ലക്ഷ്യം സെമി; സാഫ് കപ്പ്: ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ
text_fieldsബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ആതിഥേയരായ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ നേപ്പാളാണ് എതിരാളി. ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് പാകിസ്താനെ തകർത്ത ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ബൂട്ടുകെട്ടുന്നത്.
2021ലെ സാഫ് കപ്പ് ഫൈനലിൽ നേപ്പാളിനെ 3-0ത്തിന് വീഴ്ത്തിയതിന്റെ മുൻതൂക്കവുമുണ്ട്. നേപ്പാളിനെതിരെ അവസാനം കളിച്ച 10 മത്സരങ്ങളിൽ ഏഴിലും ബ്ലൂ ടൈഗേഴ്സിനായിരുന്നു ജയം. രണ്ടെണ്ണം സമനിലയിലായപ്പോൾ ഒരു തോൽവി വഴങ്ങി.
പാകിസ്താനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട ഇന്ത്യൻ കോച്ച് സ്റ്റിമാക്കിനു പകരം സഹപരിശീലകൻ മഹേഷ് ഗാവ്ലിയാകും ടീമിനൊപ്പം ഡഗ്ഔട്ടിലുണ്ടാകുക. ഛേത്രിയുടെ സ്കോറിങ് പാടവത്തെ ആശ്രയിച്ചുതന്നെയാകും ഇന്ത്യ ആക്രമണങ്ങൾ മെനയുക. പാകിസ്താനെതിരായ മത്സരത്തിൽ വലകാത്ത അമരീന്ദർ സിങ് നേപ്പാളിനെതിരെയും ആദ്യ ഇലവനിലിറങ്ങിയേക്കും.
തുടർന്നുള്ള വൻ മത്സരങ്ങളിലാകും ഒന്നാം നമ്പർ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തിരിച്ചെത്തുക. കഴിഞ്ഞ കളിയിൽ മധ്യനിരയും പ്രതിരോധവും ഒരുപോലെ മികച്ച കളിയാണ് പുറത്തെടുത്തത്. വലതുവിങ്ങിൽ ലാലിയൻ സുവാല ചാങ്തെയും ഇടതുവിങ്ങിൽ ആഷിഖ് കുരുണിയനും തീർക്കുന്ന അതിവേഗ നീക്കങ്ങൾ നേപ്പാൾ പ്രതിരോധത്തിന് തലവേദനയാവും.
ഗോകുലം കേരളയുടെയും നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെയും മുൻ പരിശീലകൻ ഇറ്റലിക്കാരൻ വിൻസൻസോ ആൽബർട്ടോ അനീസെയുടെ ശിക്ഷണത്തിലിറങ്ങുന്ന ഗൂർഖകൾ കുവൈത്തിനെതിരെ 3-1ന് തോൽവി വഴങ്ങിയെങ്കിലും പോരാട്ടവീര്യം കാഴ്ചവെച്ചാണ് മൈതാനം വിട്ടത്. ഏതാനും മാസം മുമ്പാണ് അനീസെ നേപ്പാൾ ടീമിനൊപ്പം ചേർന്നത്. പന്തടക്കവും വേഗവുമുള്ള സെന്റർ ഫോർവേഡ് അൻജാൻ ബിസ്ത പ്രഹരശേഷിയുള്ള താരമാണ്.
ഐ ലീഗ് ക്ലബായ കെങ്ക്രെ എഫ്.സിയുടെ താരമായ ബിസ്ത കുവൈത്തിനെതിരെ സോളോ റണ്ണിലൂടെ ഗോൾ നേടിയിരുന്നു. ഇന്തോനേഷ്യൻ ലീഗിൽ കളിക്കുന്ന മധ്യനിര താരം രോഹിത് ചന്ദും കളി മെനയാൻ മിടുക്കനാണ്. അനീസെ കോച്ചായതിനു പിന്നാലെ നേപ്പാൾ ടീമിൽ മാറ്റം പ്രകടമാണെന്നും ടീമിൽ പുതിയ ഫിലോസഫി കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാക് ചൂണ്ടിക്കാട്ടുന്നു.
നേപ്പാളിനെ നിസ്സാരമായി കാണാനാവില്ലെന്ന് ഇന്ത്യൻ മധ്യനിര താരവും മലയാളിയുമായ സഹൽ അബ്ദുസ്സമദ് പറഞ്ഞു. പേടിയില്ലാതെ കളിക്കുന്ന അവർ മികച്ച ടീമാണ്. പ്രോഗ്രസിവ് ഫുട്ബാൾ കളിക്കാനാണ് കോച്ചിന്റെ നിർദേശം. പരമാവധി പന്ത് കൈവശംവെച്ചുള്ള ആക്രമണത്തിനാണ് ഞങ്ങളുടെ ശ്രമം.
കളത്തിൽ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കുന്ന സ്റ്റിമാകിന് നന്ദി പറഞ്ഞ സഹൽ അറ്റാക്കിങ് മിഡ്ഫീൽഡറെന്ന നിലയിൽ ഗോൾസ്കോറിങ് മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കി. കഴിഞ്ഞ കളിയിൽ തളികയിലെന്നവണ്ണം ലഭിച്ച അവസരം സഹൽ പാഴാക്കിയിരുന്നു. ശനിയാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന ഗ്രൂപ് എയിലെ മറ്റൊരു മത്സരത്തിൽ കുവൈത്ത് പാകിസ്താനെ നേരിടും. ജയിച്ചാൽ കുവൈത്തിനും സെമിയുറപ്പിക്കാം. ഓരോ കളി വീതം ജയിച്ച ഇന്ത്യക്കും കുവൈത്തിനും മൂന്നു പോയന്റ് വീതമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.