അകക്കണ്ണിൽ കളി കാണും; തത്സമയ വിവരണവുമുണ്ടാവും
text_fieldsദോഹ: കളിയെയും കളിയാവേശത്തെയും എല്ലാവർക്കും ആസ്വാദ്യകരമാക്കിയാണ് ഖത്തറിന്‍റെ ഒരുക്കങ്ങൾ. ഭിന്നശേഷിക്കാരായ ആരാധകർക്കും, അവരുടെ സഹായിക്കും സ്റ്റേഡിയത്തിൽ പ്രത്യേക ഇരിപ്പിട സൗകര്യം.വീൽചെയർ സഹിതം ഗാലറിയുടെ ഏറ്റവും സുപ്രധാന മേഖലയിൽ തന്നെ ഇരുന്ന് കളികാണാനുള്ള സംവിധാനം, ടിക്കറ്റ് ബുക്കിങ്ങിൽ പ്രത്യേക പരിഗണന അങ്ങനെ ലോകകപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭിന്നശേഷി സൗഹൃദ ലോകകപ്പിനാവും ഖത്തറിന്‍റെ മണ്ണിൽ പന്തുരുളുന്നത്.
ശാരീരിക അവശതയുള്ളവർക്ക് ഗാലറിയിലെത്തി കളികാണാൻ മാത്രമല്ല, കാഴ്ച പരിമിതർക്ക് കൂടി ഗാലറിയിൽ ഇടം നൽകിയാണ് ഖത്തർ ലോകകപ്പ് ഒരുങ്ങുന്നത്. കളത്തിലെയും ഗാലറിയിലെയും കാഴ്ചകളില്ലാതെ, ഫുട്ബാൾ ആവേശത്തിൽ മനം തുളുമ്പുന്ന അന്ധരായ ആരാധകർക്ക് മൈതാനത്തെ ഓരോ നീക്കങ്ങളും, തെല്ലും ആവേശം കുറയാതെ വാക്കുകളിലൂടെ എത്തിക്കാനുമുണ്ട് വഴികൾ.
ഇത്തരം കാണികൾക്ക് അറബിയിലും ഇംഗ്ലീഷിലുമായി തത്സമയ കളിവിവരണമാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്കു കീഴിൽ ഒരുക്കുന്നത്. ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ട്രാൻസ്ലേഷൻ ആൻഡ് ഇന്‍റർ പ്രെട്ടിങ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്‍റർ ഫോർ അക്സസ് ടു ഫുട്ബാൾ ഇൻ യൂറോപ് (കഫേ) എന്നിവരുമായി ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട കളിപറച്ചിലുകാർക്കുള്ള പരിശീലനം തുടരുകയാണിപ്പോൾ.
കാഴ്ച പരിമിതർക്കായി 2014 മുതൽ ഫിഫ പ്രധാന മത്സരങ്ങളുടെ തത്സമയ വിവരണ സൗകര്യം ഒരുക്കുന്നുണ്ട്. കഴിഞ്ഞ അറബ് കപ്പിലാണ് അറബിക് ഭാഷയിൽ ഈ സൗകര്യം ആരംഭിച്ചത്. മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തുകൊണ്ട് ശബ്ദവിവരണത്തിലൂടെ കളി ആസ്വദിക്കാനാണ് ഇതുവഴി സൗകര്യം ഒരുക്കുന്നത്. ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടവർക്ക് കളിയാവേശം തെല്ലും നഷ്ടപ്പെടാതെ ആസ്വദിക്കാമെന്നതാണ് ഈ കമന്‍ററിയുടെ മികവ്.
മുൻകാലങ്ങളിൽ കളിപറഞ്ഞുനൽകാൻ സഹായിയുമായി സ്റ്റേഡിയങ്ങളിലെത്തുന്നതിന് പകരം, ഇനി മൊബൈൽ ആപ്ലിക്കേഷനിൽ കമന്‍ററി സഹായിയായ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ധൈര്യത്തോടെ തന്നെ സ്റ്റേഡിയത്തിലെത്താമെന്ന് അറബ് കപ്പിൽ മത്സരങ്ങൾക്ക് സാക്ഷിയായ ഫൈസൽ അൽ ഖൊഹാജി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.