അച്ഛൻ, അമ്മ, മൂന്ന് മക്കൾ.. ഹസാർഡ് കുടുംബത്തിലെ എല്ലാവരും ഫുട്ബാൾ താരങ്ങൾ
text_fieldsബ്രസൽസ്: പോർച്ചുഗലിനെതിരായ മത്സരത്തിൽ ബെൽജിയത്തിനായി പടനയിച്ചത് രണ്ട് ഹസാർഡുമാരായിരുന്നു. ലോക ഫുട്ബാളിലെത്തന്നെ അതികായരിലൊരാളായ ഏദൻ ഹസാർഡും സഹോദരൻ തോർഗൻ ഹസാർഡും. തോർഗെൻറ വെടിച്ചില്ല് പോലെ പാഞ്ഞ ഒന്നാംതരം ലോങ് റേഞ്ചറിൽ നിന്നുമായിരുന്നു ബെൽജിയത്തിെൻറ ഏക ഗോൾ വിജയം.
നിലവിൽ ഏദൻ റയൽ മാഡ്രിഡിനായി പന്തുതട്ടുേമ്പാൾ തോർഗൻ ഡോർട്ട്മുണ്ടിനായാണ് പന്തുതട്ടുന്നത്. ഇവർ മാത്രമല്ല, ഹസാർഡ് കുടുംബം അടിമുടി ഫുട്ബാളിനായി ജനിച്ചവരാണ്. ഇളയ സഹോദരൻ കിലിയൻ ഹസാർഡും താരം തന്നെ്. നിലവിൽ ബെൽജിയം ക്ലബ് സെർകിൽ ബ്രൂഗിനായാണ് കിലിയൻ പന്തുതട്ടുന്നത്. ഏദന് 30ഉം തോർഗന് 28ഉം കിലിയന് 25മാണ് പ്രായം. മൂവരും ഇംഗ്ലീഷ് വമ്പൻമാരായ ചെൽസിയുമായി കരാർ ഒപ്പിട്ടുവെന്നതും കൗതുകകരമാണ്. ഏദൻ ചെൽസിക്കായി 245കളികളിൽ കളത്തിലിറങ്ങിയപ്പോൾ തോർഗനും കിലിയനും കരാർ ഒപ്പിട്ടെങ്കിലും കളത്തിലിറങ്ങാനായിരുന്നില്ല.
ഇവരുടെ പിതാവ് തിയറി ഹസാർഡ് ഫുട്ബാൾ താരമായിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്ന താരം ബെൽജിയത്തിലെ രണ്ടാം നിര ലീഗിൽ ഏറെക്കാലം പന്തുതട്ടിയിട്ടുണ്ട്.മാതാവ് കാരിൻ ആകട്ടെ, ബെൽജിയത്തിലെ ഒന്നാംനിര വനിത ലീഗിലെ മുന്നേറ്റ നിര താരമായിരുന്നു. ഏദനെ മൂന്നുമാസം ഗർഭം ധരിച്ചിരിക്കവേയാണ് കാരിൻ ഫുട്ബാൾ മതിയാക്കിയത്. തിയറിയും കാരിനും കായിക അധ്യാപകരായും ജോലി നോക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.