'അത് ചതിയായിരുന്നു ബോബീ'; മറഡോണ പൊട്ടിക്കരഞ്ഞ നിമിഷങ്ങളോർത്ത് ബോബി ചെമ്മണ്ണൂർ
text_fieldsകോഴിക്കോട്: മലയാളികൾ എന്നും നെഞ്ചേറ്റിയ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയെ കേരള മണ്ണിലേക്കെത്തിച്ചത് ബോബി ചെമ്മണ്ണൂർ എന്ന വ്യവസായിയാണ്. കേരളത്തിന്‍റെ സ്നേഹവും ആതിഥേയത്വവുമെല്ലാം മറഡോണ ആവോളം ആസ്വദിച്ചു. അസുഖമെല്ലാം ഭേദമായി കേരളത്തിലേക്ക് വീണ്ടും വരണമെന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് ഡീഗോ മടങ്ങിയത്. ലോകത്ത് നുണ പറയാൻ അറിയാത്ത ഒരു മനുഷ്യനെ തനിക്കറിയാവുന്നത് മറഡോണയാണെന്ന് ബോബി ചെമ്മണ്ണൂർ ഓർക്കുന്നു.
'പണ്ടുമുതൽക്കേ മറഡോണയുടെ ഒരു ആരാധകനായിരുന്നു ഞാൻ. മറഡോണ കേരളത്തിൽ വന്നതിന് ശേഷം ഞാൻ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനായി മാറി. ഞാൻ അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവന്നപ്പോൾ ഒരു ദിവസത്തോളം ഒപ്പമുണ്ടായിരുന്നു. അന്ന് എനിക്ക് മനസിലായ ഒരു കാര്യമുണ്ട്. ലോകത്തിൽ നുണ പറയാത്ത ഒരാളുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയാണ്. സത്യസന്ധനാണ്. പെട്ടെന്ന് ദേഷ്യപ്പെടും. എന്നാൽ കുറച്ച് കഴിഞ്ഞ് വന്ന് കെട്ടിപ്പിടിക്കും. കുട്ടികളുടെ സ്വഭാവമാണ്. ഞാൻ എപ്പോഴും ഉപയോഗിക്കുന്ന 'ഗുഡ് ലക്ക്' എന്ന അടയാളം മറഡോണ പഠിപ്പിച്ചതാണ്. അതിനൊപ്പം 'ഫ്രം മൈ ഹാർട്ട്' എന്ന് ഞാൻ കൂട്ടിചേർത്തു.
10 വർഷത്തിലേറെയായുള്ള സൗഹൃദമാണ് മറഡോണയുമായുള്ളത്. മറഡോണയെ കാണണമെന്നത് എക്കാലത്തെയും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അങ്ങനെയിരിക്കെയാണ് 10 വർഷം മുമ്പ് അദ്ദേഹം ദുബൈയിൽ ഉണ്ടെന്നറിഞ്ഞത്. അദ്ദേഹത്തെ കാണാൻ ഒരുപാട് തവണ ശ്രമിച്ചിട്ടും നടന്നില്ല. വീണ്ടും വീണ്ടും ശ്രമിച്ചതിനൊടുവിൽ കാണാനായി. അന്ന് അദ്ദേഹവുമായി സംസാരിച്ചു. കെട്ടിപ്പിടിച്ചു. അതായിരുന്നു തുടക്കം.
ഫുട്ബാൾ ലോകത്ത് മറഡോണയെ പോലെ മറ്റൊരാൾ ഇല്ല. അദ്ദേഹത്തിന്‍റെ കളിമിടുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അഞ്ചോ ആറോ എതിർകളിക്കാർ മുമ്പിലുണ്ടായാൽ പോലും പന്തുമായി കുതിച്ച് അദ്ദേഹം ഗോളിലെത്തും. അസാമാന്യ വേഗതയും ശൈലിയുമാണ് മറഡോണയുടേത്. അദ്ദേഹത്തെ പോലെ മറ്റൊരാളില്ല.
