Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊസാരിയോയിലെ വയ്യാത്ത...

റൊസാരിയോയിലെ വയ്യാത്ത പയ്യൻ

text_fields
bookmark_border
റൊസാരിയോയിലെ വയ്യാത്ത പയ്യൻ
cancel

ഡോക്ടർ ഡിയഗോ ഷ്വസ്റ്റൈന്റെ മേശക്കു മുന്നിൽ വിടർന്ന കണ്ണുകളുമായി കൊച്ചുലിയോ ഇരിക്കുന്നു. 11 വയസ്സായെന്നു പറഞ്ഞാൽ ആരും അവനെയൊന്ന് നോക്കും. കണ്ടാൽ ആറേഴു വയസ്സേ തോന്നിക്കൂ. അതുകൊണ്ടുതന്നെയാണ് അവൻ ഈ മേശക്കു മുന്നിലിരിക്കുന്നത്. റൊസാരിയോ നഗരത്തിലെ ന്യൂവെൽ ബോയ്സ് ക്ലബ് അധികൃതരാണ് അവനെ ഡോക്ടർക്കു മുന്നിലെത്തിച്ചത്. അവരുടെ യൂത്ത് ടീമിലെ അത്ഭുതബാലനാണ്. സമപ്രായക്കാർ പന്തുതട്ടുന്ന ടീമിലെ ഏറ്റവും ചെറിയവൻ. ഗ്രൗണ്ടിൽ ടീം അണിനിരക്കുമ്പോൾ എല്ലാവരും അവനെ മാത്രം തുറിച്ചുനോക്കും. അവന് എന്തോ പ്രശ്നമുണ്ടെന്ന് വിധിയെഴുതും. പക്ഷേ, അത് കിക്കോഫ് മുഴങ്ങുംവരെ മാത്രം. പുൽമൈതാനത്തിലൂടെ മുയലിനെ

പ്പോലെ കുതിച്ചുപായുന്ന അവൻ കൈയടികളോടെയാണ് ഓരോ മത്സരവും അവസാനിപ്പിച്ചിരുന്നത്. ഫുട്ബാൾ കമ്പക്കാരനായ ഡോക്ടർക്ക് ലിയോയെ നേരത്തേ പരിചയമുണ്ട്. വിശദമായി പരിശോധനക്ക് ശേഷം അവന്റെ കുടുംബത്തെയും ക്ലബ് അധികൃതരെയും വിവരമറിയിച്ചു: ''അവൻ വളരുന്നൊക്കെയുണ്ട്. പക്ഷേ, അവന്റെ പ്രായത്തിന് അനുസരിച്ചല്ലെന്നു മാത്രം. ഹോർമോണുകളുടെ കളിയാണ്. മെഡിക്കൽ ടേമിൽ ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി (ജി.എച്ച്.ഡി) എന്നു പറയും..''

4000ത്തിൽ ഒരു കുട്ടിക്കു മാത്രം കണ്ടുവരുന്ന അസുഖമാണിത്. കൃത്യമായ ചികിത്സയില്ലെങ്കിൽ ഒരുപാട് പ്രശ്നങ്ങളിലേക്കെത്തിക്കും. മാസം 1500 ഡോളർവരെ ചികിത്സക്ക് വേണ്ടിവരുമെന്നും ഡോക്ടർ അറിയിച്ചു. പ്രധാനമായും ഇൻജക്ഷനുകളിലൂടെയായിരിക്കും ചികിത്സ. സ്റ്റീൽ കമ്പനിയിലെ ജോലിയും പാർട്ട്ടൈം ക്ലീനിങ് ജോലിയും ചേർത്ത് കിട്ടുന്ന വരുമാനമെല്ലാം കൂട്ടിയാലും ലിയോയുടെ പിതാവ് ജോർജിന് അത് താങ്ങാനാകുമായിരുന്നില്ല. ചികിത്സക്കായി ന്യൂവെൽ ക്ലബ് അൽപമൊക്കെ സഹായിച്ചെങ്കിലും പൂർണമായി വഹിക്കാനാകില്ലെന്ന് അവരും അറിയിച്ചു. മകനെ കൈവിടരുതെന്ന് ക്ലബ് അധികൃതരോട് കെഞ്ചിയെങ്കിലും അവരത് കേട്ടില്ല. അർജന്റീനയിൽ അത് ക്ഷാമകാലമാണ്. 1990കളിൽ നടപ്പാക്കിത്തുടങ്ങിയ പുതിയ സാമ്പത്തികനയം രാജ്യത്തെ മുടിപ്പിക്കുന്ന സമയം. ജനങ്ങൾ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന കാലത്ത് അത്തരമൊരു ചെലവ് താങ്ങാൻ ആർക്കുമാകുമായിരുന്നില്ല.

