താങ്ക് യൂ, ലെജൻഡ്
text_fieldsബെർലിൻ: ഫുട്ബാളിൽ പ്രതിരോധവും വശ്യമായ കലയാണെന്ന് ലോകത്തെ വിസ്മയിപ്പിച്ച ചക്രവർത്തിക്ക് വിടനൽകി ജർമനി. എക്കാലത്തെയും മികച്ച ഡിഫൻഡറായി വാഴ്ത്തപ്പെട്ട ഫ്രാൻസ് ബെക്കൻബോവർ തന്റെ 78ാം വയസ്സിൽ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പ്രതിരോധകോട്ട കാത്ത് പിൻനിര ഭരിച്ചപ്പോഴും ഏറ്റവും മുന്നിലെ നീക്കങ്ങളിൽപോലും തനിക്കുമാത്രം സാധ്യമായ സ്പർശം പകർന്ന് ജർമൻ ഫുട്ബാളിൽ സമാനതകളില്ലാത്ത വ്യക്തിത്വമായി എഴുന്നുനിന്ന അദ്ദേഹം താരമായും പരിശീലകനായും ജർമനിയെ ലോകകിരീടത്തിലെത്തിച്ചാണ് മടങ്ങുന്നത്.
അത്യസാധാരണ ചടുലതയുമായി പ്രതിഭ വഴിഞ്ഞ പാദങ്ങൾ മൈതാനങ്ങളെ ത്രസിപ്പിച്ചുനിർത്തിയിട്ടും കാഴ്ചകളുടെ വശ്യതയിലേക്ക് കാമറക്കണ്ണുകളും ടെലിവിഷനും തുറന്നിട്ടില്ലാത്ത 1950കൾ മുതൽ 80കൾവരെ കാലഘട്ടത്തിൽ താരങ്ങൾ നിരവധിയുണ്ട്. പെലെ, യൊഹാൻ ക്രൈഫ്, ആൽഫ്രഡോ ഡി സ്റ്റൈഫാനോ, ഫെറങ്ക് പുഷ്കാസ്, ജോർജ് ബെസ്റ്റ്... ഡീഗോ മറഡോണയിൽ ചെന്നവസാനിക്കുന്ന പട്ടികയിലെ മറ്റൊരു പേര് ബെക്കൻബോവറുടെയായിരുന്നു.
അദ്ദേഹംകൂടി മറയുന്നതോടെ ആ പട്ടികക്കും തിരശ്ശീല വീഴുകയാണ്. ഒരേവർഷം ലോകകപ്പും യൂറോപ്യൻ കപ്പും നേടിയതുൾപ്പെടെ ബെക്കൻബോവറുടെ തലയിലെ തൂവലുകൾ നിരവധി. മുന്നേറ്റനിരയിൽ അല്ലാത്തതിനാൽ ഗോളുകളുടെ എണ്ണമേറെയില്ലാതിരുന്നിട്ടും ജർമനിയും ലോകവും ആ ഗണത്തിൽ അദ്ദേഹത്തെ ആദരത്തോടെ എണ്ണാൻ തിടുക്കപ്പെട്ടു.
ചക്രവർത്തി എന്ന് അർഥമുള്ള ‘കൈസർ’ എന്നു വിളിപ്പേര് നൽകപ്പെട്ട ബെക്കൻബോവർ അക്ഷരാർഥത്തിൽ സോക്കർ രാജാവായിരുന്നെന്ന് ഇറ്റാലിയൻ ഇതിഹാസം ഫ്രാങ്കോ ബരേസി പറയുന്നു. ഒരു യുഗത്തെ ഒന്നാകെ ത്രസിപ്പിച്ചും പ്രചോദിപ്പിച്ചും അടയാളപ്പെടുത്തിയ ഫുട്ബാളറായിരുന്നെന്നും ബരേസിയുടെ വാക്കുകൾ. ബുണ്ടസ് ലിഗയിൽ അതിവേഗം ബഹുദൂരം മുന്നിൽ കുതിക്കുന്ന ബയേൺ മ്യൂണിക്കിനെ ഉയരങ്ങൾ സ്വപ്നം കാണാൻ പഠിപ്പിച്ച താരമായിരുന്നു ബെക്കൻബോവർ.
ഒന്നാം ലീഗിലേക്ക് ടീമിന് സ്ഥാനക്കയറ്റം നൽകിയ മ്യൂണിക്കുകാരൻ വൈകാതെ തുടർച്ചയായ ചാമ്പ്യന്മാരുമാക്കി. ജർമനിയിൽ തുടങ്ങി അമേരിക്കൻ ലീഗിൽവരെ അദ്ദേഹം പന്തുതട്ടി. പരിശീലകനായും ഫുട്ബാളിലെ സംഘാടകനായും തിളങ്ങി. ലോകം ആവേശത്തോടെ വായിച്ച കളിയെഴുത്തുകാരനായി. വിവാദങ്ങൾ കൂട്ടിനുവന്നപ്പോഴും ജർമനി അദ്ദേഹത്തെ കൈസർ എന്നുതന്നെ വിളിച്ചു. മ്യൂണിക്കിലെ ഗീസിങ്ങിൽ പന്തുതട്ടി തുടങ്ങി പശ്ചിമ ജർമനിക്കൊപ്പം കിരീടങ്ങളധികവും പന്തുതട്ടിപ്പിടിച്ച ബെക്കൻബോവറുടെ നഷ്ടം ജർമൻ ഫുട്ബാളിന്റേതുകൂടിയാണെന്ന് പറയുന്നു, 1990ലെ ലോകകപ്പ് ജേതാവ് റൂഡി വോളർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.