലുണ്ടിപ്പുഴയും കടന്നു.
ഐ.എം. വിജയൻ, വി.പി. സത്യൻ, യു. ഷറഫലി, ആസിഫ് സഹീർ തുടങ്ങി സന്തോഷ് ട്രോഫിയിൽ കേരളത്തിനായി മായാജാലം കാട്ടിയ തലമുറയുടെ മത്സരങ്ങൾ നേരിട്ട് കാണാൻ പറ്റാത്തവർ പുതുതലമുറയുടെ പ്രകടനം നേരിൽകാണാനായി നേരത്തേ തന്നെ എത്തി.
കൃത്യം 8.05ന് മാച്ച് റഫറി എസ്. സെന്തിൽ നാദൻ വിസിൽ ഊതിയതോടെ ആതിഥേയരുടെ ആദ്യമത്സരത്തിന് അങ്കംകുറിച്ചു. സന്തോഷ് ട്രോഫിക്കായി പച്ചപ്പണിഞ്ഞ് നിന്ന മൈതാനത്തിൽ നായകൻ ജിജോ ജോസഫിന്‍റെ നേതൃത്വത്തിലായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം. എതിരാളികളുടെ പോസ്റ്റിലേക്ക് പന്തുമായി കുതിക്കുമ്പോഴെല്ലം ഗാലറി ആവേശത്തിൽ ആറാടി. കിട്ടിയ അവസരങ്ങൾ പാഴാക്കിയപ്പോൾ അത് നെടുവീർപ്പായി മാറി. ആറാം മിനിറ്റിൽ നായകൻ തന്നെ എതിരാളികളുടെ വലയിലേക്ക് പന്തെത്തിച്ചതോടെ ഗാലറി ഇളകി മറിഞ്ഞു. സ്വന്തം ടീമിന്‍റെ ഓരോ മുന്നേറ്റത്തിനും അവർ ഒരേ സ്വരത്തിൽ താളംപിടിച്ചു. വുവുസേലയോട് സാമ്യതയുള്ള നീളൻ പീപ്പികളുമായി കളിയാരാധാകർ ഗാലറിയെ പിടിച്ചുകുലുക്കി.
കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നടത്തിയ ചാൻറും മൊബൈൽ വെളിച്ചം ഉപയോഗിച്ച് നടത്തിയ 'ഫ്ലാഷ് ഡാൻസും' ആവേശം ഇരട്ടിപ്പിച്ചു. ആരാധകർ നടത്തിയ മെക്സിൻ തിരമാല ലോകകപ്പ് വേദിയും അനുസ്മരിപ്പിക്കും വിധമായിരുന്നു. നൗ കാമ്പിലേയും സാൻറിയാഗോ ബർണബ്യൂവിലെയും ആൻഫീൽഡിലെയും ആവേശം കണ്ട് മാത്രം ശീലിച്ച മലപ്പുറത്തുകാർ പയ്യനാടിനെ മിനി നൗ കാമ്പും മാഞ്ചസ്റ്ററിലെ ചുവന്ന കോട്ടയുമെല്ലാമാക്കി മാറ്റി. ഗാലറിയിലെ ആരവം കളിക്കാരുടെ കാലുകളിലേക്കും പടർന്നതോടെ മൈതാനത്തിനും തീപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.