കരാർ പുതുക്കില്ല; ഇനി ബാഴ്സയിൽ മെസ്സിയില്ല
text_fieldsസൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബുമായി പുതിയ കരാർ ഒപ്പിടില്ലെന്ന് ബാഴ്‌സലോണ അധികൃതർ അറിയിച്ചു. അർജന്‍റീന താരത്തിന്‍റെ കരാർ ഈ വേനൽക്കാലത്താണ് അവസാനിച്ചത്.
പുതിയ സീസണിന് മുമ്പ് അദ്ദേഹം കരാറിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് ക്ലബ് സ്ഥിരീകരിക്കുകയായിരുന്നു. ആരാധകരെ നിരാശപ്പെടുത്തുന്നതാണ് പുതിയ തീരുമാനം. കരാർ പുതുക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാതെ പോയതോടെയാണ് താരം ഇനി തിരിച്ചുവരില്ലെന്ന് ക്ലബ്ബ് അറിയിച്ചത്.
കോപ്പയിലൂടെ ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു അന്താരാഷ്ട്ര കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞെങ്കിലും ഒരു ക്ലബ്ബിലും അംഗമല്ലാത്ത അവസ്ഥയിലായിരുന്നു ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. മെസ്സിയുമായുള്ള കരാർ കാലാവധിക്കു മുമ്പേ പുതുക്കുന്നതിൽ ബാഴ്‌സലോണ പരാജയപ്പെട്ടതോടെ താരം ഫ്രീ ഏജൻറായിയിരുന്നു.
7.1 കോടി യൂറോ (ഏകദേശം 600 കോടി രൂപ) ആയിരുന്നു ബാഴ്സയിൽ മെസ്സിയുടെ കരാർ തുക. ഒരു സീസണിൽ 138 മില്യൻ യൂറോ (ഏകദേശം 1,200 കോടി) ആണ് താരത്തിന് ലഭിച്ചിരുന്നത്.
2005 ജൂൺ 24ന് തെൻറ 18-ാം ജന്മദിനത്തിലായിരുന്നു മെസ്സി ബാഴ്‌സയുമായി സീനിയർ പ്ലെയർ എന്ന നിലയ്ക്കുള്ള ആദ്യത്തെ കരാർ ഒപ്പുവെച്ചത്. അതിനുശേഷം ക്ലബ്ബ് മുൻകൈയെടുത്തുതന്നെ പലതവണ കരാർ പുതുക്കുകയായിരുന്നു.
ബാർസലോണ വിട്ടതോടെ ഇനി മെസ്സി എവിടെ പന്തുതട്ടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾക്കാണ് മുൻതൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.