വംശീയാധിക്ഷേപം: വിനീഷ്യസിന് പിന്തുണയുമായി ഫുട്ബാൾ ലോകം
text_fieldsമഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ വീണ്ടും വംശീയാധിക്ഷേപത്തിനിരയായി റയൽ മഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയർ. വലെൻസിയക്കെതിരായ കളിയിൽ ടീം ഒരു ഗോളിന് പിറകിൽ നിൽക്കെയായിരുന്നു ഗാലറിയിൽ നിന്ന് ബ്രസീലിയൻ താരത്തിന് നേരെ കടുത്തവാക്കുകളുയർന്നത്. സ്പെയിനും ലാ ലിഗയും വംശീയാധിക്ഷേപത്തിന്റെ കേന്ദ്രങ്ങളായി മാറിയെന്ന് പിന്നീട് വിനീഷ്യസ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. വിനീഷ്യസ് ചുവപ്പ് കാർഡ് കണ്ട കളി 1-0ത്തിന് റയൽ തോൽക്കുകയും ചെയ്തു.
റയൽ- വലൻസിയ മത്സരത്തിൽ സംഭവിച്ചത്
വലൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന മത്സരം അവസാന മിനിറ്റുകളിലേക്ക് നീങ്ങവെ വലൻസിയയിൽ നിന്ന് മോശമായ പെരുമാറ്റം വിനീഷ്യസിന് നേരെയുണ്ടായി. അധിക്ഷേപം നടത്തുന്നവരിലൊരാളെ തിരിച്ചറിഞ്ഞ് പ്രതികരിച്ച താരം കാണികളുടെ സമീപനം മാറ്റാത്ത പക്ഷം കളി നിർത്തിവെക്കണമെന്ന ആവശ്യവുമുന്നയിച്ചു. തുടർന്ന് മത്സരം കുറച്ചുനേരം തടസ്സപ്പെട്ടു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ വലൻസിയ താരങ്ങളുമായി തർക്കിക്കുന്നതിനിടെ സ്ട്രൈക്കർ ഹ്യൂഗോ ഡ്യൂറോയുടെ മുഖത്ത് കൈതട്ടിയതിനാണ് വിനീഷ്യസ് ചുവപ്പ് കാർഡ് കണ്ടത്. ഇതിന്റെ പേരിൽ എതിർ ടീം അംഗങ്ങൾ വിനീഷ്യസിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
വംശീയാധിക്ഷേപകരുടെ കേന്ദ്രം, പോരാട്ടം തുടരും -വിനീഷ്യസ്
സംഭവത്തെക്കുറിച്ച് വിനീഷ്യസ് ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും കുറിച്ചത് ഇങ്ങനെ: “ഇത് ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ആയിരുന്നില്ല. ലാലിഗയിൽ വംശീയത സാധാരണമാണ്. ഫെഡറേഷനും അപ്രകാരം ചിന്തിക്കുന്നു. എതിരാളികൾ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ഒരുകാലത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടേതായിരുന്ന ലീഗ് ഇപ്പോൾ വംശീയവാദികളുടേതാണ്. പക്ഷേ ഞാൻ കരുത്തനാണ്. വർഗീയവാദികൾക്കെതിരെ അവസാനം വരെ പോരാടും. ഇവിടെ നിന്ന് ഏറെ അകലെയാണെങ്കിലും ഞാനത് തുടരും. ”
കൂടെയുണ്ടെന്ന് എംബാപ്പെയും നെയ്മറും
വംശീയാധിക്ഷേപത്തിനെതിരെ പ്രതികരിച്ച് ഫ്രാൻസ്, ബ്രസീൽ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും നെയ്മറും രംഗത്തെത്തി. വിനീഷ്യസ് ഒറ്റക്കല്ലെന്നും തങ്ങൾ കൂടെയുണ്ടെന്നും ഇരുവരും വ്യക്തമാക്കി. ''സ്റ്റേഡിയത്തിൽ നിന്ന് ഒരു താരത്തെ കുരങ്ങനെന്ന് വിളിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് കളി തുടരാൻ കഴിയുക. പലയിടത്തും ഇത് ആവർത്തിക്കുന്നു. ഞങ്ങൾ 3-0ത്തിന് മുന്നിലാണെങ്കിലും മത്സരം നിർത്തണമെന്നേ പറയൂ. ഇതൊരിക്കലും സംഭവിക്കാൻ പാടില്ല'' -റയൽ മഡ്രിഡ് കോച്ച് കാർലോ ആഞ്ചെലോട്ടി പറഞ്ഞു. ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂലാ ഡാ സിൽവയും രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സംഭവത്തെ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.