ദൈവവും ചെകുത്താനുമൊത്തുചേർന്നൊരാൾ ഗാലറിയിലിരുന്ന് പിൻഗാമിക്കായി ആർത്തുവിളിച്ചു; മെസ്സി അവതരിക്കുകയായിരുന്നു...
text_fieldsപതിനേഴ് കൊല്ലം മുമ്പാണ്... വീടുപണി നടക്കുന്നതുകൊണ്ട് താൽക്കാലികമായി, തറവാടിന്റെ പത്തായപ്പുരയിലാണ് താമസം. പഴയ കെട്ടിടം. ഉമ്മറത്തിനും അടുക്കളക്കുമിടയിലെ നീളൻ വരാന്തയുടെ ഒരറ്റത്ത് പ്രതിഷ്ഠിച്ചിട്ടുള്ള പഴയ സാംസങ് സി.ആർ.ടിയിലാണ് 2006ലെ ആ ലോകകപ്പ് കാണുന്നത്. പഴയ ജനാലകൾ. എത്രയടച്ചാലും ജനലിനിടയിലെ വിടവുകളിലൂടെ ജൂണിന്റെ മഴനൂലുകൾ കാണാം; തിമിർത്തുപെയ്യുന്ന മഴച്ചിലമ്പലും കേൾക്കാം. അതിനിടയിലൂടെയാണ് ഹോസെ പെക്കർമാന്റെ കുട്ടികൾ സെർബിയ മൊണ്ടിനെഗ്രോയെ ഗോളുകളുടെ പെരുമഴയിൽ നനക്കുന്നത്. 25 കുഞ്ഞുകുഞ്ഞു മഴത്തുള്ളികൾ ഒത്തുചേർന്ന് സുന്ദരമായൊരു മഴപ്പെയ്ത്തിന്റെ മെഹ്ഫിലായി മാറിയ കാമ്പിയാസോ ഗോളിന് ശേഷം കാലം തെറ്റിപ്പിറന്ന ഒരിടിമുഴക്കം അന്നെന്റെ ഹൃദയത്തെ ഭേദിച്ചു.
വരണ്ടു കിടന്ന വനസ്ഥലികളിൽ പ്രണയത്തിന്റെ, പ്രതീക്ഷയുടെ മഴത്തുള്ളികൾ പതിച്ചു. ഞാനവനെ ആദ്യമായി കാണുകയാണ്. ഒരൽപ്പം ചെമ്പിച്ച, നീണ്ടുകിടന്ന മുടിയിഴകൾ. റോഡ്രിഗസ് തിരിച്ചുകയറുന്നതും കാത്ത് സൈഡ് ലൈനിൽ നിൽക്കവേ പുറകിൽ നിന്നും വരുന്ന സൗവർണ പ്രകാശത്തിൽ അവൻ ഇളവെയിലിലുദിക്കുന്ന ഒരു യവനദേവനായി.
വായിച്ചു മാത്രം പരിചയമുള്ള അവനെക്കുറിച്ചുള്ള അപദാനങ്ങളിലെ നായകനെ ഞാനവനോട് ചേർത്തുവെച്ചു. കൊള്ളിമീനിനെപ്പോൽ പാഞ്ഞ് അവൻ എന്റെ ഹൃദയധമനികളുടെ ആഴങ്ങളിലേക്ക് തിരിച്ചുപോക്കില്ലാത്ത യാത്ര കുറിച്ചു. അതുവരെയുമനുഭവിച്ചിട്ടില്ലാത്തൊരു തരം അനുഭൂതിയെന്നെപ്പൊതിഞ്ഞു. അഞ്ചു മിനിറ്റുകൾക്കുള്ളിൽ റൈറ്റ് ഫ്ലാങ്കിലെ അവന്റെ കുതിച്ചുപായലിനൊടുവിൽ ഗോൾ പോസ്റ്റിന് സമാന്തരമായി സുന്ദരമായൊരു