പാരീസിലെ ഫ്രഞ്ച് വിപ്ലവം
text_fieldsഫിഫ ലോകകപ്പിെൻറ 16ാം ടൂർണമെൻറ് വേദിയായി തെരഞ്ഞെടുക്കപ്പെട്ടത് ലൂസിയൻ ലോറൻറിന്റെയും ജസ്റ്റ് ഫൊണ്ടെയ്നിന്റെയും മിഷേൽ പ്ലാറ്റിനിയുടെയും ഫ്രാൻസിനെയായിരുന്നു. 1930 മുതൽ ലോകകപ്പ് ഫുട്ബോളിന്റെ അധിക ടൂർണമെൻറുകളിലും പന്ത് തട്ടിയിട്ടുണ്ടെങ്കിലും മൂന്നാം സ്ഥാനത്തിനപ്പുറത്തേക്ക് കടക്കാൻ ഫ്രഞ്ച് പടക്കായിരുന്നില്ല. ഗോൾവേട്ടക്കാരനായ ഫൊണ്ടെയ്നും പ്ലാറ്റിനിക്കുമൊന്നും സാധിക്കാത്ത അതുല്യ നേട്ടം കരസ്ഥമാക്കാൻ സിദാനും ബർത്തേസും തുറാമും ബ്ലാങ്കും ഉൾപ്പെടുന്ന ദെഷാംപ്സിെൻറ ഫ്രഞ്ച് പടക്ക് സാധിച്ചു.
1990ലും 1994ലും യോഗ്യത പോലും നേടാൻ കഴിയാതെ പോയ ഫ്രാൻസ്, സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് എന്ന ആനുകൂല്യത്തിലാണ് 1998ൽ ബൂട്ടുകെട്ടിയത്. സിനദിൻ സിദാനെ ലോകമറിഞ്ഞ ലോകകപ്പ് കൂടിയായിരുന്നു 98ലേത്. റൊണോൾഡോ നസാരിയോ എന്ന പ്രതിഭാസം നിറം മങ്ങുന്നതിനും ഫുട്ബോൾ ലോകം ആ വർഷം സാക്ഷ്യം വഹിച്ചു.
60 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ
60 വർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ഫ്രാൻസ് ഒരിക്കൽ കൂടി ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നത്. 1938ൽ മൂന്നാം ലോകകപ്പിനായിരുന്നു ഫ്രാൻസ് ആദ്യമായി വേദിയായത്. യുൾറിമെയും ഹെൻറി ഡെലോനൊയും സ്വപ്നം കണ്ട ലോകകപ്പ് ഫുട്ബോൾ ആദ്യമായി തങ്ങളുടെ നാട്ടിലെത്താൻ പ്രഥമ ടൂർണമെൻറ് കഴിഞ്ഞ് പിന്നെയും എട്ടു വർഷം കാത്തിരിക്കേണ്ടി വന്നിരുന്നു. 1938ൽ നിന്നും 1998ലെത്തുമ്പോൾ ലോകം ഏറെ മുന്നേറിയിരുന്നു. ലോകകപ്പ് ടീമുകളുടെ എണ്ണം 24ൽ നിന്നും 32ലേക്ക് എത്തിയതും ഫ്രാൻസിലായിരുന്നു. യുഗോസ്ലാവ്യയിൽ നിന്നും വേർ പിരിഞ്ഞ് ആദ്യമായി െക്രായേഷ്യ ലോകകപ്പിനെത്തിയതും മൂന്നാം സ്ഥാനം നേടി കറുത്ത കുതിരകളായതും 1998ലെ ഏടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആറ് ഗോളുകൾ നേടി െക്രായേഷ്യയെ മുന്നിൽ നിന്നും നയിച്ച ഡെവേർ സൂക്കറായിരുന്നു ആ ലോകകപ്പിന്റെ ടോപ് സ്കോറർ. 10 സ്റ്റേഡിയങ്ങളിലായി നടന്നത് 64 മത്സരങ്ങൾ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നടക്കുന്ന ആദ്യ ടൂർണമെൻറ്. ഓരോ മത്സരത്തിലും 2.67 ശരാശരിയിൽ ആകെ ഗോളുകൾ 171. െക്രായേഷ്യക്ക് പുറമേ, ജപ്പാൻ, ജമൈക്ക, ദക്ഷിണാഫ്രിക്ക ടീമുകളുടെ കൂടി അരങ്ങേറ്റത്തിനാണ് ഫ്രാൻസ് സാക്ഷ്യം വഹിച്ചത്. ഫ്രാൻസിൽ നിന്ന് തുടങ്ങിയ എട്ട് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതമെന്ന റെക്കോർഡ് ഖത്തർ ലോകകപ്പോടെ പഴങ്കഥയാകും. 2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻറിൽ ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്തും.
