അർജന്റീന ടീം വരുന്നതിന് കേന്ദ്രത്തിന്റെ പച്ചക്കൊടി
text_fieldsതിരുവനന്തപുരം: ലയണൽ മെസ്സിയുൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കളിക്കാൻ കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇതോടെ, അർജന്റീന ടീം വരുന്നതിനുള്ള വിസ നടപടിക്രമങ്ങളിലടക്കം വലിയൊരു തലവേദന ഒഴിഞ്ഞ ആശ്വാസത്തിലാണ് സംസ്ഥാന സർക്കാർ. കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കാനാണ് നിലവിൽ അർജന്റീന താൽപര്യം അറിയിച്ചിരിക്കുന്നത്.
ഒരു മത്സരത്തിനിറങ്ങുന്നതിന് 70 കോടി രൂപയാണ് അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷൻ കേരളത്തോട് ആവശ്യപ്പെട്ടത്. ഇതിന് പുറമെ, അർജന്റീനക്ക് എതിരാളിയായി ഫിഫ റാങ്കിങ്ങിൽ 50നകത്തുള്ള രാജ്യത്തെയും കൊണ്ടുവരേണ്ടിവരും. ഇവർക്കും 30 കോടിയിൽ കുറയാതെ നൽകേണ്ടിവരും. ഈ സാഹചര്യത്തിൽ ഏകദേശം 200 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സർക്കാറിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഈ തുക താങ്ങാൻ കഴിയാത്തതിനാൽ സ്പോൺസർഷിപ്പിലൂടെ തുക സമാഹരിക്കാനാണ് കായിക വകുപ്പിന്റെ ശ്രമം. മത്സരങ്ങളുടെ മുഖ്യസ്പോൺസർഷിപ്പിന് താൽപര്യമറിയിച്ച് കേരളത്തിലെ പ്രമുഖ സ്വകാര്യ ചാനൽ കായികവകുപ്പിനെ സമീപിച്ചു. മത്സരത്തിനുള്ള ഫണ്ട് കണ്ടെത്തേണ്ട ചുമതല ചാനലിനായിരിക്കും.
അതേസമയം കേരളത്തിൽ അർജന്റീന ടീം എത്തുന്ന തീയതിയിൽ അവ്യക്ത തുടരുകയാണ്. മെസ്സിയും സംഘവും ഒക്ടോബർ 25ന് എത്തുമെന്നാണ് കഴിഞ്ഞദിവസം കോഴിക്കോട്ടെ സ്വകാര്യ ചടങ്ങിൽ കായികമന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് മന്ത്രി പിന്നീട് ഒഴിഞ്ഞുമാറുകയായിരുന്നു.
മത്സരനടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ കഴിഞ്ഞിട്ടുണ്ടെങ്കിലും തീയതി സംബന്ധിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന സർക്കാറിന് യാതൊരു വിവരവും നൽകിയിട്ടില്ല. 2030വരെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താരങ്ങളെ ക്ലബുകൾ വിട്ടുനൽകേണ്ട തീയതികൾ 2023ൽ ഫിഫ പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് ഈ വർഷം ഒക്ടോബർ ആറ് മുതൽ 14 വരെയും നവംബർ 10 മുതൽ 18 വരെയുമാണ് അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേള. മന്ത്രിയുടേത് നാക്കുപിഴയാകാമെന്നാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.