മാറുന്ന ഏഷ്യൻ ഫുട്ബാളിന്റെ ദോഹൻ ഷോ
text_fieldsദോഹ: ലുസൈൽ സ്റ്റേഡിയത്തിലെ ഏഷ്യൻ കപ്പ് ഫൈനലും കഴിഞ്ഞ് മുഷൈരിബിലെ മെയിൻ മീഡിയ സെന്ററിലേക്കുള്ള യാത്രക്കിടയിലായിരുന്നു തുനീഷ്യൻ മാധ്യമപ്രവർത്തകൻ ഫായിസ് റൂസിയെ പരിചയപ്പെടുന്നത്. കളിയെക്കുറിച്ച് സംസാരിച്ചുതുടങ്ങിയ അദ്ദേഹത്തോട് ഈ ടൂർണമെന്റിലെ ശ്രദ്ധേയരായ മൂന്നു ടീമുകൾ ഏതെന്ന് ചോദിച്ചു. ഒരു നിമിഷംപോലും ആലോചിക്കാതെയായിരുന്നു മറുപടി. ഫൈനലിസ്റ്റായ ജോർഡൻ, ക്വാർട്ടർ ഫൈനലിൽ ഖത്തറിനോട് തോറ്റു മടങ്ങിയ ഉസ്ബകിസ്താൻ, അരങ്ങേറ്റക്കാരായ തജികിസ്താൻ.
ഒരു മാസം നീണ്ടുനിന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന് കൊടിയിറങ്ങുമ്പോൾ ആരാധകരിലും ഫുട്ബാൾ എഴുത്തുകാരുടെയും ചിന്തകളിൽ ബാക്കിയാവുന്നത് മാറുന്ന ലോക ഫുട്ബാളിന്റെ മുഖങ്ങൾതന്നെയാണ്. വൻകരയുടെ കിരീടത്തിൽ തുടർച്ചയായി രണ്ടാം തവണയും ഖത്തർ മുത്തമിട്ടെങ്കിലും തോറ്റ ടീമുകളും, പ്രതിഭയുടെ മിന്നലാട്ടം കാഴ്ചവെച്ച ഒരുപിടി താരങ്ങളും കളിയാരാധകരുടെ ഹൃദയത്തിലുണ്ട്.
ലുസൈലിൽ നടന്ന ഫൈനലിൽ ജോർഡനെ 3-1ന് തോൽപിച്ച് ഖത്തർ കിരീടമണിയുമ്പോൾ ആതിഥേയരുടെ വിജയശിൽപിയായ അക്രം അഫീഫ് എന്ന ടോപ് ഗോൾ സ്കോററുടെ വാഴ്ച കണ്ട പോരാട്ടംകൂടിയായി 18ാമത് ഏഷ്യൻ കപ്പ്.
2019ൽ യു.എ.ഇയിൽ ഏഷ്യൻ കിരീടം ചൂടിയ ഖത്തർ, സ്വന്തം മണ്ണിലെ ലോകകപ്പ് പോരാട്ടത്തിൽ ഒരു ജയംപോലുമില്ലാതെ നിറംമങ്ങിയെങ്കിലും വലിയ പോരാട്ടങ്ങളിലേക്കുള്ള അനുഭവസമ്പത്തായി ലോകകപ്പ് പങ്കാളിത്തം മാറിയെന്ന് സെമിഫൈനലിനു പിന്നാലെ സാക്ഷ്യപ്പെടുത്തിയത് അക്രം അഫീഫായിരുന്നു.
കളം നിറഞ്ഞ ജോർഡൻ
ഇത്തവണ ഏഷ്യൻ കപ്പിനെത്തുമ്പോഴൊന്നും നോക്കൗട്ട് പ്രതീക്ഷപോലും ജോർഡന് ആരാധകർ കൽപിച്ചിരുന്നില്ല. എന്നാൽ, ടൂർണമെന്റിലെ റണ്ണേഴ്സ് അപ്പായി മടങ്ങുമ്പോഴേക്കും റാങ്കിലും ഒപ്പം കളിമികവിലും അവർ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഗ്രൂപ് റൗണ്ടിൽ കരുത്തരായ ദക്ഷിണ കൊറിയയെ സമനിലയിൽ പിടിച്ചുകെട്ടി തുടങ്ങിയവർ, പ്രീക്വാർട്ടറിലേക്ക് മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായാണ് ഇടംപിടിക്കുന്നത്. പിന്നെ നോക്കൗട്ടിലെ ഓരോ റൗണ്ടിലും മികച്ച വിജയങ്ങളിലൂടെ ചുവടുകൾക്ക് അടിത്തറ പാകി. സെമിയിൽ അവരുടെ പുറത്താകൽ പ്രവചിച്ചവരെ സ്വന്തം നാട്ടുകാരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു കൊറിയക്കെതിരായ പ്രകടനം. ഒടുവിൽ, ഫൈനലിൽ ആതിഥേയരായ ഖത്തറിനെതിരെയും ഉജ്ജ്വലമായ പോരാട്ടം കാഴ്ചവെച്ച്, പെനാൽറ്റിയുടെ നിർഭാഗ്യത്തിലാണ് ജോർഡൻ വീഴുന്നത്. ടീമിലെ കളിക്കാരിൽ ഏറെയും പ്രാദേശിക ക്ലബുകളുടെ താരങ്ങളാണെങ്കിൽ, ‘ജോർഡൻ മെസ്സി’ എന്ന വിളിപ്പേരുകാരനായ ഫ്രഞ്ച് ലീഗ് ക്ലബ് മോണ്ടിപെല്ലിയറിന്റെ താരം മൂസ അൽ തമാരി ആ രാജ്യത്തിന്റെ മാറുന്ന ഫുട്ബാളിന്റെ സൂചനയാണ്.
കരുത്തറിയിച്ച് ഉസ്ബകും തജികിസ്താനും
ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ് ‘ബി’യിലായിരുന്നു ഉസ്ബകിസ്താൻ മാറ്റുരച്ചത്. സിറിയയെ സമനിലയിൽ തളച്ചും ആസ്ട്രേലിയയെ വിറപ്പിച്ചും തുടങ്ങിയവർ തായ്‍ലൻഡിനെ മടക്കിയാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. അടുത്ത റൗണ്ടിൽ ഖത്തറിനു മുന്നിൽ ഷൂട്ടൗട്ടിൽ കീഴടങ്ങിയ ഉസ്ബക് കളിമികവുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. അണ്ടർ 23 ഏഷ്യൻ ചാമ്പ്യന്മാരായി വന്ന്, അബ്ബാസ്ബെക് ഫൈസുലേവ്, ഖോജിമത് എർകിനോവ്, ഉസ്തൻ ഉറുനോവ് തുടങ്ങിയ യുവനിര സീനിയർ ഫുട്ബാളിലും വരവറിയിച്ചു. അരങ്ങേറ്റക്കാരായി ടൂർണമെന്റിൽ പന്തുതട്ടിയ തജികിസ്താനാണ് ശ്രദ്ധേയരായ മറ്റൊരു നിര. യുദ്ധഭൂമിയായി മാറിയ സ്വന്തം നാടിന്റെ വേദനക്കിടയിലും മികച്ച കളിയുമായി മുന്നേറിയ ഫലസ്തീനും ഫുട്ബാളിലെ പഴയ പ്രതാപം കൈവിടാത്ത ഇറാനും സൗദി അറേബ്യയും ഉൾപ്പെടെ ടീമുകളും ഇത്തവണ ടൂർണമെന്റിൽ ശ്രദ്ധേയ വിലാസങ്ങൾ രചിച്ചാണ് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.