ജോർജ് ചിന്തിച്ചു, മോനെയും കൂട്ടി തലസ്ഥാനനഗരമായ ബ്വേനസ് എയ്റിസിലേക്ക് വണ്ടികയറുക. രാജ്യത്തെ ഏറ്റവും വലിയ ക്ലബുകളിലൊന്നായ റിവർേപ്ലറ്റിനെ കാര്യം ബോധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ക്ലബിന്റെ ട്രയലുകളിൽ ലിയോ പങ്കെടുത്തു. പരിശീലന മത്സരത്തിൽ 12 ഗോളുകളാണ് അടിച്ചുകൂട്ടിയത്. റിവർേപ്ലറ്റ് കോച്ച് എഡ്വേഡോ അബ്രഹാമിയന് ഈ കുട്ടി സാധാരണക്കാരനല്ലെന്ന് മനസ്സിലായി. അബ്രഹാമിയൻ ഏറെ കൗതുകത്തോടെ ക്ലബ് ഡയറക്ടർ ജനറലിനെ വിളിച്ചു: ''ഇവിടെ നിങ്ങൾക്കായൊരു കുഞ്ഞു അത്ഭുതമുണ്ട്. വന്നുകാണൂ. ടെക്നിക്കും വേഗവുമെല്ലാം നിങ്ങളെ അത്ഭുതപ്പെടുത്തും. ഇതുപോലൊന്നിനെ നിങ്ങൾക്കിനി കിട്ടില്ല.'' ക്ലബ് ഡയറക്ടർ പക്ഷേ കോച്ചിന്റെ വാദങ്ങൾ തള്ളി. ചികിത്സയടക്കമുള്ളവക്കുവേണ്ടി വലിയ തുകനൽകി ലിയോയെ നിലനിർത്താൻ താൽപര്യമില്ലെന്ന് ക്ലബ് അറിയിച്ചു. നാട്ടിൽ ഇനിയും തുടർന്നിട്ട് കാര്യമില്ലെന്ന് ജോർജിന് മനസ്സിലായി. സ്പെയിനാണ് അടുത്ത ലക്ഷ്യം. സ്‍പാനിഷ് ഭാഷ സംസാരിക്കുന്ന അർജന്റീനക്കാരന്റെ സ്വാഭാവിക തിരഞ്ഞെടുപ്പ്. സാക്ഷാൽ ബാഴ്സലോണയിലെ ട്രയൽസായിരുന്നു ജോർജിന്റെ ലക്ഷ്യം. ലിയോയുടെ പ്രകടനങ്ങളുടെ വിഡിയോകൾ കണ്ട ഫുട്ബാൾ ഏജന്റ് ഹൊറാ

സ്യോ ഗാജിയോലി ആ പ്രതിഭയെ തിരിച്ചറിഞ്ഞു. ബാഴ്സയിൽ ഒരു ട്രയൽ ഒരുക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. അത്‍ലാന്റിക് സമുദ്രം മുറിച്ചുകടന്ന് ഒരു ഞായറാഴ്ച മെസ്സിയും അച്ഛനും ബാഴ്സലോണയിലെ എൽ പ്രാത് എയർപോർട്ടിൽ വന്നിറങ്ങി. കൃത്യമായി പറഞ്ഞാൽ 2000 സെപ്റ്റംബർ 17ന്.

തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽ ബാഴ്സലോണയിലെ യൂത്ത് ടീമുകൾക്കൊപ്പം അവൻ പരിശീലിച്ചു. ഇന്ന് ലോകമറിയുന്ന സെസ്ക് ഫാബ്രിഗാസും ജെറാർഡ് പിക്വെയുമെല്ലാം അന്നവിടെയുണ്ട്. അഞ്ചിഞ്ച് ഉയരം തികയാത്ത, അധികം മിണ്ടാത്ത ലിയോ എല്ലാവരിലും അത്ഭുതം നിറച്ചു. പക്ഷേ, കളിക്കളത്തിലെ അവന്റെ പ്രകടനങ്ങൾ അവരെ അതിലും അത്ഭുതപ്പെടുത്തി.