ഗ്രൗണ്ട് പാസ് രൂപപ്പെട്ടു. മൂന്നുനാലു പേരെ മറികടന്ന് എത്തിയ അതിനെ വലയിലേക്ക് വഴിതിരിച്ചുവിടുകയേ ക്രെസ്പോവിന് ചെയ്യാനുണ്ടായിരുന്നുള്ളൂ. അവനെ ചൂണ്ടി ക്രെസ്പോ ആഹ്ലാദിരേകത്തിൽ അലറിവിളിച്ചു. സപ്തനാകങ്ങളിൽ നിന്നും ദുന്ദുഭികൾ മുഴങ്ങി. ഫുട്ബാളിന്റെ രാജകുമാരൻ വരവറിയിച്ചിരിക്കുന്നു. കളിയവസാനിക്കാൻ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോൾ പെനാൽറ്റി ബോക്സിലേക്ക് അവനെക്കാത്തൊരു ഷോർട്ട് പാസ്. ക്ലിനിക്കൽ ഫിനിഷിങ്ങിൽ സെർബിയൻ വല കുലുങ്ങുമ്പോൾ ദൈവവും ചെകുത്താനുമൊത്തുചേർന്നൊരാൾ ഗ്യാലറിയിലിരുന്ന് തന്റെ പിൻഗാമിക്കായി ആർത്തുവിളിച്ചു. അപരിമേയമായൊരാനന്ദത്താൽ വിങ്ങിയ ഇടനെഞ്ചുമായി ഞാൻ തിരിച്ചറിഞ്ഞു, ഇനിയൊരിക്കലും ഈ ഗെയിമെനിക്ക് പഴയതു പോലാവില്ല.
സുന്ദരമായ നിലാപ്പെയ്ത്തിനും മഴപ്പെയ്ത്തിനുമൊടുവിൽ പേക്കിനാവ് കാത്തുനിൽപ്പുണ്ടായിരുന്നു. പെക്കർമാനു സർവ്വം പിഴച്ചൊരു സായാഹ്നത്തിൽ ജർമൻ പട വിജയഭേരി മുഴക്കുമ്പോൾ അർജന്റൈൻ ഡഗ്ഔട്ടിൽ നിസ്സഹായനും വിഷണ്ണനുമായി അവൻ തനിക്കു ലഭിക്കാതെ പോയ ആ 90 വാരകളെയോർത്ത് കേണിരിക്കണം. മൈലുകൾക്കപ്പുറം കാമ്പ് നൂ അതിന്റെ ഏറ്റവും പ്രിയപ്പെട്ട പുത്രനെ കാത്തിരിപ്പുണ്ടായിരുന്നു. ഡീഞ്ഞോയുടെ തോളിൽ നിന്നുമിറങ്ങിയ അവൻ പിന്നീട് കാഴ്ച്ച വെക്കുന്നത് അസ്തമയമില്ലാത്ത ഉത്സവരാവുകളുടെ പഞ്ചാരിമേളത്തെയും വർണഭേദങ്ങളുടെ അന്തമെഴാനിമിഷങ്ങളെയുമാണ്. മിന്നൽപ്പിണരുകൾ വലതു വിങ്ങിൽ ജ്വലിച്ചൊരു രാവിൽ അവൻ ലോസ് ബ്ലാങ്കോസിന്റെ അപ്രമാദിത്വത്തിന്റെ ചിറകുകളൊറ്റക്കരിഞ്ഞു. ഉഴുതു മറിക്കപ്പെട്ട റയൽ പാർശ്വങ്ങളും പെനാൽറ്റി ബോക്സും വരാനിരിക്കുന്ന പേമാരിയുടെ വരവറിയിക്കുന്ന നിമിത്തങ്ങളായി. ബാഴ്സയുടെ ദൈവപുത്രൻ അവതരിച്ചു.
