‘അത് ഞങ്ങളുടെ പരമാവധിയായിരുന്നു’- ബയേണിനോട് തോറ്റുമടങ്ങിയ എംബാപ്പെക്ക് പറയാനുള്ളത്...
text_fieldsമ്യൂണിക്കിൽ ചെന്ന് ജയം പിടിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനു മുന്നിൽ ഒന്നും ചെയ്യാനില്ലാതെ സുല്ലിട്ട് തിരിച്ചുപോന്ന പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗിൽ കാത്തിരിപ്പ് തന്നെയാണ് വിധി. കരുത്തർ തമ്മിലെ മരണപ്പോരിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ബയേൺ പ്രീക്വാർട്ടർ കടന്നത്. ആദ്യ പാദത്തിൽ ഒരു ഗോൾ അധികം വഴങ്ങിയതിനാൽ കാൽഡസൻ ഗോൾ മാർജിനിൽ തോൽവിയെന്ന നാണക്കേട് പി.എസ്.ജിക്ക് സ്വന്തമായി. ഏഴു സീസണിൽ അഞ്ചാം തവണയായിരുന്നു ടീം പ്രീക്വാർട്ടറിൽ തോൽവി ഏറ്റുവാങ്ങുന്നത്. ഇതേ കുറിച്ച് പി.എസ്.ജി സീനിയർ താരം കിലിയൻ എംബാപ്പെ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ‘‘ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് ഞാൻ പറഞ്ഞതാണ്, ഞങ്ങൾ പരമാവധി കളിക്കുമെന്ന്. അത് ഞങ്ങൾക്ക് പരമാവധിയായിരുന്നു. അതാണ് സത്യം’’.
ഇരു ടീമുകൾ തമ്മിൽ തുലനം ചെയ്താൽ അവരുടെത് കുറെക്കൂടി മികച്ച, ചാമ്പ്യൻസ് ലീഗ് കിരീടവുമായി മടങ്ങാൻ കെൽപുള്ളവരാണെന്നും താരം കൂട്ടിച്ചേർക്കുന്നു.
പ്രമുഖരെ ടീമിലെത്തിക്കാൻ വൻതുക ചെലവഴിച്ചിട്ടും യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മാറോടു ചേർക്കാനായില്ലെന്ന കടം പി.എസ്.ജിയെ തുറിച്ചുനോക്കുകയാണ്. ഇത്തവണയെങ്കിലും അത് പിടിക്കാനാകുമെന്ന് എംബാപ്പെ അടക്കം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 17 വയസ്സുകാരായ രണ്ടു പേർക്ക് അരങ്ങേറാൻ അവസരം നൽകി പരീക്ഷണങ്ങൾക്ക് തതാറായ ടീം പക്ഷേ, ഗോളടിക്കാൻ മറന്നു. വാറൻ സെയർ-എമറി, ഷഡായിൽ ബിറ്റഷിയാബു എന്നിവരായിരുന്നു യൂറോപ്യൻ പോരിൽ അരങ്ങേറിയ കൗമാരക്കാർ. ആത്മവിചാരണ നടത്തി പതിവു പ്രകടനത്തിലേക്കും ലീഗിലേക്കും തിരിച്ചുവരവിലാണ് ടീമിന്റെ പരിഗണനയെന്ന് എംബാപ്പെ പറയുന്നു.
ലിഗ് വണ്ണിൽ ബഹുദൂരം മുന്നിലുള്ള പി.എസ്.ജി ഇത്തവണയും കിരീടം ഉറപ്പിച്ചാണ് മുന്നേറുന്നത്. എന്നിട്ടും, ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ ഇറങ്ങിയപ്പോൾ ടീം പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.