കഴിഞ്ഞത് കഴിഞ്ഞു; എംബാപ്പെ പി.എസ്.ജിയിലെത്തി
text_fieldsപാരിസ്: ലോകകപ്പ് ഫുട്ബാളിലെ ഫൈനലിലെ തോൽവിക്ക് മൂന്ന് ദിവസത്തിനുശേഷം ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെ പരിശീലനത്തിനായി സ്വന്തം ക്ലബായ പി.എസ്.ജിയിലെത്തി. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുകയും ടൂർണമെന്റിലെ ടോപ്സ്കോററാവുകയും ചെയ്ത ഈ 24കാരൻ തിങ്കളാഴ്ചയാണ് ഖത്തറിൽ നിന്ന് നാട്ടിലേക്ക് പറന്നത്.
അന്ന് തന്നെ പാരിസിലെ പാലസ് ഡി ലാ കോൺകോഡിൽ നടന്ന വിജയാഘോഷത്തിൽ താരം പങ്കെടുത്തിരുന്നു. കുറച്ച് ദിവസം വിശ്രമിച്ച ശേഷം ക്ലബിലെത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ പെട്ടെന്ന് തന്നെ പി.എസ്.ജിയിലെത്തുകയായിരുന്നു. ഈ മാസം 28ന് ഫ്രഞ്ച് ലീഗ് വണ്ണിൽ സ്ട്രോസ്ബർഗിനെതിരായ മത്സരത്തിൽ എംബാപ്പെ കളിക്കും.
ലീഗിൽ പി.എസ്.ജി 15 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ്. 13 ജയവും രണ്ട് സമനിലയുമുള്ള ടീം 41 പോയന്റുമായാണ് പോയന്റ് പട്ടികയിൽ തലപ്പത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലെൻസിന് 36 പോയൻറുണ്ട്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലും ലയണൽ മെസ്സിയടക്കമുള്ള പി.എസ്.ജി തോറ്റിട്ടില്ല.
എല്ലാ മത്സരങ്ങളിലുമായി ഈ സീസണിൽ 19 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ഈ മുന്നേറ്റനിരക്കാരന്റെ സംഭാവന. കഴിഞ്ഞ 11 സീസണുകളിൽ ഒമ്പതാം ഫ്രഞ്ച് ലീഗ് കിരീടമാണ് പി.എസ്.ജി ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കാണ് ടീമിന്റെ എതിരാളികൾ. ഫെബ്രുവരിയിലാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദം. രണ്ടാം പാദം മാർച്ചിലും.
പി.എസ്.ജിയിലെത്തിയ എംബാപ്പെക്ക് ഹൃദയഹാരിയായ വരവേൽപ്പാണ് ലഭിച്ചത്. കോച്ച് ക്രിസ്റ്റോഫെ ഗാൾട്ടിയർ ആലിംഗനം ചെയ്താണ് താരത്തെ സ്വീകരിച്ചത്. അപൂർവമായ തിരിച്ചുവരവാണിതെന്ന് ക്ലബിന്റെ ആരാധകരും അഭ്യുദയകാംക്ഷികളും ട്വിറ്ററിൽ കുറിച്ചു.
‘ഫൈനൽ കഴിഞ്ഞ് മൂന്ന് ദിവസത്തിനകം എംബാപ്പെ ക്ലബിലെത്തി. പലരും രണ്ടാഴ്ചയെങ്കിലും അവധിയെടുക്കാറുണ്ട്’- ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും ചില പ്രമുഖ താരങ്ങൾ അവധി ആസ്വദിക്കുകയാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഈ സീസണിനുശേഷം എംബാപ്പെയെ റാഞ്ചാൻ ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, റയൽ മഡ്രിഡ് ടീമുകൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.