കാണികൾക്ക് സ്വാഗതം
text_fieldsലണ്ടൻ: മുൻ ടൂർണമെൻറുകളുടെ ആവേശമുണ്ടാവില്ലെങ്കിലും യൂറോ കപ്പ് പോരാട്ടങ്ങൾക്ക് താളംപിടിക്കാൻ ഗാലറികളിൽ ആരാധകപ്പടയുണ്ടാവും. യൂറോപ്പിലെ 11 രാജ്യങ്ങളിലെ 11 വേദികളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സ്റ്റേഡിയം ശേഷിയുടെ നിശ്ചിത ശതമാനത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് യുവേഫ. അതത് രാജ്യങ്ങളിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാവും കാണികളുടെ പ്രവേശനം. കോവിഡ് കണക്കുകളിൽ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ സെമി ഫൈനൽ, ഫൈനൽ വേദിയായ ലണ്ടനിലെ വെംബ്ലിയിൽ 22,000 കാണികളെത്തും. 90,000 ഇരിപ്പിടമുള്ള വെംബ്ലിയിൽ 25 ശതമാനം കാണികൾക്ക് പ്രവേശനം നൽകാനാണ് തീരുമാനം.
ബുഡാപെസ്റ്റ് ബെസ്റ്റാ
കാണികളെ ഇരു കൈയും നീട്ടിസ്വീകരിക്കാൻ ഒരുങ്ങുകയാണ് ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ്. 60,000 ശേഷിയുള്ള ബുഡാപെസ്റ്റിലെ പുഷ്കാസ് അരീനയിൽ നൂറ് ശതമാനം പ്രവേശനം നൽകുമെന്ന് ദേശീയ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ടിക്കറ്റ് കൈവശമുള്ളവർക്ക് യാത്രാ നിയന്ത്രണമോ, ക്വാറന്റീനോ ഉൾപ്പെടെ ഒരു തടസ്സങ്ങളും ഇവിടെയില്ല. ഗ്രൂപ് എഫിൽ ഹംഗറി, പോർചുഗൽ, ഫ്രാൻസ് മത്സരങ്ങളും, പ്രീക്വാർട്ടറിലെ ഒരു മത്സരവുമാണ് ഇവിടെ നടക്കുന്നത്.
ഫിഫ്റ്റി ഫിഫ്റ്റി റഷ്യ
ഗ്രൂപ് ഇ, ബി എന്നിവയിലെ ആറ് മത്സരങ്ങളുടെ വേദിയായ റഷ്യയിലെ സെൻറ്പീറ്റേഴ്സ് ബർഗ് ക്രിസ്റ്റോവ്സ്കി സ്റ്റേഡിയത്തിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം നൽകും. 68,000 ആണ് ഇൗ സ്റ്റേഡിയത്തിെൻറ ശേഷി.
നെതർലൻഡ്സിലെ ആംസ്റ്റർഡാം, റുേമനിയയിലെ ബുക്കറസ്റ്റ്, ഡെന്മാർകിലെ കോപൻഹേഗൻ എന്നിവിടങ്ങളിൽ സ്റ്റേഡിയം ശേഷിയുടെ 25 മുതൽ 33 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കും.
ബാകുവിൽ നാട്ടുകാർമാത്രം
ഗ്രൂപ് 'എ'യിലെ മത്സരവേദിയായ അസർബൈജാനിലെ ബാകു ഒളിമ്പിക് സ്റ്റേഡിയത്തിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം. എന്നാൽ, വിദേശികളായ കാണികളെ പ്രവേശിപ്പിക്കില്ല.
മ്യൂണിക്കിൽ 20%
ഗ്രൂപ് 'എഫിൽ' ജർമനി, പോർചുഗൽ, ഹംഗറി, ഫ്രാൻസ് മത്സരങ്ങളും ക്വാർട്ടർ ഫൈനലും നടക്കുന്ന ബയേൺ മ്യുണിക്കിെൻറ അലയൻസ് അരീനയിൽ 20 ശതമാനമാണ് പ്രവേശനം. കൂടിയത് 14,500 കാണികൾ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.