'ഇതെന്താണ് ഫിഫ ലോക ഇലവനോ'; പി.എസ്.ജി ലൈൻഅപ് കണ്ട് അമ്പരന്ന് ലോകം
text_fieldsപാരിസ്: ക്ലബ് ഫുട്ബാളിന്റെ തലസ്ഥാനം പാരിസിലേക്ക് കുടിയേറുമോ?. അർജൈന്റൻ ഇതിഹാസം ലയണൽ മെസ്സി കൂടിയെത്തിയതോെട പി.എസ്.ജിക്കായി കളത്തിലിറങ്ങുന്ന സാധ്യത ടീമിനെ കണ്ട് ആശ്ചര്യം പങ്കുവെക്കുകയാണ് കാൽപന്ത് പ്രേമികൾ.
പുതിയ സീസണിൽ പി.എസ്.ജിയിലെത്തുന്ന നാലാമത്തെ ഫ്രീ ഏജൻറാണ് മെസ്സി. റയൽ മഡ്രിഡിൽനിന്ന് ഡിഫൻഡറും നായകനുമായിരുന്ന സെർജിയോ റാമോസ്, ലിവർപൂളിൽനിന്ന് മിഡ്ഫീൽഡർ ജോർജീന്യോ വിനാൾഡം, എ.സി. മിലാനിൽനിന്ന് ഗോൾകീപ്പർ ജിയാൻലുയിജി ഡോണറുമ്മ തുടങ്ങിയവരെ പി.എസ്.ജി ടീമിലെത്തിച്ചിരുന്നു. കൂടാതെ ഇൻറർ മിലാനിൽനിന്ന് ആറു കോടി യൂറോക്ക് (ഏകദേശം 445 കോടി രൂപ) വിങ്ബാക്ക് അഷ്റഫ് ഹകീമിയെയും കൊണ്ടുവന്നു. ഫ്രഞ്ച് ലീഗ് കിരീടം തിരിച്ചുപിടിക്കുക എന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ആദ്യമായി ഷോകേസിലെത്തിക്കുക എന്ന ലക്ഷ്യത്തിനും മെസ്സിയുടെ വരവോടെ ആക്കംകൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോ.
ഫ്രാൻസിന്‍റെ അതിവേഗക്കാരൻ കിലിയൻ എംബാപ്പേ തന്നെയാകും ടീമിന്‍റെ മുന്നേറ്റ നിരക്ക് ചുക്കാൻ പിടിക്കുക. തൊട്ടുപിന്നാെല ബ്രസീലിന്‍റെ പൊന്നും വിലയുള്ള നെയ്മറും സാക്ഷാൽ ലയണൽ മെസ്സിയും അർജന്‍റീനക്കാരൻ തന്നെയായ ഏയ്ഞ്ചൽ ഡി മരിയയും.മധ്യനിരയിൽ ലിവർപൂളിൽ നിന്നുമെത്തിച്ച വിനാൽഡവും ഇറ്റലിയുടെ വെറാട്ടിയും അഷ്റഫ് ഹാക്കിമിയും.
പിൻനിരയിൽ എക്കാലത്തേയും മികച്ച പ്രതിരോധ ഭടൻമാരിലൊരാളായ സെർജിയോ റാമോസ്. കൂടെ ഫ്രാൻസിന്‍റെ കുർസാവ, കിംബെപ്പെ, ബ്രസീലിന്‍റെ മാർക്വിനോസ് എന്നിവർ. ഗോൾ വല കാക്കാൻ കഴിഞ്ഞ യൂറോകപ്പിൽ ഇറ്റലിയെ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാനപങ്കുവഹിച്ച ഡൊന്നരുമ്മ...
സറാബിയ, ഇക്കാർഡി, ഹെറേറ, പരഡേസ്, കെഹ്റെർ, കെയ്ലർ നവാസ് തുടങ്ങിയ ലോകോത്തര താരങ്ങൾ ഇക്കുറി ബെഞ്ചിലിരിക്കേണ്ട സ്ഥിതിയാകും.ഒരു കാലത്ത് ലോകത്തെ പൊന്നും വിലയുള്ള താരങ്ങളെല്ലാം അണിനിരന്നിരുന്ന റയൽ മാഡ്രിഡിന്‍റെ സുവർണതലമുറയെ ഓർമിപ്പിക്കുന്നതാണ് പി.എസ്.ജി ലൈൻഅപ്. എന്നാൽ റയലിന് അക്കാലത്ത് പ്രതീക്ഷിച്ച നേട്ടങ്ങളൊന്നും നേടാനായില്ലെന്നത് മറ്റൊരു ചരിത്ര സത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.