നശ്വരമായ ദുഃഖങ്ങൾ അവന്റെ വളഞ്ഞു പുളഞ്ഞ പാഥേയങ്ങളിലെവിടെയൊക്കെയോ വീണസ്തമിച്ചു. നിമിഷാർധങ്ങളിൽ അവൻ നാദപ്രവാഹത്തിന്റെ നിലക്കാത്ത രാഗധാരകൾക്ക് ജന്മം കൊടുത്തു. യൂറോപ്പിലങ്ങോളമിങ്ങോളമുള്ള മൈതാനങ്ങളുടെ വലതുപാർശ്വങ്ങൾ അവന്റെ തേരോട്ടത്തിൽ വിറകൊണ്ടു. എണ്ണം പറഞ്ഞ പ്രതിരോധഭടന്മാരും ഗോൾവല സൂക്ഷിപ്പുകാരും ഭൗതികതയെ പരിഹസിച്ചുകൊണ്ടുള്ള അവന്റെ ചലനനിമിഷങ്ങളാൽ മുച്ചൂടും നശിപ്പിക്കപ്പെട്ടു. ഇതിഹാസസമാനരായ പരിശീലകർ അവന്റെ ഒഴുകിനീങ്ങലുകളുടെ മൂർച്ചയിൽ വിറകൊണ്ട വിരലുകളുമായി ഡഗ്ഔട്ടിൽ ഉരുകിയൊലിച്ചു. എണ്ണത്തിന്റെ കണക്കുകളുടെ വണ്ണം കൊണ്ട് പലരുമവനെ വെല്ലുവിളിച്ചപ്പോഴും അവൻ തന്റെ സ്വതസിദ്ധമായ കേളീശൈലിയാൽ കണക്കുകളെയൊക്കെ അപഹസിച്ചു. ഗോൾവലയെ ചുംബിക്കുന്നതിനോളം തീവ്രമായി അവന്റെ കാൽസ്പർശമേറ്റ പന്തുകൾ അവനഭിലഷിച്ച സ്പേസുകളിലേക്കും കളിക്കൂട്ടുകാരുടെ പാദങ്ങളിലേക്കും പ്രവഹിച്ചു. അവൻ ഒരേ സമയം ഫുട്ബാളിന്റെ റൂമിയും ബിഥോവനുമായി.
ആ ഇടംകാൽ പിച്ചിൽ തൊട്ട അന്നുമുതൽ സ്വപ്നങ്ങൾക്കാ പേരായി; ശാപമോക്ഷത്തിന്റെ അഹല്യാരവങ്ങളിൽ മനസ്സൊരു ശതതന്ത്രവീണയായി. പക്ഷേ ശാപമോക്ഷത്തിന് വിധിക്കപ്പെട്ടവൻ അതിലേറെ വലിയൊരു ശാപത്തിനാൽ വിധിക്കപ്പെട്ടവനെപ്പോലെ തോന്നിച്ചു. കാലങ്ങളായി, കാലാന്തരങ്ങളായി തുടർന്നുകൊണ്ടിരുന്ന ദുര്യോഗങ്ങളിലെ ഏറ്റവും നീറുന്ന അടയാളമായി അവൻ. എണ്ണിയാൽ തീരാത്ത നിമിഷങ്ങളിൽ അവൻ കേവലം മനുഷ്യപുത്രനായി. അവന്റെ രക്തത്തിനും മാംസത്തിനുമായി ചെന്നായ്ക്കൾ മുറവിളി കൂട്ടി. അവനാലാനന്ദിക്കപ്പെട്ട മാത്രകളൊക്കെ അന്തിമാനന്ദത്തിന്റെ നരച്ച കിരീടവിജയങ്ങളിലെ ചലനമറ്റ കണക്കുകളാൽ അവർ മായ്ച്ചു കളഞ്ഞു. ആശയറ്റ അവൻ ആനന്ദത്തിന്റെ വനസ്ഥലികളുപേക്ഷിച്ച് കണ്ണീരിന്റെ മഴക്കാടുകളിലേക്ക് സ്വയം വിരമിച്ചു. ആ കണ്ണീരുപ്പിനാൽ വിമർശകരൊരുപ്പുപാടത്തിനുയിരേകി. ആ ചിത്രങ്ങളാൽ അവനന്നുതൊട്ടിന്നോളം ചിത്രവധം ചെയ്യപ്പെട്ടു.
