ലോകകപ്പിനിടെ വനിത താരത്തെ ചുംബിച്ച സംഭവം; സ്പാനിഷ് ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡന്റ് രാജിവെച്ചു
text_fieldsമാഡ്രിഡ്: സ്‌പെയിൻ വനിത ടീം ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിനിടെ മുന്നേറ്റ താരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ച് വിവാദത്തിലായ സ്പാനിഷ് ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയേൽസ് രാജിവെച്ചു. യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് റുബിയേൽസിനെ ഫിഫ സസ്പെൻഡ് ചെയ്തിരുന്നു. 90 ദിവസത്തേക്ക് ഓഫിസ് ചുമതലയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ജെന്നി ഹെർമോസോ 46കാരനെതിരെ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച ഒരു പ്രോസിക്യൂട്ടറും സ്പാനിഷ് ഹൈകോടതിയിൽ പരാതി നൽകി. വിവാദങ്ങൾ അടങ്ങാത്ത പശ്ചാത്തലത്തിലാണ് രാജി.
ആസ്‌ട്രേലിയയിലെ സിഡ്‌നി സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-സ്‌പെയിൻ കലാശപ്പോരിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് സ്‌പെയിൻ ജേതാക്കളായപ്പോൾ സമ്മാനദാന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം. സ്പാനിഷ് താരങ്ങൾ പോഡിയത്തിലെത്തി കിരീടം ഏറ്റുവാങ്ങിയ ശേഷം ലൂയിസ് റുബിയേൽസ് ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു. ചുംബനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നടപടി ഇഷ്ടപ്പെട്ടില്ലെന്ന് ഹെർമോസോ ലൈവ് വിഡിയോയിൽ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, വൈകീട്ടോടെ താരം നിലപാട് മയപ്പെടുത്തി. ആ സന്തോഷനിമിഷത്തിൽ യാദൃച്ഛികമായി സംഭവിച്ചതാണെന്നും പരസ്പരസമ്മതത്തോടെയാണെന്നും അവർ വിശദീകരിച്ചു.
സംഭവത്തിൽ വിമർശനവുമായെത്തിയ സ്പെയിനിലെ ഉപപ്രധാനമന്ത്രി, ഫെഡറേഷൻ പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മന്ത്രി ഐറിൻ മൊണ്ടേരൊ അടക്കമുള്ളവരും റുബിയേൽസിനെതിരെ രംഗത്തെത്തി. ‘ഞങ്ങൾ സ്ത്രീകൾ ദിവസവും അനുഭവിക്കുന്ന ലൈംഗികാതിക്രമത്തിന്റെ ഒരു രൂപമാണിത്. ഇതിനെ ഒരു സാധാരണ സംഭവമായി കാണാനാവില്ല’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, സംഭവത്തെ വിവാദമാക്കിയവരെ വിഡ്ഢികളെന്നാണ് റുബിയേൽസ് ആദ്യം വിശേഷിപ്പിച്ചത്. ജെന്നിയെ ചുംബിച്ചതാണോ പ്രശ്‌നം? ഒരു ആഘോഷത്തിനിടെ രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ചുംബനമായിരുന്നു അത്. ഇത്തരം വിഡ്ഢികളായ മനുഷ്യരെ അവഗണിക്കണമെന്നും നല്ല കാര്യങ്ങൾ ആഘോഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ, പിന്നീട് മാപ്പപേക്ഷയുമായി രംഗത്തെത്തി. ‘തീർച്ചയായും എനിക്ക് തെറ്റുപറ്റി, അത് ഞാൻ അംഗീകരിക്കുന്നു. വലിയ ആവേശമുണ്ടായപ്പോൾ മോശം ഉദ്ദേശ്യത്തോടെയല്ലാതെ ചെയ്തതാണത്’, എന്നിങ്ങനെയായിരുന്നു ഫെഡറേഷൻ പുറത്തിറക്കിയ വിഡിയോയിലെ വിശദീകരണം.
മുൻ ബാഴ്‌സലോണ താരമായ ജെന്നി ഹെർമോസോ അവർക്ക് വേണ്ടിയും സ്പെയിനിന് വേണ്ടിയും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്. നിലവിൽ മെക്‌സിക്കൻ ഫുട്‌ബാൾ ലീഗായ ലിഗ എം.എക്‌സ് ഫെമെനിലിൽ സി.എഫ് പചൂകക്ക് വേണ്ടിയാണ് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.