ആരാധകർ എത്തിത്തുടങ്ങി; ആരോഗ്യ വിഭാഗവും കരുതലോടെ
text_fieldsദോഹ: ലോകകപ്പിനായി രാജ്യത്തെത്തുന്ന ആരാധകർക്ക് ഉന്നത നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ട് പ്രധാന ഫാൻ ആക്ടിവിറ്റി ഭാഗങ്ങളിലായി 60ലധികം മൊബൈൽ മെഡിക്കൽ സംഘങ്ങളെ വിന്യസിക്കും.
പ്രധാന ഫാൻ ആക്ടിവേഷൻ കേന്ദ്രമായ കോർണിഷിൽ 46 മൊബൈൽ മെഡിക്കൽ സംഘങ്ങളെയാണ് വിന്യസിക്കുന്നത്. അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിനായി 18 മൊബൈൽ യൂനിറ്റുകളും സജ്ജമാണ്. ക്രിട്ടിക്കൽ കെയർ ടീമുകളും ഫസ്റ്റ് റെസ്പോൺസ് ടീമുകളും ഇവരിലുണ്ടാകും.
ഇത് കൂടാതെ ആംബുലൻസുകളും പ്രഥമ ശുശ്രൂഷ ടെന്റുകളും അടിയന്തര പരിചരണ ക്ലിനിക്കുകളും സജ്ജീകരിക്കുമെന്നും വാർത്തകുറിപ്പിൽ വ്യക്തമാക്കി. സ്റ്റേഡിയങ്ങൾക്കും പ്രധാന താമസകേന്ദ്രങ്ങൾക്കും സമീപത്തായി നൂറിലധികം ക്ലിനിക്കുകളാണ് സ്ഥാപിക്കുന്നത്. മൊബൈൽ മെഡിക്കൽ സംഘങ്ങൾ, ക്രിട്ടിക്കൽ കെയർ ടീമുകൾ, ഫസ്റ്റ് റെസ്പോൺസ് വിഭാഗം, ആംബുലൻസ് എന്നിവയുൾപ്പെടെയുള്ള അടിയന്തര സേവനവും ആരാധകർക്കായി ലഭ്യമാക്കുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സക്കായി സമീപിക്കാം. ഖത്തറിലെത്തുന്ന ആരാധകർ താമസ കാലയളവിലേക്കായി ആരോഗ്യ പരിരക്ഷയോടെയുള്ള യാത്ര ഇൻഷുറൻസ് എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെതന്നെ നിർദേശം നൽകിയിരുന്നു.
ഈയിടെ രാജ്യത്തിന് സമർപ്പിച്ച ഐഷ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രി, അൽ വക്റ ആശുപത്രി, ഹമദ് ജനറൽ ആശുപത്രി, ഹസം മിബൈരീക് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ആരാധകർക്കായുള്ള അടിയന്തര പരിചരണ യൂനിറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.ഹയ്യാ കാർഡുമായി എത്തുകയാണെങ്കിൽ സൗജന്യ നിരക്കിൽ അടിയന്തര സേവനം ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
താമസക്കാർക്ക് നിലവിലെ മാർഗങ്ങൾ
ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യാ കാർഡ് പരിഗണിക്കുകയില്ലെന്നും നിലവിലെ പോളിസികളും ചികിത്സ ചെലവുകളും ടൂർണമെന്റ് കാലയളവിലും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ അടിയന്തരവും അല്ലാത്തതുമായ ആരോഗ്യ സേവനങ്ങൾക്കായി എത്തുന്ന പൗരന്മാർക്കും താമസക്കാർക്കും അതത് നിരക്കുകൾ ബാധകമായിരിക്കും.
ആരാധകർക്ക് പൊതു-സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയിലെ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കായി 16000 നമ്പറിൽ ബന്ധപ്പെടാം. ഫാൻ സോണുകളിൽ ലഭ്യമായ ആരോഗ്യ ചികിത്സ സേവനങ്ങളും മെഡിക്കൽ പിന്തുണയും ഉപയോഗപ്പെടുത്തുന്നതിനും ഹെൽപ് ലൈൻ ജീവനക്കാരുടെ സഹായം തേടാം.
ചികിത്സ ആവശ്യമുള്ള ആരാധകർ തൊട്ടടുത്ത ക്ലിനിക്കിലെത്തി ചികിത്സ സേവനം തേടണമെന്നും അത് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണെന്നും സൗജന്യ നിരക്കിൽ ആരോഗ്യ സേവനം ലഭ്യമാണെന്നും ആരാധകരോടായി ഫിഫ ലോകകപ്പ് ഖത്തർ 2022 ഹെൽത്ത് സ്ട്രാറ്റജിക് കമാൻഡ് ഗ്രൂപ് ചെയർമാൻ ഡോ. അഹ്മദ് അൽ മുഹമ്മദ് അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിനിടെ വ്യക്തമാക്കി.
അടിയന്തര ഘട്ടങ്ങളിൽ ആവശ്യമെങ്കിൽ 15 മിനിറ്റിനുള്ളിൽ അത്യാധുനിക മൊബൈൽ ആശുപത്രികൾ സ്ഥാപിക്കാൻ അധികൃതർക്ക് സാധിക്കും. അതോടൊപ്പം മത്സരദിവസങ്ങളിൽ ഓരോ സ്റ്റേഡിയത്തിലും ഓരോ ഫീൽഡ് ആശുപത്രി വീതവും സജ്ജീകരിക്കും.ഓരോ ഫീൽഡ് ആശുപത്രിയോടും ചേർന്ന് അധികൃതർക്ക് അടിയന്തര പ്രതികരണം ഏകോപിപ്പിക്കാൻ കഴിയുന്ന ഒരു കമാൻഡ് സെന്ററും സ്ഥാപിക്കുമെന്നും മെഡിക്കൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.