സന്തോഷ് ട്രോഫി ഫൈനലിലും ക്യാപ്റ്റന്റെ കളി മാതാവ് കാണില്ല
text_fieldsതൃശൂർ: 'അവന്റെ ഒരു കളി പോലും ഇന്നുവരെ കണ്ടിട്ടില്ല, തിങ്കളാഴ്ചത്തെ ഫൈനലും കാണില്ല. ഞാൻ തമ്പുരാനെ വിളിച്ചുകൊണ്ട് ഇവിടെയിരിപ്പുണ്ടാകും' - കേരള സന്തോഷ് ട്രോഫി ടീം കാപ്റ്റൻ ജിജോ ജോസഫിന്റെ അമ്മ മേരി പറഞ്ഞു. 'മുമ്പ് ടുട്ടുവിന്റെ (ജിജോ ജോസഫിന്റെ വിളിപ്പേര്) കളികാണാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ക്യാപ്റ്റനായില്ലേ,...കളി കാണാൻ പേടിയാ..അത്ര ടെൻഷനാ..കളി കഴിഞ്ഞ് വിശേഷം കേട്ടാൽ മതി'. - തൃശൂർ മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡരികിലെ വീട്ടിലിരുന്ന് മേരിയും പിതാവ് ജോസഫും ഞായറാഴ്ചയിലെ സന്തോഷ് ട്രോഫി കലാശക്കളിയിലെ 'ആധി' മാധ്യമത്തോട് പങ്കുവെക്കുകയായിരുന്നു. ചെറുപ്പം മുതലേ ടുട്ടുവിന് പന്തുകണ്ടാൽ പ്രാന്തായിരുന്നു. സ്കൂളിൽ പഠിപ്പിനേക്കാൾ ശ്രദ്ധ കളിക്കളത്തിലായിരുന്നു. വീടിനടുത്ത മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഗ്രൗണ്ടായിരുന്നു പരിശീലനക്കളരി. അത്താണി ജെ.എം.ജെ സ്കൂളിൽനിന്ന് തൃശൂർ മോഡൽ ബോയ്സ് സ്കൂളിൽ പഠനത്തിനെത്തിയതും ഫുട്ബാൾ കളിക്കാമെന്നതിനാൽ തന്നെ.
പിതാവ് ജോസഫ് അഞ്ച് വർഷം മുമ്പ് വരെ പ്രവാസിയായിരുന്നു. അതിനാൽ മക്കളെ വളർത്താനായി കെൽട്രോണിലെ ജോലിയിൽനിന്ന് സ്വയം വിരമിക്കുകയായിരുന്നു മാതാവ് മേരി. പഠിക്കാതെ കളിച്ചുനടന്നപ്പോൾ ടുട്ടുവിന് മാത്രമല്ല, ടുട്ടുവിനെ കളിക്കാൻ വിളിച്ച കൂട്ടുകാർക്കും കണക്കറ്റ് മേരിയിൽനിന്ന് ശകാരം കേൾക്കേണ്ടിവന്നിട്ടുണ്ട്. മുളങ്കുന്നത്തുകാവ് സോക്കർ ക്ലബിലായിരുന്നു കളിച്ച് വളർന്നത്. മോഡൽ ബോയ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അധ്യാപകർ മേരിയോട് പറയാറുണ്ട്- മകൻ ഫുട്ബാളിൽ മിടുക്കനാണെന്ന്. ആയിടക്കായിരുന്നു സ്കൂളിൽനിന്ന് നല്ല കളിക്കാരനെന്ന ആദ്യ ട്രോഫിയുമായി അവനെത്തിയത്. പിന്നീട് അവനെ കളിയുടെ ലോകത്തേക്ക് വിട്ടു. സെവൻസുകളിലും ക്ലബുകളിലും യൂനിവേഴ്സിറ്റി ടീമിലും ഇടം കണ്ടെത്തി.
കുവൈത്തിൽ ഒരു കമ്പനിയിൽ സെയിൽസ്മാനായിരുന്നു പിതാവ് ജോസഫ്. ഒരിക്കൽ കുവൈത്തിൽ ഫർവാനിയ ക്ലബിന് വേണ്ടി കളിക്കാൻ പോയി അപ്പച്ചന്റെ കഷ്ടപ്പാട് കണ്ടിട്ട് വന്ന് 'ഒരു ജോലി കിട്ടിയേ തീരൂവെന്ന്' പറഞ്ഞു. വൈകാതെ ഫുട്ബാൾ കളിയുടെ മികവിൽ എസ്.ബി.ടിയിൽ ജോലി ലഭിക്കുകയും ചെയ്തു. അപ്പോഴാണ് ആശ്വാസമായത്. പിന്നീട് കളിച്ചുകളിച്ച് ക്യാപ്റ്റനുമായി' - മേരി പറഞ്ഞു. ഫൈനൽ വീട്ടിലിരുന്നാണ് കാണുകയെന്ന് പിതാവ് ജോസഫ് പറഞ്ഞു. വീട്ടിൽ ജിജോയുടെ സഹോദരി ജെയ്സിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.