ഫസ്റ്റ് കം ഫസ്റ്റ്...ടിക്കറ്റ് ടിക്കറ്റ്
text_fieldsദോഹ: ഖത്തർ ലോകകപ്പ് മത്സരങ്ങൾ ഗാലറിയിലിരുന്ന് കാണാൻ കൊതിച്ചിട്ടും ടിക്കറ്റ് ഭാഗ്യം അനുഗ്രഹിക്കാത്തവർക്ക് ഒരു ചാൻസ് കൂടി തുറന്ന് ഫിഫ. മത്സര ടിക്കറ്റുകളുടെ അടുത്തഘട്ട വിൽപനക്ക് ജൂലൈ അഞ്ചിന് ഖത്തർ സമയം ഉച്ച 12 മണിയോടെ (ഇന്ത്യൻ സമയം 2.30) തുടക്കം കുറിക്കും. ആഗസ്റ്റ് 16 വരെ നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ ആദ്യമെത്തുന്നവർക്ക് ആദ്യം (ഫസ്റ്റ് കം ഫസ്റ്റ്) എന്ന മാനദണ്ഡത്തിലായിരിക്കും ടിക്കറ്റുകൾ നൽകുന്നത്. FIFA.com/tickets എന്ന വെബ്സൈറ്റിൽ സ്വന്തം ഐഡിയിൽ ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്നവർ, ഉടൻ തന്നെ പണമടക്കുന്നതോടെ ടിക്കറ്റ് വാങ്ങൽ നടപടികൾ പൂർത്തിയാവും. ആദ്യ രണ്ടു ഘട്ടങ്ങളിലും മുൻകൂർ ബുക്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ റാൻഡം നറുക്കെടുപ്പ് പ്രകാരമായിരുന്നു ലോകകപ്പ് ടിക്കറ്റുകൾ വിറ്റത്. വിൽപനക്കായി മാറ്റിവെച്ച 20 ലക്ഷത്തോളം ടിക്കറ്റുകൾക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് 2.35 കോടിയോളം അപേക്ഷകൾ ലഭിച്ചു. ഇവർക്കായി 18 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് നൽകാൻ കഴിഞ്ഞത്.
ആദ്യ പത്തിൽ ഇന്ത്യക്കാരും
ലോകകപ്പിൽ ഇന്ത്യ എന്ന് പന്തുതട്ടുമെന്ന് ഒരു നിശ്ചയവുമില്ലെങ്കിലും ഖത്തർ ലോകകപ്പ് ഇന്ത്യൻ ആരാധകരുടെ മേളയായിരിക്കുമെന്നതിൽ രണ്ടഭിപ്രായമില്ല. മാച്ച് ടിക്കറ്റുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്ന് ഫിഫ കണക്കുകൾ പറയുന്നു. ആതിഥേയരായ ഖത്തറാണ് ടിക്കറ്റ് ആവശ്യക്കാരിൽ ഏറ്റവും മുന്നിൽ. സ്വദേശികളും, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളും ഖത്തറിൽനിന്നും ടിക്കറ്റിനായി സജീവമായി രംഗത്തുണ്ട്. കാനഡ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇന്ത്യ, സൗദി അറേബ്യ, സ്പെയിൻ, യു.എ.ഇ, അമേരിക്ക രാജ്യങ്ങളാണ് ടിക്കറ്റിനായി ആദ്യ പത്തിലുള്ളവർ. ഇവരിൽ ഇന്ത്യയും യു.എ.ഇയും ഒഴികെ ബാക്കിയെല്ലാ ടീമുകളും ലോകകപ്പിൽ മാറ്റുരക്കുന്നവരാണ്.
ടിക്കറ്റും താമസവുമായി കുറഞ്ഞ ചെലവിൽ ലോകകപ്പ് കാണാനുള്ള അവസരം ഒരുക്കിയാണ് കളിയാരാധകരെ ഖത്തർ ക്ഷണിക്കുന്നത്.ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്ക് ഖത്തർ റസിഡന്‍റിന് കാറ്റഗറി നാല് ടിക്കറ്റുകൾ 40 റിയാൽ (867 രൂപ) മുതലും, വിദേശകാണികൾക്ക് കാറ്റഗറി മൂന്ന് ടിക്കറ്റുകൾ 250 റിയാൽ (5420 രൂപ) മുതലുമാണ് വില. ഉദ്ഘാടന മത്സരം, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ മത്സര ടിക്കറ്റുകളുടെ നിരക്ക് വ്യത്യാസപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.