‘മെസ്സിയും ക്രിസ്റ്റ്യാനോയും റൊണാൾഡീഞ്ഞോയുമൊക്കെ കളിച്ച ലീഗ് ഇന്ന് വംശീയവാദികളുടേത്’; അധിക്ഷേപത്തിൽ രൂക്ഷ പ്രതികരണവുമായി വിനീഷ്യസ്
text_fieldsറയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെതിരെ വീണ്ടും വംശീയാധിക്ഷേപം. ലാലിഗയില്‍ ഞായറാഴ്ച നടന്ന വലന്‍സിയക്കെതിരായ മത്സരത്തിലാണ് എതിർ ടീം ആരാധകരുടെ കളിയാക്കലിന് താരം ഇരയായത്. വലന്‍സിയയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കാണികൾ വിനീഷ്യസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെ വലന്‍സിയ താരവുമായി വിനീഷ്യസ് കൈയാങ്കളിയിലേര്‍പ്പെടുകയും 97ാം മിനിറ്റിൽ ചുവപ്പ് കാർഡ് ലഭിച്ച് പുറത്താകുകയും ചെയ്തു. 33ാം മിനിറ്റിൽ ഡിയാഗോ ലോപസ് നേടിയ ഏക ഗോളിന് വലൻസിയയാണ് മത്സരത്തിൽ ജയിച്ചത്.
മത്സരത്തിന് ശേഷം ലാലിഗയെ രൂക്ഷമായി വിമര്‍ശിച്ച് വിനീഷ്യസ് രംഗത്തെത്തി. ‘മെസ്സിയും ക്രിസ്റ്റ്യാനോയും റൊണാള്‍ഡോയും റൊണാൾഡീഞ്ഞോയുമൊക്കെ കളിച്ച ഒരു ലീഗ് ഇന്ന് വംശീയവാദികളുടേതാണ്’, താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ഇത് ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയല്ല. വംശീയാധിക്ഷേപം ലാലിഗയിൽ പതിവായിരിക്കുകയാണ്. എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. ഞാൻ ഇഷ്ടപ്പെടുന്ന, എന്നെ സ്വാഗതം ചെയ്ത ഒരു മനോഹര രാഷ്ട്രത്തിന് ഇപ്പോൾ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രാഷ്ട്രമെന്ന പ്രതിഛായയാണ്. ഇതിനോട് യോജിക്കാത്ത സ്പെയിൻകാർ ക്ഷമിക്കുക. എന്നാൽ, ഇന്ന് ബ്രസീലിൽ സ്പെയിൻ അറിയപ്പെടുന്നത് വംശീയവാദികളുടെ രാഷ്ട്രമായാണ്. നിര്‍ഭാഗ്യവശാല്‍ എല്ലാ ആഴ്ചയും തുടരുന്നതിനാല്‍ അതിനെ പ്രതിരോധിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇക്കാര്യം ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ ശക്തനാണ്, വംശീയവാദികള്‍ക്കെതിരെ അവസാന നിമിഷം വരെ പോരാടും, അത് ഏറെ ദൂരെയാണെങ്കിലും’, താരം കൂട്ടിച്ചേർത്തു.
വിനീഷ്യസിന് പിന്തുണയുമായി എത്തിയ റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി, താരത്തിന്റെ പ്രതികരണം ഉൾക്കൊള്ളാവുന്നതാണെന്നും പറഞ്ഞു. ഇത് ലാലിഗയുടെ പ്രശ്‌നമാണ്. വംശീയാധിക്ഷേപങ്ങള്‍ക്ക് മേല്‍ നടപടിയെടുക്കാത്തതാണ് ഇത് രൂക്ഷമാക്കുന്നത്. ഒരു സ്റ്റേഡിയം മുഴുവന്‍ വിനീഷ്യസിനെതിരെ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. അപ്പോള്‍ എങ്ങനെയാണ് ഒരു താരത്തിന് കളിക്കാനാവുക. കളി നിര്‍ത്തിവെക്കണമെന്ന് റഫറിയോട് താന്‍ ആവശ്യപ്പെട്ടിട്ടും ഒരു ഗുണവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എസ്.ജി താരങ്ങളായ നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ, അഷ്റഫ് ഹക്കീമി എന്നിവരെല്ലാം വിനീഷ്യസിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
സീസണിൽ അഞ്ചാം തവണയാണ് വിനീഷ്യസ് എതിരാളികളുടെ മൈതാനത്ത് വംശീയാധിക്ഷേപത്തിന് ഇരയാകുന്നത്. ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, റയൽ വയ്യഡോളിഡ്, മയ്യോർക്ക എന്നിവിടങ്ങളിലാണ് താരം അധിക്ഷേപത്തിനിരയായത്. വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് നേരത്തെയും കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.