ആയുധധാരികൾ തട്ടിക്കൊണ്ടുപോയ കൊളംബിയൻ താരം ലൂയിസ് ഡയസിന്റെ പിതാവിനെയും മോചിപ്പിച്ചു
text_fieldsനാഷനൽ ലിബറേഷൻ ആർമി എന്ന ഗറില്ല ഗ്രൂപ്പ് (ഇ.എൽ.എൻ) അംഗങ്ങൾ തട്ടിക്കൊണ്ടുപോയ ലിവർപൂളിന്റെ കൊളംബിയൻ ഫുട്ബാൾ താരം ലൂയിസ് ഡയസിന്റെ പിതാവിനെയും മോചിപ്പിച്ചു. മോട്ടോർ സൈക്കിളുകളിൽ എത്തിയ ആയുധധാരികൾ വടക്കൻ കൊളംബിയയിലെ ബറൻകാസ് എന്ന ചെറുനഗരത്തിൽനിന്ന് തട്ടിക്കൊണ്ടുപോയ അദ്ദേഹത്തെ 12 ദിവസത്തിന് ശേഷമാണ് മോചിപ്പിച്ചത്. ഗറില്ല ഗ്രൂപ്പുമായി സമാധാന ചർച്ച നടത്തിയ സർക്കാർ പ്രതിനിധികളാണ് മോചനം പ്രഖ്യാപിച്ചത്. പിതാവിനൊപ്പം തട്ടിക്കൊണ്ടുപോയിരുന്ന ലൂയിസ് ഡയസിന്റെ മാതാവ് സിലേനിസ് മറുലാൻഡയെ പൊലീസ് നഗരം വളഞ്ഞ് മണിക്കൂറുകൾക്കകം മോചിപ്പിച്ചിരുന്നു.
ഒക്ടോബർ 28നായിരുന്നു മാനുവൽ ഡയസിനെയും ഭാര്യ സിലേനിസ് മറുലാൻഡയെയും തട്ടിക്കൊണ്ടുപോയത്. തുടർന്ന് സംഭവം അന്താരാഷ്ട്ര ശ്രദ്ധയിലെത്തി. ഞായറാഴ്ച പ്രീമിയർ ലീഗ് മത്സരത്തിൽ ഗോളടിച്ച ലൂയിസ് ഡയസ് ജഴ്സി പൊക്കി ‘പിതാവിനെ സ്വതന്ത്രമാക്കൂ’ എന്നെഴുതിയ ടി ഷർട്ട് പ്രദർശിപ്പിച്ചിരുന്നു.
തുടക്കത്തിൽ ആരാണ് തട്ടിക്കൊണ്ടുപോയതെന്നതിനെ കുറിച്ച് ധാരണയുണ്ടായിരുന്നില്ലെങ്കിലും ഇ.എൽ.എസ് ഗറില്ല ഗ്രൂപ്പാണെന്ന് കഴിഞ്ഞയാഴ്ച സർക്കാർ സ്ഥിരീകരിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന് സമ്മതിച്ച ഇ.എൽ.എൻ, അതൊരു അബദ്ധമായിരുന്നെന്നും അതിനാൽ ഉയർന്ന നേതാക്കൾ അദ്ദേഹത്തെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ, വടക്കൻ കൊളംബിയയിലെ സൈനിക വിന്യാസം മോചനത്തിന് തടസ്സമാണെന്നും അത്തരം സാഹചര്യങ്ങളിൽ സുരക്ഷിതമായ മോചനം ഉറപ്പുനൽകാൻ കഴിയില്ലെന്നും ഇ.എൽ.എൻ ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചിരുന്നു. തുടർന്ന് മോചനം സുഗമമാക്കാൻ സൈന്യത്തെ മാറ്റുകയാണെന്ന് കൊളംബിയൻ സൈന്യം തിങ്കളാഴ്ച അറിയിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലിന് ശേഷം മോചനത്തിനായി പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.