പക്ഷേ കഥയവസാനിച്ചിട്ടുണ്ടായിരുന്നില്ല; അഹല്യ മരിച്ചുപോയിട്ടുമുണ്ടായിരുന്നില്ല. പരിഹാസത്തിന്റെ തൂലികത്തുമ്പുകൾക്കിന്ധനമായി അവനാ ജഴ്സിയിൽ തിരിച്ചുവന്നു. പഴയ കണ്ണീർത്തുള്ളിയായിരുന്നില്ലത്. താഴ്ന്ന തലകൾ ഓർമകളായി. തോൽവിയിലും ശിരസ്സുകുനിക്കാതെ അവൻ ഭാരങ്ങളൊക്കെയും ചുമലിലേറ്റി. സാർത്ഥവാഹകസംഘത്തിന്റെ നേതൃസ്ഥാനം രക്തത്തിനാലും വിയർപ്പിനാലും അവൻ മെഴുകി. അങ്ങനെ ആ ദിനം വന്നെത്തി. മറ്റൊരിക്കൽ കൂടി അവന്റെ തോളിലേറി അനിവാര്യതയുടെ മറ്റൊരു തീർഥാടനനിമിഷത്തിലേക്ക്. ഇത്തവണ പക്ഷേ കാലം അവനൊപ്പമായിരുന്നു. ഇന്നോളം ഗ്രൗണ്ടിലൊഴുക്കിയതിനൊക്കെയും സാർത്ഥകതയുടെ പൂർണത നൽകുകയായിരുന്നു കാലം. നനഞ്ഞൊട്ടിയ ആ നീലയിലും വെള്ളയിലും അവൻ പൂർണതയുടെ അനന്തത സ്വന്തമാക്കി; നിയതിയെ അവനാ ഇടംകാലിനാൽ, ആ അവസാനനിമിഷത്തെ കുതിപ്പിനാൽ മറികടന്നു. സാന്ദ്രമായ ഒരു നൈരന്തര്യത്തിനു മുമ്പിൽ വിധി കീഴടങ്ങി. ഈ ഭൂമി കണ്ടതിൽ വെച്ചേറ്റവും തീവ്രമായ പ്രണയകഥകൾക്കൊന്നിന് ഇങ്ങനെ ശുഭപര്യവസായിയാകാനേ കഴിയുമായിരുന്നുള്ളൂ. അനശ്വരതയെ പുൽകാൻ അവനെത്രയേറെയാഗ്രഹിച്ചിരുന്നോ അതിന്റെ നൂറിരട്ടിയഭിഷലിച്ചു കാണും അത് അവനാൽ പുൽകപ്പെടാൻ. അന്നാ നിമിഷം ഖത്തറിന്റെ മണ്ണിൽ അവനേറ്റുവാങ്ങിയ ആത്മസാക്ഷാത്കാരത്തോളം വരില്ല ഇതെന്നല്ല ഇനിയൊന്നും.
അയാൾക്കു ചുറ്റും അയാൾ പോലുമറിയാതെ പതഞ്ഞു പൊന്തുന്ന, അമ്പരപ്പിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ ഫിഗറുകൾ കൊണ്ട് അയാളെ അളക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ. അല്ലെങ്കിൽത്തന്നെ മറ്റേതൊരു കളിക്കാരനും സ്വപ്നം കാണാൻ മാത്രം കഴിയുന്ന ആ കണക്കുകൾ കൊണ്ട് സംഗ്രഹിക്കാൻ കഴിയുന്നതുമല്ല അയാൾ കളിക്കളത്തിൽ കെട്ടഴിച്ചുവിടുന്ന കേളീസൗന്ദര്യത്തിന്റെ അളവുകൾ. എല്ലാ അളവുകോലുകൾക്കുമപ്പുറത്ത് അതിന് സൗന്ദര്യശാസ്ത്രത്തിന്റെയും കളിയോടുള്ള പ്രണയസങ്കൽപ്പത്തിന്റെയും കാൽപനികതയുടെ ആവരണമുണ്ട്. വലത്തേ ഫ്ലാങ്കിൽനിന്ന് ഒഴുകിത്തുടങ്ങി ഡി ബോക്സിന്റെ മൂലയിൽ രണ്ടോ മൂന്നോ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് അഡ്വാൻസ് ചെയ്യുന്ന ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ ചിപ്പ് ചെയ്യപ്പെടുന്ന പന്തിന് സംസാരിക്കാനുള്ളത് സ്കോർ ചെയ്യപ്പെട്ട ഗോളിന്റെ നിർണായകതയോ കളിയുടെ സ്കോർ ലൈനോ പോലുമല്ല. അത് നമ്മളോട് മൗനമായി പങ്കുവെക്കുന്നത് ഏറ്റവും സുന്ദരമായ ഒരു പ്രണയകഥയാണ്, അല്ലെങ്കിൽ ഒരു താരാട്ടുപാട്ടാണ്. തന്നെ അത്രമേൽ തീവ്രമായി പ്രണയിച്ച്, അത്രമേൽ മൃദുലമായി തഴുകി, ഒടുവിൽ ഒട്ടും വേദനിപ്പിക്കാത്ത ഒരു തലോടലിനാൽ അനശ്വരതയുടെ ചിദാകാശങ്ങളിൽ തന്നെ പ്രണയപൂർവം സ്ഥിരാങ്കമായടയാളപ്പെടുത്തുന്ന ഒരു രാജകുമാരന്റെ കഥ ആ പന്തെന്നോട് പറയാറുണ്ട്. തന്നെ ആ ഇടങ്കാൽ പ്രണയിച്ചതിനേക്കാൾ സാന്ദ്രമായി മറ്റാരും സ്പർശിച്ചിട്ടില്ലെന്ന് അതെന്നോട് മൊഴിയുന്നെന്ന് തോന്നാറുണ്ട്. എനിക്കതിനൊന്നും ഒരു തെളിവും തരാനില്ല. അയാളുടെ ഡെഫ്റ്റ് ടച്ചുകളിൽ, സ്വിഫ്റ്റ് മൂവ്മെന്റുകളിൽ അടിവയറ്റിനെ സ്പർശിക്കുന്ന ആ ശീതപ്രവാഹമാണെന്റെ അഡ്വക്കറ്റ്. ആത്യന്തികമായി അതിന്റെ ഇടവേളകളുടെ ദൈർഘ്യക്കുറവിലാണ് ഞാൻ അയാളെ എക്കാലത്തെയും ഏറ്റവും മികച്ചവനായിക്കാണുന്നത്. അയാൾ കുറിക്കുന്ന/തിരുത്തുന്ന സ്ഥിതിവിവരക്കണക്കുകളൊക്കെയും അപ്രസക്തങ്ങളാകാൻ തുടങ്ങിയിട്ട് നാളേറെയായി. അമരത്വം നേടിയവന്റെ പിറന്നാളെണ്ണം നോക്കുന്നതെന്തിന്?!
എട്ടെന്ന ഈ ബാലൻ ദ്യോർ കണക്കു പോലും, എതിരാളികൾക്ക് പൊരുതാനുള്ള ഊർജമോ വിരോധികൾക്ക് വെറുപ്പിന്റെയാഴം കൂട്ടാനുള്ള ഒരുപാധിയോ ആകുമെന്നതിനേക്കാൾ അയാളെ തരിമ്പു പോലും സ്പർശിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. അയാൾ സമകാലികരേക്കാൾ പ്രകാശവർഷങ്ങൾ ദൂരെയാണ്; അയാളുടെ ലോകത്ത് നശ്വരമായ സ്ഥിതിവിവരക്കണക്കുകൾക്ക് ഇനിയൊട്ടുമേ പ്രസക്തിയില്ല.
എന്നത്തെയും എക്കാലത്തെയും ഏറ്റവും മികച്ചവന്, ഏറ്റവും പ്രിയപ്പെട്ട കാൽപ്പന്തുകളിക്കാരന്, അത്രമേൽ പ്രണയിക്കുന്ന ഒരു മാജിക്കുകാരന്, ഒരേയൊരു ലിയോ മെസ്സിക്ക് അഭിനന്ദനങ്ങൾ...നിന്നാൽ ഉന്മാദിയാക്കപ്പെട്ട പച്ചപ്പുൽമൈതാനമാത്രകളോളം വരുമോ നീ ചൂടുന്ന ഓരോ അംഗീകാരവും നൽകുന്ന ആനന്ദം?! ഉയിരും ഉന്മാദവും നീയാൽ പകുക്കപ്പെടുന്നു പ്രിയപ്പെട്ടവനേ...വാഴ്ക ആചന്ദ്രതാരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.