വിശ്വസോക്കറിനെ ത്രസിപ്പിച്ച ‘ചക്രവർത്തി’
text_fieldsബെർലിൻ: പെലെ നയിച്ച ബ്രസീൽ വാഴ്ചക്ക് അറുതികുറിച്ച് 1974ൽ പശ്ചിമ ജർമനി സോക്കർ ലോകകിരീടം മാറോടുചേർക്കുമ്പോൾ ഒന്നാം പേരായി ‘കൈസർ’ എന്ന് രാജ്യം സ്നേഹത്തോടെ വിളിച്ച ഫ്രാൻസ് ബെക്കൻബോവറുണ്ടായിരുന്നു. 60കളുടെ അവസാനത്തിൽ തുടങ്ങി 70കളിലൂടെ പടർന്നുകയറിയ ‘ചക്രവർത്തി’ ബൂട്ടഴിച്ച ശേഷവും ജർമൻ ഫുട്ബാളിലെ അനുപേക്ഷ്യ സാന്നിധ്യമായി തുടർന്നു. 16 വർഷം കഴിഞ്ഞ് ദേശീയ ടീം ഒരിക്കൽകൂടെ ലോകകപ്പ് നേടുമ്പോൾ പരിശീലകനായിട്ടായിരുന്നു മുന്നിൽനിന്നത്. അതത്രയും കളിയഴകുകൊണ്ട് വിശ്വസോക്കറിനെ ത്രസിപ്പിച്ച മഹാമനുഷ്യന്റെ കരിയറിലെ ചെറിയ ഏടുകൾമാത്രം.
രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികൾ ഉണങ്ങാതെ കിടന്ന മ്യൂണിക്കിൽ 1945ലായിരുന്നു ബെക്കൻബോവറുടെ ജനനം. ഫുട്ബാളിനെ അത്രമേൽ നെഞ്ചേറ്റാൻ വിസമ്മതിച്ച സാധാരണ കുടുംബത്തിൽനിന്ന് ഒമ്പതാം വയസ്സിൽ പ്രാദേശിക ടീമിനൊപ്പം പന്തുതട്ടിത്തുടങ്ങിയ ബാലൻ അതിവേഗം ബൂട്ടുകളിൽ അദ്ഭുതം വിരിയിച്ച് ലോകത്തെ കുതൂഹലപ്പെടുത്തി. ചെറു ടീമുകൾക്കൊപ്പം കളിനയിച്ച് 1964ൽ ബയേൺ മ്യൂണിക്കിലെത്തി. അതിവേഗമായിരുന്നു താരത്തിനും ക്ലബിനും വളർച്ച. ഒന്നാം ഡിവിഷനായ ബുണ്ടസ് ലിഗയിൽ 1965ൽ അരങ്ങേറിയ ടീം പിന്നീട് തിരിഞ്ഞുനോക്കിയില്ല.
1968 ആകുമ്പോഴേക്ക് ബയേണിന്റെ നായകപദവി ഏറ്റെടുത്ത ബെക്കൻബോവർ ഒപ്പം ജർമൻ ടീമിലും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി. ‘ലിബറോ’ എന്ന പേരിൽ പുതിയ പൊസിഷൻ ടീമിന് പരിചയപ്പെടുത്തിയതും ബെക്കൻബോവർതന്നെ.
1972 മുതൽ 1974 വരെ തുടർച്ചയായി മൂന്നുതവണയാണ് താരത്തിനൊപ്പം ബയേൺ ലീഗ് ചാമ്പ്യൻഷിപ് ചൂടിയത്. യൂറോപ്യൻ കപ്പ് അടക്കം മറ്റു വൻ കിരീടങ്ങളും ഇതേസമയം ടീമിന്റെ ഷോകേസിലെത്തി. അവസാന ഘട്ടങ്ങളിൽ അമേരിക്കൻ ലീഗിൽ ന്യൂയോർക് കോസ്മോസിനുവേണ്ടിയും അതുകഴിഞ്ഞ് ഹംബർഗർ എസ്.വിക്കൊപ്പവും ബൂട്ടുകെട്ടി.
1966 ലാണ് ജർമൻ ടീമിൽ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. ഇംഗ്ലണ്ടിനോട് ഫൈനലിൽ തോറ്റ് മടങ്ങിയ ടീം 1970ൽ മൂന്നാം സ്ഥാനക്കാരായി. 1971 മുതൽ ദേശീയ ടീം നായകപദവി ഏറ്റശേഷം തൊട്ടടുത്ത വർഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പും 1974ൽ ലോകകപ്പും നേടി. കളി നിർത്തിയശേഷം 1984ൽ പശ്ചിമ ജർമൻ പരിശീലക വേഷത്തിൽ പുതിയ ദൗത്യം തുടങ്ങി.
1990ലാണ് ടീം ലോകചാമ്പ്യന്മാരാകുന്നത്. പിന്നെയും സോക്കർ ലോകത്ത് നിറസാന്നിധ്യമായി തുടർന്ന അദ്ദേഹത്തിനെതിരെ അഴിമതി ആരോപണവും ഉയർന്നു. 2018, 2022 ലോകകപ്പ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണവുമായി സഹകരിച്ചില്ലെന്ന പേരിൽ 90 ദിവസത്തെ വിലക്ക് വീണതായിരുന്നു വാർത്ത.
കാലിൽ മായികത ആവാഹിച്ച് കളം നിറഞ്ഞ ബെക്കൻബോവർ അതേ മനോഹാരിതയോടെ കളിയെഴുത്തും തുടർന്നു. അവസാനംവരെയും ഈ ദൗത്യം നിലനിർത്തിയതിനൊടുവിലാണ് മടക്കം. താരമായും പരിശീലകനായും വിശ്വകിരീടം മാറോടുചേർത്ത മൂന്നുപേരിൽ മരിയോ സഗല്ലോ വിടവാങ്ങി നാളുകൾക്കുശേഷം ഒരാൾകൂടി മടങ്ങുന്നുവെന്നത് ശ്രദ്ധേയം.ഈ നിരയിൽ ഫ്രഞ്ച് പരിശീലകൻ ദെഷാംപ്സ് മാത്രമാകും ഇനി അവശേഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.