എത്രയോ നിഷ്കളങ്കനും ആത്മാർഥത നിറഞ്ഞയാളുമാണ് മറഡോണ. ലോകത്ത് നുണ പറയാത്ത മനുഷ്യനായി എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. 60 വയസിൽ പോലും ഒരു അഞ്ചാംക്ലാസുകാരന്‍റെ മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിൽ മാത്രമല്ല, ദുബൈയിലും മലേഷ്യയിലുമൊക്കെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.
അദ്ദേഹത്തെ കുറിച്ച് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം എനിക്കുണ്ട്. ഒരു ദിവസം ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മറഡോണ ഒരു കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. 1994ലെ ലോകകപ്പിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയാതെ പോയതിനെ കുറിച്ചും ഫുട്ബാൾ ലോകത്തെ ലോബികളെ കുറിച്ചുമായിരുന്നു പറഞ്ഞത്. 'ബോബീ, അതൊരു ചതിയായിരുന്നു. കാൽനഖത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഞാൻ അന്ന് ചികിത്സ തേടിയിരുന്നു. എനിക്ക് അന്ന് മരുന്ന് തന്നയാൾ അതിനൊപ്പം നിരോധിച്ച മരുന്ന് കൂടി കലർത്തിയാണ് നൽകിയത്. ഞാൻ നിഷ്കളങ്കനാണ്' എന്ന് പറഞ്ഞ് കരഞ്ഞു. അദ്ദേഹത്തിന് അതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. മരുന്ന് നൽകിയ ആളുടെ പേര് പറഞ്ഞുവെങ്കിലും വിവാദം വേണ്ടെന്ന് കരുതി ഞാൻ അത് വെളിപ്പെടുത്തുന്നില്ല. അത് ഫുട്ബാൾ ലോബിയുടെ ചതിയായിരുന്നു. അന്ന് അദ്ദേഹം കൊച്ചുകുഞ്ഞിനെ പോലെ എന്‍റെ മുന്നിൽ പൊട്ടിക്കരഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പരിഭാഷകൻ പോലും അന്ന് കരഞ്ഞു. ലോകം ഈ രഹസ്യം അറിയില്ല.
നമുക്ക് കേസ് കൊടുക്കാമെന്ന് അന്ന് ഞാൻ മറഡോണയോട് പറഞ്ഞിരുന്നു. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യമാണെന്ന് പറഞ്ഞ് അദ്ദേഹം അത് വിട്ടു. എല്ലാം ദൈവത്തിൽ അർപ്പിക്കുകയായിരുന്നു ഡീഗോ.
നിഷ്കളങ്കനും സിംപിളുമായിരുന്നു അദ്ദേഹം. എത്രയോ ഫുട്ബാൾ താരങ്ങൾ കോടിക്കണക്കിന് സമ്പാദ്യം ഉണ്ടാക്കുന്നുണ്ട്. എന്നാൽ, മറഡോണ ഒരു സാധാരണക്കാരനെ പോലെയാണ് ജീവിച്ചത്. അദ്ദേഹം കാര്യമായൊന്നും സമ്പാദിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ കാര്യമായൊന്നുമുണ്ടായിരുന്നില്ല. കൊച്ചുകുഞ്ഞിനെ പോലെയാണ്. ദേഷ്യം വരുമ്പോൾ വല്ലാതെ ദേഷ്യപ്പെടും, കണ്ണിൽ കണ്ടതെല്ലാം എറിഞ്ഞുടക്കും. ദേഷ്യം മാറി തണുക്കുമ്പോൾ അടുത്ത് വന്ന് കെട്ടിപ്പിടിക്കും.
കേരളത്തിൽ വീണ്ടുമെത്താനുള്ള ആഗ്രഹം ബാക്കിവെച്ചാണ് മറഡോണ മടങ്ങിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ പോയി കണ്ടിരുന്നു. അസുഖം ഭേദമായി ഒരു വർഷത്തിനുള്ളിൽ വീണ്ടും ദൈവത്തിന്‍റെ സ്വന്തം നാട് സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. അതു സംഭവിക്കും മുമ്പേ അദ്ദേഹം യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.