ഗോൾഡൻ ഗോളിന്റെ പിറവി
അധിക സമയത്തേക്ക് നീണ്ട മത്സരങ്ങളിൽ ആദ്യമായി 'ഗോൾഡൻ ഗോൾ' ഉപയോഗിച്ച് ജേതാക്കളെ നിർണയിച്ചത് ഈ ടൂർണമെൻറിലായിരുന്നു. അതിന് മുമ്പ് 96ലെ യൂറോ കപ്പ് ആയിരുന്നു ഈ നിയമം ആദ്യമായി ഉപയോഗിച്ച പ്രധാന ടൂർണമെൻറ്.1998 ജൂൺ 28ന് നടന്ന ഫ്രാൻസ്–പരാഗ്വേ മത്സരത്തിലാണ് ലോകകപ്പിലെ ആദ്യ ഗോൾഡൻ ഗോൾ പിറന്നത്. ഗോൾ രഹിതമായതിനെ തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 113ാം മിനുട്ടിലാണ് ഫ്രാൻസിന്റെ ലോറൻ ബ്ലാങ്ക് ചരിത്രത്തിലേക്ക് നിറയൊഴിച്ചത്.
പെനാൽട്ടി ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുന്ന മത്സരങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികസമയത്ത് ആക്രമണാത്മക കളി േപ്രാത്സാഹിപ്പിക്കുന്ന ഗോൾഡൻ ഗോൾ അവതരിപ്പിച്ചത്. എന്നാൽ ഒരു ഗോളിലൂടെ മത്സരം ഉടൻ അവസാനിക്കുമെന്ന് അറിഞ്ഞ് കൊണ്ട് ടീമുകൾ ആക്രമണത്തിന് പകരം പ്രതിരോധത്തിലേക്ക് വലിഞ്ഞ് ജാഗ്രതയോടെ കളിക്കുന്നതിനാൽ വിപരീത ഫലമുണ്ടാക്കുമെന്നും നിയമത്തിൽ അനീതിയുണ്ടെന്നും വിമർശകർ വാദിച്ചിരുന്നു. 2002 ലോകകപ്പ് വരെയായിരുന്നു ഗോൾഡൻ ഗോളിെൻറ ആയുസ്. 2004ൽ ഗോൾഡൻ ഗോൾ എന്നന്നേക്കുമായി അവസാനിച്ചു. 2002ൽ കൊറിയ–ജപ്പാൻ ലോകകപ്പിൽ മൂന്ന് ഗോൾഡൻ ഗോളുകളാണ് സ്കോർ ചെയ്യപ്പെട്ടത്.
ഫൈനലിലെ ഫ്രഞ്ച് ആധിപത്യം
സെയ്ൻറ് ഡി ഡെനിസിലെ സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ ആതിഥേയരും ലോക ഫുട്ബോളിലെ വമ്പന്മാരുമായ ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയ കലാശപ്പോരാട്ടം പക്ഷേ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനൽ മത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ചാമ്പ്യന്മാരെന്ന ഖ്യാതിയിൽ ലോകകപ്പിനെത്തിയ ബ്രസീലിന് പക്ഷേ വിചാരിച്ചത് പോലെയായിരുന്നില്ല ഫ്രാൻസ് ലോകകപ്പ്. ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ റോണാൾഡോ നസാരിയോ, കഫു, ഡുംഗ, റോബർട്ടോ കാർലോസ്, ടഫറേൽ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രസീൽ എത്തിയതെങ്കിൽ മധ്യനിര അടക്കി വാണ സിനദിൻ സിദാന്റെ ചിറകിലേറിയാണ് ഫ്രാൻസിന്റെ വരവ്. ഒപ്പം തുറാമും ദെഷാംപ്സും ഡിസൈലിയും ലിസാറസും ഗോൾ പോസ്റ്റിന് മുന്നിലെ വൻമതിൽ ബർത്തേസുമുണ്ട്.
