ക്രിസ്റ്റ്യാനോക്കു പിറകെ ഒരു ബ്രസീൽ ക്ലബുമുണ്ടായിരുന്നു; യുനൈറ്റഡ് നൽകിയ അതേ തുക വാഗ്ദാനം ചെയ്ത്...
text_fieldsമാഞ്ചസ്റ്റർ യുനൈറ്റഡിലായിരിക്കെ കോച്ചിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തി ക്ലബ് വിട്ട സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ താൽപര്യമറിയിച്ച് യൂറോപിലും ലാറ്റിൻ അമേരിക്കയിലും ക്ലബുകളുണ്ടായിരുന്നുവെന്നത് വാർത്തയായിരുന്നു. എന്നാൽ, അവയെല്ലാം തത്കാലം മാറ്റിവെച്ച് റെക്കോഡ് തുകക്ക് സൗദി ക്ലബിനൊപ്പം ചേരാനായിരുന്നു റൊണാൾഡോയുടെ തീരുമാനം.
ആഴ്ചയിൽ നാലു ലക്ഷം പൗണ്ട് (ഏകദേശം നാലു കോടി രൂപ) ആയിരുന്നു യുനൈറ്റഡ് താരത്തിന് നൽകിയിരുന്നത്. ഇത്രയും തുക നൽകാമെന്ന കരാറിൽ താരത്തെ സ്വീകരിക്കാൻ ഒരുക്കമായിരുന്നുവെന്ന് ബ്രസീൽ ക്ലബായ കൊരിന്ത്യൻസ് സ്‍പോർടിങ് ഡയറക്ടർ ഡിലിയോ മൊണ്ടേരോ ആൽവസ് പറയുന്നു. എന്നാൽ, താരത്തിനു മുന്നിൽ എത്രയോ ഇരട്ടി ഉയർന്ന തുക നൽകാമെന്ന വാഗ്ദാനവുമായി സൗദി ക്ലബ് എത്തിയപ്പോൾ പിൻവാങ്ങുകയായിരുന്നു. ‘‘ഞങ്ങളും ക്രിസ്റ്റ്യനോക്കു മുന്നിൽ ഒരു വാക്കു നൽകി. യുനൈറ്റഡിൽ വാങ്ങിയ അതേ ശമ്പളം. സ്‍പോൺസർമാരുടെ സഹായത്തോടെ രണ്ടു വർഷത്തേക്ക് കരാർ’’- ആൽവസ് വ്യക്തമാക്കി. യൂറോപിൽനിന്നും താരത്തിന് ഓഫറുകളുണ്ടായിരുന്നതായും എന്നാൽ, 20 ഇരട്ടി ഉയർന്ന തുകയാണ് ലഭിച്ചതെന്നും ആൽവസ് കൂട്ടിച്ചേർത്തു.
യു.എസ് ക്ലബായ സ്‍പോർടിങ് കൻസാസ് സിറ്റിയിൽനിന്നും താരത്തിന് ഓഫർ വന്നിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.