‘മാർട്ടിനസ് ഇഫക്ട്’; പെനാൽറ്റി പാഴാക്കിയ അർജന്റീന താരത്തെ പരിഹസിച്ച് ബ്രസീലിയൻ ഗോൾകീപ്പർ -video
text_fieldsലോകകപ്പ് ജേതാക്കളായ ശേഷം ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്കെതിരെ പരിഹാസവുമായി രംഗത്തെത്തി വിവാദത്തിലായ താരമാണ് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ഫൈനൽ കഴിഞ്ഞയുടൻ അര്‍ജന്‍റീന ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ മാർട്ടിനസ് ആവശ്യപ്പെട്ടതും ബ്വേനസ് ഐറിസിലെ വിക്‌ടറി പരേഡിൽ എംബാപ്പെയുടെ മുഖമുള്ള പാവയെ കൈയിൽ പിടിച്ച് പങ്കെടുത്തതും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ മാർട്ടിനസ് നടത്തിയ അശ്ലീല ആംഗ്യവും ഏറെ ചർച്ചയായിരുന്നു. അർജന്റീന ഗോൾകീപ്പറുടെ അതിരുവിട്ട പരിഹാസങ്ങൾക്കെതിരെ പലരും രംഗത്തുവന്നിരുന്നു. ‘ലോകത്തിലെ ഏറ്റവും വെറുക്കപ്പെടുന്ന ഫുട്ബാളർ’ എന്നായിരുന്നു മുൻ ഫ്രഞ്ച് താരം ആദിൽ റാമി മാർട്ടിനസിനെ വിശേഷിപ്പിച്ചത്.
എന്നാൽ, മാർട്ടിനസിനെ വെല്ലുന്ന പരിഹാസവുമായി രംഗത്തെത്തിയ മറ്റൊരു ഗോൾകീപ്പറുടെ ആഘോഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. എന്നാൽ, ഇത്തവണ പരിഹാസത്തിനിരയായത് ഒരു അർജന്റീന താരമാണ്. സൗദി അറേബ്യയിലെ അൽ ഇത്തിഹാദ് ഗോൾകീപ്പറും ബ്രസീലുകാരനുമായ മാർസലൊ ഗ്രോഹി ആണ് അർജന്റീനക്കാരനും അൽ ശബാബ് താരവുമായ എവർ ബനേഗ പെനാൽറ്റി പാഴാക്കിയപ്പോൾ മുന്നിൽ വന്നുനിന്ന് പരിഹസിച്ചത്.
സൗദിയിലെ കിങ് കപ്പ് ഓഫ് ചാമ്പ്യൻസിലാണ് സംഭവം. ആദ്യമായല്ല എവർ ബനേഗ പരിഹാസത്തിനിരയാകുന്നത്. ലോകകപ്പിൽ അർജന്റീന സൗദി അറേബ്യയോട് തോറ്റതോടെ സ്വന്തം ടീം അംഗങ്ങളിൽനിന്ന് തന്നെ കളിയാക്കലുകൾക്കിരയായി. എന്നാൽ, ലോകകപ്പിൽ അർജന്റീന കപ്പടിച്ചതോടെ അവസാന ചിരി ബനേഗയുടേതായി. 2008 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ 65 മത്സരങ്ങളിൽ അർജന്റീനക്കായി ബൂട്ടണിഞ്ഞ മിഡ്ഫീൽഡൾ ആറ് ഗോളുകളും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.