ഖത്തറിൽനിന്നു വിളിയെത്തി; ഫ്രീകിക്ക് താരം ഫിദ ലോകകപ്പ് കാണാനെത്തും
text_fieldsദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോളിനെ മൈതാനത്ത് അതേപടി പകർത്തി താരമായ മലപ്പുറം തിരൂർക്കാട് സ്വദേശിനി ഫിദ ഫാത്തിമക്ക് പ്രിയതാരത്തിന്‍റെ പ്രകടനം കാണാൻ ഖത്തറിൽ നിന്നും വിളിയെത്തി. ലോകകപ്പിൽ പോർചുഗൽ-ഉറുഗ്വായ് മത്സരത്തിനുള്ള മാച്ച് ടിക്കറ്റും ഖത്തറിലേക്കുള്ള വിമാന യാത്രാ ടിക്കറ്റും വാഗ്ദാനം ചെയ്തുകൊണ്ട് ദോഹയിലെ ഗോ മുസാഫർ ട്രാവൽസ് ഉടമ ഫിറോസ് നാട്ടു ആണ് രംഗത്തെത്തിയത്.
ലോകകപ്പിന്‍റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ 28ന് നടക്കുന്ന മത്സരത്തിനാണ് ടിക്കറ്റ് ഉറപ്പിച്ചത്. ബുധനാഴ്ച ദോഹയിൽ നിന്നു ഫിദയെയും മാതാപിതാക്കളെയും വിളിച്ച് സംസാരിച്ച ഫിറോസ് നാട്ടു, ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് കുടുംബത്തിന് രേഖാമൂലം തന്നെ ഉറപ്പു നൽകി. തിരൂർക്കാട് എ.എം.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഫിദ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരത്തിനിടെ എടുത്ത ഫ്രീകിക്കാണ് കൊച്ചുമിടുക്കിയുടെ തലവര മാറ്റിയെഴുതിയത്.
സ്കൂൾ അധ്യാപകർ പകർത്തിയ വിഡിയോ ദിവസങ്ങൾക്കുള്ളിൽ സാമൂഹിക മാധ്യമങ്ങളിൽ തരംഗവുമായി. പത്രങ്ങളിലും ചാനലുകളിലും താരമായതോടെ, ഇത് ശ്രദ്ധയിൽപെട്ടാണ് ഖത്തറിലെ പ്രമുഖ ട്രാവൽ ഏജൻസിയായ 'ഗോ മുസാഫർ' ജനറൽ മാനേജർ ഫിറോസ് നാട്ടു ഫിദയെ ലോകകപ്പ് മത്സരം കാണിക്കാൻ തീരുമാനമെടുത്തത്. ഇതോടെ, നടപടി ക്രമങ്ങളെല്ലാം വേഗത്തിലായി. നാട്ടിൽ കുടുംബത്തെ വിളിച്ച് വിവരം അറിയിച്ച അദ്ദേഹം, ഇതുസംബന്ധിച്ച മറ്റു നടപടിക്രമങ്ങൾക്കും തുടക്കം കുറിച്ചു. മാച്ച് ടിക്കറ്റ്, ഖത്തറിലേക്ക് പ്രവേശനത്തിന് ആവശ്യമായ ഹയാ കാർഡ് (ഫാൻ ഐ.ഡി), വിമാനടിക്കറ്റ് എന്നിവ ഗോ മുസാഫർ ഡോട്കോം വഹിക്കും.
വളർന്നുവരുന്ന ഫുട്ബാൾ താരങ്ങൾക്ക് പ്രോത്സാഹനം കൂടി എന്ന നിലയിലാണ് ഫിദ ഫാത്തിമയെ ലോകകപ്പ് വേദിയിലെത്തിക്കുന്നതെന്ന് എടത്തനാട്ടുകര സ്വദേശിയായ ഫിറോസ് നാട്ടു 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഇഷ്ടതാരത്തിന്‍റെ മത്സരം ഗാലറിയിലിരുന്ന് കാണാൻ വിളിയെത്തിയതിന്‍റെ സന്തോഷത്തിലാണ് ഫിദ. ഇതുവരെ വിദേശയാത്രയെ കുറിച്ചൊന്നും സ്വപ്നം പോലും കാണാത്ത ഫിദ ഇനി പാസ്പോർട്ട് എടുക്കാനുള്ള ഒരുക്കത്തിലാണ്. 'ഉടൻ തന്നെ പാസ്പോർട്ടിന് അപേക്ഷ നൽകണം. ലോകകപ്പ് കാണമെന്നത് ഒരിക്കൽ പോലും സ്വപ്നത്തിലില്ലായിരുന്നു. ഖത്തറിൽ നിന്നും ഫോൺ വിളിയെത്തിയപ്പോൾ പോലും വിശ്വാസമായില്ല. വലിയ സന്തോഷം' - ഫിദ തന്‍റെ സന്തോഷം 'ഗൾഫ് മാധ്യമ'വുമായി പങ്കുവെച്ചു.
തിരൂർക്കാട് എ.എം.എച്ച്.എസില്‍ സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്കും ഫുട്‌ബാള്‍ പരിശീലനം ആരംഭിച്ചത്. കായികാധ്യാപകരായ സി.എച്ച്. ജാഫർ, ഷമീൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.