എന്നാൽ മികച്ച മത്സരം പ്രതീക്ഷിച്ച ഫുട്ബോൾ ലോകത്തിന് തെറ്റി. തുടക്കം മുതൽ അവസാനം വരെ സിദാെൻറ നേതൃത്വത്തിലുള്ള ഫ്രഞ്ച് ആധിപത്യം മാത്രമായിരുന്നു കാണാൻ സാധിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയിരുന്ന സിദാന്റെ തിരിച്ച് വരവിനും ലോകം സാക്ഷ്യം വഹിച്ചു. ഫൈനൽ പോരാട്ടത്തിൽ സിദാൻ അവസരത്തിനൊത്ത് ഉയർന്നതോടെ ബ്രസീലിന്റെ നിഴൽ മാത്രമായിരുന്നു ഗ്രൗണ്ടിൽ. 27ാം മിനുട്ടിലും ആദ്യ പകുതിയുടെ അധിക സമയത്തും സിദാൻ കളി ഫ്രാൻസിന് സ്വന്തമാക്കി.
രണ്ട് ഗോളും മനോഹരമായ ഹെഡറുകളായിരുന്നു. രണ്ടാം പകുതിയിൽ കഫുവിനെ ഫൗൾ ചെയ്തതിന് ഡിസൈലി പുറത്ത് പോയി ഫ്രഞ്ച് ടീം 10 പേരായി ചുരുങ്ങി. ഇത് ബ്രസീലിന് പുതുജീവൻ പകരുമെന്ന് തോന്നിച്ചെങ്കിലും ഫ്രാൻസ് കൂടുതൽ അപകടകാരിയാകുന്ന കാഴ്ചയാണ് കണ്ടത്. 90ാം മിനുട്ടിൽ ഇമാനുവൽ പെറ്റിറ്റ് ബ്രസീലിെൻറ ശവപ്പെട്ടിക്ക് മേൽ അവസാന ആണിയുമടിച്ചു. സ്കോർ 3–0.
ഫ്രാൻസ് ലോക കിരീടം നേടിയ അന്ന് രാത്രി വൈകിയും ആരാധകർ ചാംപ്സ് എലീസിൽ മതിമറന്ന് നൃത്തം ചെയ്യുകയായിരുന്നു. ഫ്രാൻസിെൻറ ദേശീയഗാനമായ ലാ മാർസെയ്ലൈയ്സിലെ നമ്മുടെ മഹത്വത്തിെൻറ ദിവസം ആഗതമായിരിക്കുന്നു എന്നർത്ഥം വരുന്ന 'Our day of Glory has arrived' വരികൾ തെരുവീഥികളിൽ മുഴങ്ങിക്കൊണ്ടിരുന്നു. 68 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിരീടം ലോകകപ്പിെൻറ സ്വന്തം വീട്ടിലെത്തുമ്പോൾ ജൂൾസ് റിമറ്റും ഹെൻറി ഡെലോനേയും എവിടെയോ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
പ്രധാന താരങ്ങൾ
ഫൈനലിൽ നിറം മങ്ങിയെങ്കിലും ലോകകപ്പിെൻറ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിെൻറ റൊണോൾഡോയെ തന്നെയായിരുന്നു. നവാഗതരായി വന്ന് ഏവരുടെയും മനം കവരുന്ന പ്രകടനം പുറത്തെടുത്ത െക്രായേഷ്യയുടെ ഡവേർ സൂക്കർ ആറ് ഗോൾ നേടി സുവർണപാദുകം കരസ്ഥമാക്കിയപ്പോൾ ഇംഗ്ലണ്ടിെൻറ മൈക്കൽ ഓവൻ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടു. തർക്കങ്ങളൊന്നുമില്ലാതെ ഫ്രാൻസിെൻറ ഫാബിയൻ ബർത്തേസ് മികച്ച ഗോൾകീപ്പറായി. ഫ്രാൻസും ഇംഗ്ലണ്ടും ഫെയർപ്ലേ പുരസ്കാരത്തിനും അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.