എങ്കിലും കരാർ ഉറപ്പിക്കണമെങ്കിൽ ക്ലബിന്റെ ടെക്നിക്കൽ ഡയറക്ടറായിരുന്ന ചാർലി റെക്സാച് എത്തണം. അദ്ദേഹം ആസ്ട്രേലിയയിലെ ഒളിമ്പിക്സ് വേദിയിലാണുണ്ടായിരുന്നത്. 20 വർഷം മുമ്പ് മറഡോണയെ ബാഴ്സയിലെത്തിച്ച റെക്സാച്ചിനോട് ഏജന്റുമാർ വിളിച്ചുപറഞ്ഞു: ''ഇവിടെ ഞങ്ങൾ മറ്റൊരു മറഡോണയെ കൊണ്ടുവന്നിട്ടുണ്ട്.'' റെക്സാച് തിരിച്ചെത്തിയപാടേ ലിയോയെ വെച്ചൊരു മത്സരം ഒരുക്കി. റെക്സാച്ചിന് ലിയോയെ ബോധിച്ചെങ്കിലും സൈനിങ് നീണ്ടുപോയി.

ചികിത്സക്കായി മാസംതോറും വേണ്ട പണമടക്കമുള്ള കരാറായിരുന്നു ജോർജിന്റെ ആവശ്യം. പക്ഷേ, ഒരു ഗാരന്റിയുമില്ലാത്ത ഒരു കൗമാരതാരത്തിനായി പണം ചെലവഴിക്കണോയെന്ന കാര്യത്തിൽ ക്ലബിനുള്ളിൽ ചർച്ച നടന്നു. വിദേശിയായതുകൊണ്ടുതന്നെ ബാഴ്സയുടെ ജുവനൈൽ എ ടീമിനായി കളിപ്പിക്കാനുമാകില്ല. തന്റെ മകൻ ഇവിടെയും അവഗണിക്കപ്പെടുകയാണോ എന്ന നിരാശ ശക്തമായപ്പോൾ റെക്സാച്ചിന്റെ മുന്നിലെത്തി ജോർജ് തീർത്തു പറഞ്ഞു: ''ഞങ്ങൾ പോവുകയാണ്.'' വൈകാതെ ഏജന്റുമാരായ ഗാജിയോലിയും മിൻഗ്വല്ലയും റെക്സാച്ചിനെ കണ്ടു. ''ഞങ്ങൾ അവനെ മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്കൊള്ളാം'' എന്ന് ഏജന്റുമാരും പറഞ്ഞു. കൂടുതലൊന്നും ചിന്തിക്കാതെ മുന്നിൽ വെച്ച പ്ലാസ്റ്റിക് പാത്രത്തിൽനിന്ന് ഒരു നാപ്കിൻ പേപ്പറെടുത്ത് റെക്സാച് അതിൽ കരാർ ഒപ്പിട്ടു. ആരുടെയോ കൈയിൽ ഞെരിഞ്ഞമരാനിരുന്ന നാപ്കിൻ പേപ്പറിനായിരുന്നു നൂറ്റാണ്ടുചരിത്രമുള്ള കാൽപന്തിലെ ഏറ്റവും മൂല്യമേറിയ ഒപ്പ് പതിയാനുള്ള യോഗം! പിന്നീട് സംഭവിച്ചത് ലോകത്തിനറിയാം. അവനെ ലോകം മിശിഹയെന്ന് വിളിച്ചു. ഡോ. ഷ്വാസ്റ്റൈന്റെ മേശക്കു മുന്നിലെത്തുമ്പോൾ 1.27 മീറ്റർ മാത്രമായിരുന്നു മെസ്സിയുടെ ഉയരം. ഇപ്പോഴത് 1.69 മീറ്റർ. മറഡോണയേക്കാൾ രണ്ട് സെന്റിമീറ്റർ അധികം. ന്യൂവെൽ ബോയ്സിന്റെ അത്ഭുത ബാലനോട് ഷ്വാസ്റ്റൈൻ അന്ന് പറഞ്ഞതിങ്ങനെ: ''നീ മറഡോണയേക്കാൾ വലിയ കളിക്കാരനാകുമോ എന്ന് എനിക്കറിയില്ല. പക്ഷേ, അദ്ദേഹത്തേക്കാൾ ഉയരം നിനക്കുണ്ടായിരിക്കും.''

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsRosarioInvincible Boy
News Summary - The Invincible Boy of Rosario
Next Story