മാറക്കാനയിലെ ‘ഏറ്റുമുട്ടൽ’; ബ്രസീലിനും അർജന്റീനക്കും പിഴയിട്ട് ഫിഫ
text_fieldsസൂറിച്ച്: ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യത മത്സരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബ്രസീൽ, അർജന്റീന സോക്കർ ഫെഡറേഷനുകൾക്ക് പിഴയിട്ട് ഫിഫ അച്ചടക്ക സമിതി. 2023 നവംബർ 22ന് ബ്രസീൽ-അർജന്റീന മത്സരത്തിനിടെ ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും അതിനുനേരെയുണ്ടായ പൊലീസ് നടപടിയും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
മത്സരത്തിന് ആവശ്യമായ സുരക്ഷയൊരുക്കാൻ കഴിഞ്ഞില്ലെന്ന കുറ്റത്തിന് ബ്രസീലിന് 59,000 ഡോളറാണ് പിഴയിട്ടത്. സ്റ്റേഡിയത്തിൽ അച്ചടക്കം പാലിച്ചില്ലെന്ന കുറ്റത്തിന് അർജന്റീന 23,000 ഡോളറാണ് പിഴ അടക്കേണ്ടത്. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് എക്വഡോർ, യുറുഗ്വെ ടീമുകൾക്കെതിരെയും അർജന്റീനൻ ആരാധകർ പരിധിവിട്ടിരുന്നു. ഇതിനുള്ള പിഴയായി 59,000 ഡോളർ വിവേചന വിരുദ്ധ വിദ്യാഭ്യാസ പദ്ധതികൾക്ക് നൽകണമെന്നും നിർദേശമുണ്ട്. ഇതിന് പുറമെ അർജന്റീനയുടെ ഹോം മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ ഉൾക്കൊള്ളുന്നതിന്റെ 50 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്നും നിബന്ധനയുണ്ട്.
റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന തോൽപിച്ചിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പായിരുന്നു ഗാലറിയിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഗാലറിയിലെത്തിയ പൊലീസും അർജന്റീനൻ ആരാധകരെ നേരിട്ടതോടെ അർജൻറീന ടീം ഗ്രൗണ്ട് വിട്ടിരുന്നു. 27 മിനിറ്റ് വൈകിയാണ് മത്സരം പുനരാരംഭിച്ചത്.
മറ്റു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആരാധകരുടെ മോശം പെരുമാറ്റത്തിന് ചിലി, കൊളംബിയ, യുറുഗ്വെ ടീമുകൾക്കും പിഴയിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.