‘അത് നിന്ദ്യമായ ഫൗൾ, ചുകപ്പുകാർഡ് കിട്ടേണ്ടതുതന്നെ’
text_fieldsമ്യൂണിക്ക്: യൂറോകപ്പ് ഉദ്ഘാടന മത്സരത്തിൽ ജർമൻ താരം ഇൽകായ് ഗുണ്ടോഗനെ ഫൗൾ ചെയ്ത് ചുകപ്പുകാർഡു കണ്ട് മടങ്ങിയ സ്കോട്‍ലൻഡ് ഡിഫൻഡർ റ്യാൻ പോർട്യൂസിനെ കുറ്റപ്പെടുത്തി മുൻ താരങ്ങൾ. ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത പ്രവൃത്തിയാണ് പോർട്യൂസ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി മുൻ സ്കോട്ടിഷ് താരങ്ങളും രംഗത്തെത്തി. ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ പോർട്യൂസിന്റെ മാരക ഫൗൾ ചുകപ്പുകാർഡ് ക്ഷണിച്ചുവരുത്തിയതിനൊപ്പം ജർമനിക്ക് മൂന്നാം ഗോൾ കൂടി സമ്മാനിക്കുകയായിരുന്നു.
‘ആ ക്രൂരതയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. നാണക്കേടാണിത്. അത് ചുകപ്പു കാർഡ് കിട്ടേണ്ട ഫൗൾ തന്നെയാണ്. കാലിന് ഗുരുതര പരിക്കേൽപിക്കുന്ന തരത്തിലുള്ളത്. നിന്ദ്യമായ ഫൗളാണതെന്ന് പറയാം. ഫുട്ബാളിന്റെ ഒരു യുഗത്തിലും അതുപോലെ ടാക്ക്ൾ ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് അവന് ബോധ്യമുണ്ടായിരിക്കണം’ -മുൻ ഇംഗ്ലീഷ് താരം ക്രിസ് സട്ടൻ അഭിപ്രായപ്പെട്ടു.
‘അത് പെനാൽറ്റിയാണെന്നതിൽ തർക്കമൊന്നുമില്ല. ഉന്നതനായ കളിക്കാരന്റെ നിലവാരത്തിൽ കയ് ഹാവേർട്സ് അത് വിദഗ്ധമായി എടുക്കുകയും ചെയ്തു. റ്യാൻ പോർട്യൂസിന്റെ കാര്യമെടുത്താൽ, എന്താണയാൾ ചെയ്തത്? അതോടെ എല്ലാ ശ്രമങ്ങൾക്കും അവസാനമായി’ -മുൻ സ്കോട്ടിഷ് സ്ട്രൈക്കർ സ്റ്റീവൻ തോംപ്സൺ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.