കളി ജയിച്ചു കപ്പടിച്ചു; എന്നിട്ടും കളിക്കാർക്ക് കാശില്ല
text_fieldsകോഴിക്കോട്: കളിയും കഴിഞ്ഞ് കപ്പടിച്ചിട്ടും പറഞ്ഞ കാശ് കൊടുത്തില്ലെന്ന പരാതിയുമായി കളിക്കാർ. Kerala Women's League
ൽ ചാമ്പ്യന്മാരായ കൊച്ചി ലോഡ്സ് എഫ്.എയിലെ താരങ്ങളാണ് കരാർ പ്രകാരമുള്ള തുക തരാതെ മാനേജ്മെന്റ് വഞ്ചിച്ചെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. ടീമിന്റെ കോച്ച് തന്നെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) പരാതി നൽകിയിരിക്കുകയാണ്.
ഈ മാസം 25ന് തുടങ്ങുന്ന വനിത പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ്.സിക്കു പുറമേ കേരളത്തിൽനിന്നും പങ്കെടുക്കുന്ന ഏക ടീമാണ് ലോഡ്സ്. കഴിഞ്ഞ ജൂലൈയിലാണ് ടീം രൂപവത്കരിച്ചത്. ഏതാനും ദിവസത്തെ പരിശീലനത്തിനു ശേഷമാണ് മത്സരത്തിനിറങ്ങിയത്. 2022 ആഗസ്റ്റ് 10 മുതൽ ഒക്ടോബർ 15 വരെ നടന്ന ടൂർണമെന്റിൽ വമ്പൻ ടീമായ ഗോകുലം എഫ്.സിയെ പോലും പിന്തള്ളിയാണ് ലോഡ്സ് ചാമ്പ്യനായത്. കോഴിക്കോട്ടുകാരിയായ അമൃത അരവിന്ദായിരുന്നു ടീമിന്റെ പരിശീലക. പ്രമുഖ റഫറിയും താരവുമായ ബെൻഡില ഡികോത്തായിരുന്നു ടെക്നിക്കൽ ഡയറക്ടർ.
മ്യാൻമറിന്റെ അന്തരാഷ്ട്രതാരം വിൻ തെൻഗി ടുൻ, ഇന്ത്യൻ താരങ്ങളായ കാർത്തിക അംഗമുത്തു, ഇന്ദുമതി കതിരേശൻ, സുമിത്ര കാമരാജ്, ഇന്ത്യൻ അണ്ടർ 19 താരമായ അർച്ചന, പോണ്ടിച്ചേരി താരങ്ങളായ അംസവല്ലി നാരായണൻ, അമലരശി തുടങ്ങിയ താരങ്ങൾ മൂന്നു മാസത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. കരാർ ഒപ്പിടുമ്പോൾ തന്നെ 25 ശതമാനവും ടൂർണമെന്റ് കഴിയുമ്പോൾ ബാക്കി തുകയും നൽകാമെന്നായിരുന്നു കരാറെന്നും എന്നാൽ കളി കഴിഞ്ഞ് അഞ്ച് മാസമായിട്ടും മിക്ക താരങ്ങൾക്കും തുക നൽകിയിട്ടില്ലെന്നുമാണ് പരാതി. നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടതിനാൽ മ്യാൻമർ താരത്തിനു മാത്രമാണ് മുഴുവൻ തുകയും നൽകിയതെന്നും പരാതിയിൽ പറയുന്നു.
പകുതി താരങ്ങൾ കേരളത്തിൽ നിന്നു തന്നെയായിരിക്കണമെന്ന് കേരള ഫുട്ബാൾ അസോസിയേഷൻ ചട്ടം പുറപ്പെടുവിച്ചതിനാൽ കേരളത്തിനായി കളിച്ച താരങ്ങളുമായി വാക്കാലുള്ള കരാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇവർക്ക് വെറും 10,000 രൂപ അഡ്വാൻസ് തുക മാത്രമാണ് നൽകിയത്. കരാർ പാലിക്കാത്തതിനാൽ ബെൻഡില ഡിക്കോത്ത സ്ഥാനമൊഴിയുകയും ചെയ്തു.
ലോഡ്സിനായി കളിച്ച കോഴിക്കോട്ടുകാരിക്ക് പരിക്കുപറ്റിയിട്ട് ടീം മാനേജ്മെന്റ് തിരിഞ്ഞുനോക്കിയില്ലെന്നും ടീമംഗങ്ങൾക്കായി എടുത്ത ഇൻഷുറൻസ് വ്യാജമായിരുന്നുവെന്നും 20,000 രൂപ പോലും ക്ലെയിം ചെയ്യാനാകാത്തതായിരുന്നുവെന്നും കോച്ച് അമൃത അരവിന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, കോച്ചിനെ നീക്കം ചെയ്തതിന്റെ പേരിലാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് ടീം ഉടമയായ ഡെറിക് സംഭവത്തോട് പ്രതികരിച്ചത്. കോഴിക്കോട്ടുകാരിക്ക് പരിക്കേറ്റത് ലോഡ്സിനായി കളിക്കുമ്പോഴല്ലെന്നും ദേവഗിരി സെന്റ് ജോസഫ് കോളജ് ടീമിനായി കളിക്കുമ്പോഴായിരുന്നുവെന്നും ഡെറിക് പറയുന്നു.
വെറും 20 ലക്ഷം മതിയെന്നു പറഞ്ഞാണ് ബെൻഡിലയും കോച്ച് അമൃതയും തന്നെ സമീപിച്ചതെന്നും പിന്നീടത് 40 ലക്ഷം വരെയായെന്നും ഇഷ്ടക്കാരായ കളിക്കാരെ ഇവർ ടീമിൽ കുത്തിനിറക്കുകയായിരുന്നുവെന്നും എല്ലാ കളിക്കാർക്കും പണം കൊടുത്തിട്ടുണ്ടെന്നും കോൺട്രാക്ടുള്ള ഏതാനും കളിക്കാർക്ക് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും ഡെറിക് പറയുന്നു.
എന്നാൽ, തന്നെ കോച്ചിന്റെ സ്ഥാനത്തുനിന്നും പുറത്താക്കിയതല്ലെന്നും പണം കിട്ടാത്തതിനാൽ കഴിഞ്ഞ ഡിസംബർ 26ന് താൻ രാജിവെക്കുകയായിരുന്നുവെന്നും രാജിക്കത്തിന്റെ കോപ്പി കെ.എഫ്.എ സെക്രട്ടറിക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും എ.ഐ.എഫ്.എഫ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമൃത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.