അണിഞ്ഞൊരുങ്ങി ദോഹ...
text_fieldsദോഹ: ഒരു കല്യാണവീടുപോലെ അലങ്കാരമണിഞ്ഞ് കാത്തിരിപ്പിലാണ് ദോഹ നഗരവും പരിസരങ്ങളും. പലനിറങ്ങളിലെ വിളക്കുകളാൽ അണിഞ്ഞൊരുങ്ങിയ തെരുവുകൾ. കൊടിതോരണങ്ങളും വിവിധ രാജ്യങ്ങളുടെ പതാകകളും ജഴ്സിയുടെ നിറങ്ങളുമായി സുന്ദരിയായി നിൽക്കുന്ന കെട്ടിടങ്ങളും മറ്റു നിർമിതികളും.
ലോകകപ്പ് ഫുട്ബാൾ പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പ് ഒരുമാസത്തിലും താഴെയെത്തിയപ്പോൾ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരെ ആവേശത്തോടെ കളിയുത്സവത്തിന്റെ മണ്ണ് സ്വാഗതം ചെയ്യുന്നു. ദോഹ കോർണിഷും വെസ്റ്റ്ബേയും കതാറയും മുതൽ ലുസൈൽ വരെയും മറ്റും ലോകകപ്പ് ആവേശത്തിൽ അലിഞ്ഞുചേർന്നു കഴിഞ്ഞു.
റോഡുകളുടെ നവീകരണവും സൗന്ദര്യവത്കരണങ്ങളും പൂർത്തിയാക്കിയതോടെ കാൽപന്തു ലോകത്തെ വരവേൽക്കാൻ അടിമുടി സജ്ജമായി ഖത്തർ. ദോഹ ഹമദ് വിമാനത്താവളം മുതൽ തുടങ്ങുന്ന കൊടിതോരണങ്ങൾ, പാതകളിലും കെട്ടിടങ്ങളിലും തുടങ്ങി കാണുന്നിടത്തെല്ലാമായി. ഓരോ സ്റ്റേഡിയത്തോടു ചേർന്നും വൈവിധ്യമാർന്ന ഒരുക്കമാണ് നടക്കുന്നത്. ദോഹ കോർണിഷിലും വെസ്റ്റ്ബേയിലും അറബി, ഇംഗ്ലീഷ് വാക്കുകളിലെ കട്ടൗട്ടുകളാണ് ഏറെ ആകർഷം.
ഫിഫ വേൾഡ് കപ്പ് ഖത്തർ, ദോഹ, വെൽക്കം, സെലിബ്രേറ്റ്, അമേസിങ്, നൗ ഈസ് ഓൾ തുടങ്ങി വിവിധ ഇംഗ്ലീഷ് വാക്കുകളിൽ കട്ടൗട്ട് സ്ഥാപിച്ചാണ് ആഘോഷങ്ങളിലേക്ക് ആരാധകരെ വരവേൽക്കുന്നത്. ലോകകപ്പിന്റെ ബ്രാൻഡായി മാറിയ അക്ഷര മാതൃകകൾക്ക് മുന്നിൽ ചിത്രമെടുക്കാനും കാണാനുമായി സ്വദേശികളും പ്രവാസികളും ഒഴുകിയെത്തുന്നുമുണ്ട്. നവംബർ ഒന്നോടെ ഹയാ കാർഡ് വഴി പ്രവേശനം അനുവദിക്കുന്നതോടെ കാണികളുടെ വരവ് തുടങ്ങും.
ലോകകപ്പിന്റെ ഭാഗമായുള്ള റോഡ് നിയന്ത്രണങ്ങളും മറ്റും പ്രാബല്യത്തിലാവുന്നതോടെ 20 ദിനം മുമ്പേ ഖത്തർ ഉത്സവലഹരിയിലാവും. അശ്ഗാലിന്റെ നേതൃത്വത്തിൽ പ്രധാന പാതകളിലെ മേൽപാലങ്ങളിലും മറ്റും പെയിന്റടിച്ചാണ് ഒരുങ്ങിയത്. ജഴ്സികളും ദേശീയപതാകകളുമായി മേൽപാലങ്ങൾ അലങ്കരിച്ചിട്ടുണ്ട്.
ഭാഗ്യമുദ്രയും ലോകകപ്പ് ലോഗോയും പതാകകളുമായും വഴിനീളെ അലങ്കരിച്ച് ഖത്തർ സർവസജ്ജമായി കഴിഞ്ഞു. ബഹുനില കെട്ടിടങ്ങളിൽ വിവിധ ടീമുകളുടെ സൂപ്പർ താരങ്ങളുടെ കൂറ്റൻ ചിത്രങ്ങളും ട്രോഫി മാതൃകകളും മറ്റുമായി നേരത്തേ തന്നെ അലങ്കരിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.