‘ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ’; എമിലിയാനോ മാർട്ടിനസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഫ്രഞ്ച് താരം
text_fieldsഅർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഫ്രഞ്ച് ഡിഫൻഡർ ആദിൽ റാമി. ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനാണ് മാർട്ടിനസെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എംബാപ്പെക്കെതിരായ മാർട്ടിനസിന്റെ പ്രവൃത്തികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ മൊറോക്കോക്കാരനായ യാസീൻ ബോനുവിന് നൽകേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംബാപ്പെ അവരെ വളരെയധികം പ്രതിരോധത്തിലാക്കിയെന്നും നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് നേടിയതിലുള്ള ആഘോഷത്തേക്കാൾ ഞങ്ങളുടെ ടീമിനെതിരായ വിജയമാണ് അവർ ആഘോഷിക്കുന്നതെന്നും താരം കുറിച്ചു. 2018ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് ചാമ്പ്യന്മാരാകുമ്പോൾ ടീം അംഗമായിരുന്നു ആദിൽ റാമി.
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് കിരീടമണിഞ്ഞത് മുതൽ തുടങ്ങിയതാണ് കിലിയൻ എംബാപ്പെക്കെതിരായ അർജന്റീന താരങ്ങളുടെയും ആരാധകരുടെയും പരിഹാസം. എമിലിയാനോ മാർട്ടിനസാണ് ഇതിന് തുടക്കമിട്ടത്. ഫൈനൽ കഴിഞ്ഞയുടൻ അര്‍ജന്‍റീന ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ മാർട്ടിനസ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
ബ്വേനസ് ഐറിസിലെ വിക്‌ടറി പരേഡിലും എമിയുടെ പരിഹാസം തുടർന്നു. എംബാപ്പെയുടെ മുഖമുള്ള പാവയെ കൈയിൽ പിടിച്ച് നിൽക്കുന്ന മിർട്ടിനസിന്‍റെ ദൃശ്യം പുറത്തുവന്നു. പിന്നാലെ താരത്തിന്‍റെ ആഘോഷം അതിരുകടന്നെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി. വിജയാഹ്ലാദ പ്രകടനത്തിനിടെ ആരാധകർ എംബാപ്പെയുടെ കോലം കത്തിച്ച് അതിന് ചുറ്റും നൃത്തംവെക്കുന്ന വിഡിയോയും പുറത്തുവന്നു. താരത്തിന്‍റെ 24ാം ജന്മദിനത്തിലായിരുന്നു അർജന്‍റീന ആരാധകരുടെ രോഷപ്രകടനം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ എമിലിയാനോ മാർട്ടിനസ് നടത്തിയ അശ്ലീല ആംഗ്യം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.